പാമ്പും ‘പാവാട’യും പഴുതാരയും; അനുഭവങ്ങളിലൂടെ ആസ്വാദകരമാക്കിയ ‘പാമ്പ് ജോയ്’യുടെ രണ്ടര മണിക്കൂര്‍

പാമ്പും പാവാടയും തീര്‍ക്കുന്ന പഴുതാരകളുടെ ലോകമാണ് പാവാട. മുഴുക്കുടിയന്‍മാരായ എല്ലാവരിലും ഒരു പാമ്പ് ജോയിയും പാവാട ബാബുവും കാണും. ഇവര്‍ തീര്‍ക്കുന്ന രസകരമായ സംഭവങ്ങളിലൂടെ ഏറെ സാമൂഹിക പ്രസക്തിയുള്ള കാര്യങ്ങളും ചര്‍ച്ച ചെയ്യുന്നതില്‍ പാവാട വിജയിച്ചു.

സിനിമയുടെ എല്ലാ മേഖലകളിലും ഒരു പോലെ കഴിവ് തെളിയിച്ച ചിത്രം എന്നും പാവാടയെ വിശേഷിപ്പിക്കാം. ടീസറും ട്രെയിലറും നൂറ് ദിവസം ഓടിയ സിനിമകള്‍ പലതും തീയേറ്ററില്‍ വിജിയം കാണാതിരിക്കുമ്പോഴാണ് പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമമിട്ട് പാവാട എല്ലാത്തിലും വിജയിച്ച് മുന്നേറുന്നത്. ഒറ്റ വാക്കില്‍ നല്ലൊരു സിനിമ എന്ന് മാത്രമെ പാവാടയെ കുറിച്ച് പറയാനുള്ളു. കുറച്ച് കഥാപാത്രങ്ങള്‍ സംഭവ ബഹുലമായ അനുഭവങ്ങളിലൂടെ ആസ്വാദകരമാക്കിയ രണ്ടര മണിക്കൂര്‍. ജീവിതം മറന്നുപോയ ഓട്ടത്തിനിടയില്‍ പണവും പ്രതാപവും കയ്യടക്കാനുള്ള നട്ടംതിരിയലുകള്‍ വരുത്തിവയ്ക്കുന്ന അപകടങ്ങളും ഓര്‍മപ്പെടുത്തുന്നുണ്ട് സിനിമ. സസ്‌പെന്‍സുകള്‍ നിറച്ച് കഥ കൈകാര്യം ചെയ്തതിലാണ് സിനിമയുടെ വിജയം.

PAAVADA-MOVIE-2

മലയാള സിനിമയുടെ യൗവ്വന കാലത്ത് നിറഞ്ഞുനിന്ന മണിയന്‍പിള്ള രാജുവാണ് പാവാട നിര്‍മിച്ചിരിക്കുന്നത്. മലയാള സിനിമയുടെ നല്ല കാലത്തെ ഒന്നു കൂടി ഓര്‍മപ്പെടുത്താന്‍ മണിയന്‍പിള്ള രാജു പാവാടയെ ഉപയോഗിച്ചു എന്ന് പറഞ്ഞാലും തെറ്റില്ല. എന്നു നിന്റെ മൊയ്തീനു ശേഷം പ്രേക്ഷക മനസില്‍ മറക്കാതെ നിറഞ്ഞ് നില്‍ക്കുന്ന കഥാപാത്രമാണ് പ്രിഥ്വിരാജിന്റെ പാമ്പ് ജോയി. ചിരിയും ചിന്തയും ഉണര്‍ത്തുന്ന നായക പരിവേഷം വേറിട്ട അനുഭവമായിരുന്നു. മലയാള സിനിമയുടെ ഭാവി നായകത്വം പാമ്പ് ജോയിയിലൂടെ പ്രിഥ്വരാജ് വീണ്ടും ഉറപ്പിച്ചു. അനൂപ് മേനോനാണ് സിനിമയെ മുന്നോട്ട് കൊണ്ടുപോകുന്നത്. കയ്യടക്കത്തോടെ തന്റെ കഥാപാത്രത്തെ കൈകാര്യം ചെയ്യുന്നതിലുള്ള അനൂപിന്റെ കഴിവ് പാവാടയിലും നിറഞ്ഞുനിന്നു.

ദൃശ്യത്തിന് ശേഷം നിരവധി സിനിമകള്‍ വന്നെങ്കിലും ആശ ശരത്തെന്ന നടിയെ ഒരിക്കല്‍ കൂടി കണ്ടത് പാവാടയിലായിരുന്നു. ഒരിക്കലും മനസില്‍ മായാതെ നില്‍ക്കുകയാണ് സിസിലി. കോമഡിയും വില്ലത്തരവും ഒരുപോലെ പറ്റുമെന്ന് പിന്നെയും തെളിയിച്ച് കലാഭവന്‍ ഷാജോണും മികച്ച് നില്‍ക്കുന്നു. കഥാപാത്രത്തിന്റെ വില്ലത്തരം പ്രേക്ഷകന്റെ നെഞ്ചിടിപ്പ് കൂട്ടും വിധം അവതരിപ്പിച്ച് കയ്യടി നേടുകയായിരുന്നു ഷാജോണ്‍.
നെടുമുടി വേണു, മിയ, മണിയന്‍പിള്ള രാജു, സുധീര്‍ കരമന, ചെമ്പന്‍ വിനോദ് തുടങ്ങിയവരെല്ലാം സിനിമയെ സമ്പന്നമാക്കി.

pavada-movie

ജി.മാര്‍ത്താണ്ഡന്റെ സംവിധാനവും വിപിന്‍ ചന്ദ്രന്റെയും ഷിബിന്‍ ഫ്രാന്‍സിസിന്റെയും കൂട്ടുകെട്ടില്‍ പിറന്ന രചനയും മലയാള സിനിമയ്ക്ക് പുതിയ ഭാവുകത്വം നല്‍കുന്നു. കച്ചവട സിനിമയുടെ എല്ലാ ചേരുവകളും ചേര്‍ന്ന് സിനിമയെ സമ്പുഷ്ടമാക്കാന്‍ സാധിച്ചിട്ടുണ്ട്. മുഴുക്കുടിയന്‍മാരുടെ ജീവിതത്തിന് ഒരു വിലയും ഇല്ലെന്നും അപകടങ്ങള്‍ വളരെ വലുതാണെന്നും ഏറെ തമാശകള്‍ക്ക് ശേഷം സന്ദര്‍ഭോജിതമായി നമുക്ക് മനസിലാക്കി തരുന്നതില്‍ സിനിമ പൂര്‍ണ വിജയം കണ്ടു. അതേസമയം, ആദ്യാവസാനം വരെ സസ്‌പെന്‍സ് നിലനിര്‍ത്തി പ്രേക്ഷകനെ പിടിച്ചിരുത്താനുള്ള മാസ്മരികതയും ഇവര്‍ സിനിമ ലോകത്തിന് കാഴ്ചവെച്ചു. ലളിതമായ ആവിഷ്‌കാരത്തില്‍ സിനിമയെ എങ്ങിനെ മികച്ചതാക്കാമെന്നതിന് നല്ലൊരു ഉദാഹരണം കൂടിയാണ് പാവാട.

പലയിടങ്ങളിലായി ജീവിതത്തിലെ പഴുതാരകളെ പച്ചയ്ക്ക് കാണിച്ചുതരുകയായിരുന്നു പാമ്പും പാവാടയും. കഥയുടെ സത്ത പ്രേക്ഷകനില്‍ എത്തിക്കാനുതകുന്ന ഗോപി സുന്ദറിന്റെ സംഗിതവും ശ്രദ്ധേയമാണ്. സിനിമ കാണുന്ന പ്രേക്ഷകന്‍ തന്റെ മനസില്‍ ഊഹിച്ചെടുക്കുന്ന ക്ലൈമാക്‌സ് രംഗങ്ങളെല്ലാം പൊളിച്ചെഴുതി ആര്‍ക്കും ഊഹിക്കാന്‍ ഇടം നല്‍കാതെയാണ് പാവാട മുന്നേറുന്നത്. ഓരോ സീനിലും അത്ഭുതങ്ങള്‍ നിറച്ചിരിക്കുന്നു.

കോമഡി, ത്രില്ലര്‍, കുടുംബസിനിമ എന്നീ മൂന്നു ഗണത്തിലും പെടുത്താവുന്ന പാവാട പലതിന്റെയും ചൂണ്ടുപലക കൂടിയാണ്. ഒട്ടും ബന്ധമില്ലാത്ത പലതും കണ്ണിചേരുമ്പോള്‍ മാത്രമാണ് പ്രേക്ഷകന്‍ പാവാടയെ അറിയുന്നതും പഴുതാരകളെ മനസിലാക്കുന്നതും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News