ബഹിരാകാശത്തു പുഷ്പം വിരിയിച്ച് ശാസ്ത്രജ്ഞര്‍; രാജ്യാന്തര ബഹിരാകാശ കേന്ദ്രത്തില്‍ വിരിഞ്ഞത് അമേരിക്കയില്‍ കാണുന്ന സീനിയ പുഷ്പം

ഫ്‌ളോറിഡ: അങ്ങനെ അവസാനം അതും സംഭവിച്ചു. ബഹിരാകാശത്തു പുഷ്പം വിരിയിച്ച് ബഹിരാകാശ ശാസ്ത്രജ്ഞര്‍ ചരിത്രം കുറിച്ചു. രാജ്യാന്തര ബഹിരാകാശ കേന്ദ്രത്തിലെ വെജ്ജീ ലാബിലാണ് സീനിയ എന്ന പുഷ്പം വിരിഞ്ഞത്. പുഷ്പത്തിന്റെ ചിത്രങ്ങള്‍ ബഹിരാകാശ കേന്ദ്രത്തിലെ ശാസ്ത്രജ്ഞന്‍ സ്‌കോട്ട് കെല്ലി ട്വീറ്റ് ചെയ്തു. പരീക്ഷണം വിജയിച്ചതോടെ ഭൗമാന്തരീക്ഷത്തിനു പുറത്തു വിരിയുന്ന സസ്യമായി സീനിയ മാറി.

തെക്കുപടിഞ്ഞാറന്‍ അമേരിക്കയില്‍ പൊതുവേ കാണപ്പെടുന്ന പുഷ്പമാണ് സീനിയ മൈക്രോഗ്രാവിറ്റിയില്‍ എങ്ങനെയാണ് സസ്യജാലങ്ങള്‍ വളരുക എന്നു പഠിക്കുന്നതിന്റെ ഭാഗമാണ് സീനിയ പുഷ്പത്തെ വിരിയിച്ചത്. മറ്റൊരു പരീക്ഷണത്തിന്റെ ഭാഗമായി കാബേജും വിരിയിക്കുന്നുണ്ട്. 2014-ലാണ് ബഹിരാകാശ കേന്ദ്രത്തില്‍ വെജ്ജീ ലാബ് സജ്ജീകരിച്ചത്. സീനിയ പുഷ്പിച്ചതോടെ ഭൗമാന്തരീക്ഷത്തിനു പുറത്ത് എങ്ങനെ സസ്യജാലങ്ങളെ വളര്‍ത്താമെന്ന കാര്യത്തില്‍ നിര്‍ണായ മുന്നേറ്റമുണ്ടായതായാണു വിലയിരുത്തല്‍. തക്കാളി പോലുള്ള പഴങ്ങള്‍ വിളയിക്കാനാണ് ബഹിരാകാശ പര്യവേക്ഷകരുടെ അടുത്ത പദ്ധതി.

ചുവപ്പ്, നീല, പച്ച നിറങ്ങളിലെ എല്‍ഇഡി ലൈറ്റുകള്‍ ഉപയോഗിച്ചാണ് പ്രകാശ സംശ്ലേഷണത്തിനാവശ്യമായ സൂര്യപ്രകാശത്തിന് സമാനമായ സാഹചര്യം ശാസ്ത്രജ്ഞര്‍ ബഹിരാകാശ കേന്ദ്രത്തില്‍ സൃഷ്ടിച്ചത്. ഭൂമിയില്‍ വിരിയുന്നതിനു സമാനമാണ് ബഹിരാകാശ കേന്ദ്രത്തില്‍ വിരിഞ്ഞ സീനിയ. ഗുരുത്വാകര്‍ഷണമില്ലാത്തതിനാല്‍ ദളങ്ങള്‍ വളഞ്ഞിട്ടില്ലെന്നതുമാത്രമാണ് വ്യത്യാസം. ഇത്തരത്തില്‍ പഴങ്ങളും മറ്റും വിളയിച്ചെടുക്കാനാവുകയാണെങ്കില്‍ ബഹിരാകാശ പര്യവേക്ഷണത്തിലേര്‍പ്പെടുന്നവര്‍ക്കു ബഹിരാകാശ കേന്ദ്രത്തില്‍തന്നെ ഭക്ഷണം തയാറാക്കാന്‍ കഴിയുന്ന കാലം വരുമെന്നാണ് നാസയുടെ പ്രതീക്ഷ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News