സിറിയയില്‍ വീണ്ടും കണ്ണില്‍ ചോരയില്ലാത്ത ഐഎസ് കൂട്ടക്കുരുതി; സ്ത്രീകളും കുട്ടികളും അടക്കം 300 പേരെ കഴുത്തറുത്തു കൊന്നു; 400 പേരെ തട്ടിക്കൊണ്ടു പോയി

ദമാസ്‌കസ്: സിറിയയില്‍ വീണ്ടും കണ്ണില്‍ ചോരയില്ലാത്ത ഇസ്ലാമിക് സ്‌റ്റേറ്റ് കൂട്ടക്കുരുതി. സ്ത്രീകളും കുട്ടികളും മുതിര്‍ന്നവരും അടക്കം 300 പേരെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ തലയറുത്തു കൊന്നു. സര്‍ക്കാര്‍ അനുകൂല മേഖലയായ ദേര്‍ അല്‍ സോര്‍ നഗരത്തിലാണ് ഐഎസിന്റെ കൊടുംക്രൂരത അരങ്ങേറിയത്. സര്‍ക്കാര്‍ അനുകൂലികളെയും അവരുടെ കുടുംബാംഗങ്ങളെയുമാണ് ഐഎസ് ഭീകരര്‍ ശിരച്ഛേദം ചെയ്ത് കൊലപ്പെടുത്തിയത്. സിറിയന്‍ സൈന്യവുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്ന് ആരോപിച്ചാണ് ഐഎസ് ഭീകരരുടെ ഈ കൂട്ടകൊല.

സിറിയയിലെ മനുഷ്യാവകാശ സംഘടനകളും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ചാവേര്‍ ആക്രമണത്തിലൂടെ സൈന്യത്തെ പിന്തിരിപ്പിച്ച ശേഷമാണ് ഭീകരര്‍ നഗരത്തില്‍ കടന്നത്. ടാങ്കുകളടക്കം സൈന്യത്തിന്റെ ആയുധശേഖരം പിടിച്ചെടുത്തയും ഐഎസ് ഭീകരര്‍ സമൂഹ മാധ്യമങ്ങളിലൂടെ അവകാശപ്പെട്ടു. നഗരം പിടിച്ചെടുത്ത ശേഷമാണ് ഇവിടെ നിന്ന് 400 പേരെ തട്ടിക്കൊണ്ടു പോയത്. തട്ടിക്കൊണ്ടു പോകപ്പെട്ടവരില്‍ ഭൂരിഭാഗവും സുന്നികളാണ്. കുട്ടികളും സ്ത്രീകളും ഇതില്‍ ഉള്‍പ്പെടുന്നു. ഇവരെ ഐഎസിന്റെ നിയന്ത്രണത്തിലുള്ള മറ്റു പ്രദേശങ്ങളിലേക്ക് മാറ്റി.

അതേസമയം, സൈന്യം നടത്തിയ ശക്തമായ തിരിച്ചടിയില്‍ നിരവധി ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here