ഓവര്‍ഡോസ് മരുന്നു കഴിച്ചു 30-ല്‍ അധികം രോഗികള്‍ മരിച്ചു; മരുന്നു കുറിച്ചു നല്‍കിയ ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ അമേരിക്കയില്‍ അറസ്റ്റില്‍; പിടിയിലായത് മരണ ഡോക്ടര്‍ എന്ന് കുപ്രസിദ്ധനായ ഡോക്ടര്‍

ന്യൂയോര്‍ക്ക്: മരണ ഡോക്ടര്‍ എന്ന പേരില്‍ അമേരിക്കയില്‍ കുപ്രസിദ്ധനായ ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ അറസ്റ്റില്‍. അമിതമായ ഡോസില്‍ കുറിച്ചു നല്‍കിയ മരുന്നു കഴിച്ചു രോഗികള്‍ മരിച്ച സംഭവവുമായി ബന്ധപ്പെട്ടാണ് ഇയാളെ അറസ്റ്റു ചെയ്തത്. ഡോക്ടര്‍ ഡെത്ത് കുറിച്ചു നല്‍കിയ മരുന്നു കഴിച്ച് 36 പേരാണ് മരിച്ചത്. ഇതില്‍ 12 പേരും ഓവര്‍ഡോസില്‍ മരുന്നു കഴിച്ചതു കൊണ്ടായിരുന്നു. ജോര്‍ജിയയിലെ ക്ലേടണ്‍ കൗണ്ടിയില്‍ സൈക്യാട്രിസ്റ്റായ നരേന്ദ്ര നാഗറെഡ്ഡിയാണ് അറസ്റ്റിലായത്. ഇയാള്‍ ഒരു മരുന്നു ഫാക്ടറി തന്നെ നടത്തിയിരുന്നതായും അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തി.

40 ഓളം വരുന്ന ഫെഡറല്‍-പ്രാദേശിക ഏജന്‍സികള്‍ നാഗറെഡ്ഡിയുടെ ഓഫീസുകള്‍ റെയ്ഡ് ചെയ്തതിനു ശേഷം ഇയാളെ വീട്ടിലെത്തി അറസ്റ്റു ചെയ്യുകയായിരുന്നു. ജോണ്‍സബറോയില്‍ സൈക്യാട്രിസ്റ്റായ ഇയാള്‍ ഓവര്‍ഡോസിലാണ് മരുന്നു കുറിച്ചു നല്‍കിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മരിക്കുന്ന രോഗികളുടെ എണ്ണം വര്‍ധിച്ചതായും പൊലീസ് അറിയിച്ചു. ഇതേതുടര്‍ന്ന് ഡ്രഗ് എന്‍ഫോഴ്‌സ്‌മെന്റ് അഡ്മിനിസ്‌ട്രേഷന്‍, ക്ലേടണ്‍ കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോണി ഓഫീസ്, ക്ലേടണ്‍ പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റ് എന്നിവിടങ്ങളില്‍ നിന്നുള്ള ഏജന്റുമാര്‍ അറസ്റ്റ് വാറണ്ട് സഹിതമാണ് റെയ്ഡിനെത്തിയത്.

സൈക്യാട്രിക്കു പുറത്തുള്ള മരുന്നുകള്‍ കുറിച്ചു കൊടുത്തതിനാണ് കേസ്. ഒപ്പം ഓവര്‍ഡോസില്‍ മരുന്നു കുറിച്ചു നല്‍കിയതിനും. 36 പേരാണ് മരിച്ചത്. ഇതില്‍ 12 പേരുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പരിശോധിച്ചതില്‍ നിന്നും അമിത ഡോസില്‍ മരുന്നു കഴിച്ച് ഉന്‍മാദാവസ്ഥയിലായതിനാലാണ് മരണം സംഭവിച്ചതെന്നും പൊലീസ് സ്ഥിരീകരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here