മെല്‍ബണ്‍: ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിലും ഇന്ത്യക്ക് തോല്‍വി. മൂന്നു വിക്കറ്റിനാണ് ഓസ്ട്രേലിയ ഇന്ത്യയെ തോല്പിച്ചത്. മെല്‍ബണില്‍ തുടക്കത്തില്‍ കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീണെങ്കിലും മധ്യനിര നടത്തിയ ശക്തമായ ചെറുത്തുനില്പാണ് ഓസ്ട്രേലിയയ്ക്ക് ജയം സമ്മാനിച്ചത്. 296 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസ്ട്രേലിയ മൂന്നുവിക്കറ്റും ഏഴു പന്തും ശേഷിക്കെ ലക്ഷ്യം മറികടന്നു. ഗ്ലെന്‍ മാക്സ്വെല്ലും ഷോണ്‍ മാര്‍ഷും അര്‍ധ സെഞ്ച്വറി നേടി. ഉമേഷ് യാദവും ഇഷാന്ത് ശര്‍മയും രവീന്ദ്ര ജഡേജയും രണ്ടു വിക്കറ്റു വീതം വീഴ്ത്തി. ഇതോടെ മൂന്നു ജയങ്ങളുമായി പരമ്പര ഓസ്ട്രേലിയ സ്വന്തമാക്കി. അഞ്ചു മത്സരങ്ങളാണ് പരമ്പരയില്‍ ഉള്ളത്.
ഓപ്പണര്‍മാരായ ഷോണ്‍ മാര്‍ഷും ആരോണ്‍ ഫിഞ്ചും ഓസീസിന് തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. എന്നാല്‍, 21 റണ്‍സെടുത്ത ഫിഞ്ചിനെ ഉമേഷ് യാദവ് മടക്കി. 23 റണ്‍സെടുത്ത ബെയ്ലിയെ ജഡേജ പുറത്താക്കിയപ്പോള്‍ മിച്ചല്‍ മാര്‍ഷ് റണ്ണൗട്ടാവുകയും ചെയ്തു. എന്നാല്‍, മധ്യ ഓവറുകളില്‍ ഗ്ലെന്‍ മാക്സ്വെല്ലിന്റെ വെടിക്കെട്ട് ബാറ്റിംഗ് ഓസീസിന് പുതുജീവന്‍ നല്കി. നായകന് സ്മിത്ത് മികച്ച പിന്തുണ നല്‍കുകയും ചെയ്തു. ഷോണ്‍ മാര്‍ഷ് 62ഉം മാക്സ്വെല് 96ഉം സ്മിത്ത് 41 ഉം റണ്‍സെടുത്ത് പുറത്തായി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ ആറുവിക്കറ്റ് നഷ്ടത്തില്‍ 295 റണ്‍സെടുത്തു. വിരാട് കോഹ്ലിയുടെ സെഞ്ചുറിയുടെ ബലത്തിലാണ് ഇന്ത്യ ഭേദപ്പെട്ട സ്കോര്‍ പടുത്തുയര്‍ത്തിയത്. 117 പന്ത് നേരിട്ട കോഹ്ലി 117 റണ്‍സ് നേടി. ഏകദിനത്തില്‍ അതിവേഗം 7000 റണ്‍സ് തികച്ചതിനുള്ള റെക്കോഡും കോഹ്ലി സ്വന്തം പേരിലാക്കി. എ ബി ഡിവില്ലിയേഴ്സിന്റെ റെക്കോഡാണ് 161 കളികളിലൂടെ കോഹ്ലി മറികടന്നത്.
ടോസ് നേടിയ ഓസ്ട്രേലിയ ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. രോഹിത് ശര്‍മയും ശിഖര്‍ ധവാനുമാണ് ഓപ്പണ്‍ ചെയ്തത്. സ്കോര്‍ പതിനഞ്ചിലെത്തിയപ്പോള് രോഹിത് ശര്‍മ വീണു. 68 റണ്‍സെടുത്ത ശിഖര്‍ ധവാന് ഇന്ത്യന്‍ സ്കോര്‍ 134-ല്‍ എത്തിയപ്പോള്‍ പുറത്തായി. അജിന്‍ക്യ രഹാനേ 50ഉം ധോണി 23 ഉം റണ്‍സ് നേടി. ഗുര്‍കീരത് സിംഗ് എട്ടും രവീന്ദ്ര ജഡേജ ആറും റിഷി ധവാന് മൂന്നും റണ്‍സ് നേടി. ജോണ്‍ ഹോസ്റ്റിംഗ്സ് നാലും കെയ്ന്‍ റിച്ചാര്ഡ്സ്ണും ഫോക്നറും ഓരോ വിക്കറ്റ് നേടി. ആദ്യ രണ്ട് ഏകദിനങ്ങളിലും ഇന്ത്യ തോറ്റിരുന്നു.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here