വെള്ളാപ്പള്ളിയുടെ പാര്‍ട്ടി രൂപീകരണത്തിന് പിന്നില്‍ ആര്‍എസ്എസിന്റെ പണമെന്ന് പിണറായി;വെള്ളാപ്പള്ളി എസ്എന്‍ഡിപിയുടെ കൊടി പിടിക്കാതെ ആര്‍എസ്എസിന്റെ കൊടി പിടിക്കണം

കണ്ണൂര്‍: മതനിരപേക്ഷതയ്ക്ക് എതിരായ നീക്കങ്ങളെ നിസാരമായി കാണാന്‍ സാധിക്കില്ലെന്ന് സിപിഐഎം പിബി അംഗം പിണറായി വിജയന്‍. വെള്ളാപ്പള്ളി നടേശന്റെ ബിഡിജെഎസിന്റെ രൂപീകരണത്തിന്റെ പിന്നില്‍ ആര്‍എസ്എസിന്റെ പണമാണെന്നും ആര്‍എസ്എസ് നല്‍കിയ വാഗ്ദാനങ്ങള്‍ എന്തെല്ലാമാണെന്ന് വെള്ളാപ്പള്ളി വെളിപ്പെടുത്തണമെന്നും പിണറായി ആവശ്യപ്പെട്ടു. നവകേരള മാര്‍ച്ചിന്റെ ഭാഗമായി മട്ടന്നൂരില്‍ വാര്‍ത്താസമ്മേളനം നടത്തുകയായിരുന്നു പിണറായി.

വെള്ളാപ്പള്ളിയുടെ പാര്‍ട്ടിയുടെ രൂപീകരണം മുതലേ പല ചര്‍ച്ചകളും നടന്നതായി കേട്ടിരുന്നു. ഇപ്പോള്‍ പുതിയ പാര്‍ട്ടിയുടെ നേതാവിനെ കേന്ദ്ര മന്ത്രിസഭയിലെടുക്കുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകളാണ് നടക്കുന്നത്. അതിലൂടെ എന്‍എന്‍ഡിപിയെ ആര്‍എസ്എസിന്റെ ഭാഗമാക്കാനാണ് വെള്ളാപ്പള്ളി ശ്രമിക്കുന്നത്. സംഘപരിവാറിന്റ കൊടി പിടിക്കുന്നവര്‍ക്ക് എസ്എന്‍ഡിപിയുടെ കൊടി പിടിക്കാന്‍ അവകാശമില്ല. വെള്ളാപ്പള്ളിയും തുഷാര്‍ വെള്ളാപ്പള്ളിയും എസ്എന്‍ഡിപിയുടെ കൊടി താഴെ വച്ച് ആര്‍എസ്എസിന്റെ കൊടി പിടിക്കണമെന്നും പിണറായി ആവശ്യപ്പെട്ടു.

വര്‍ഗീയമായ ചേരിതിരിവാണ് ആര്‍എസ്എസിന്റെ ലക്ഷ്യം. ആക്രമണങ്ങള്‍ വ്യാപിപ്പിക്കാന്‍ മോഹന്‍ ഭാഗവതിന്റെ നിര്‍ദേശപ്രകാരം ആര്‍എസ്എസ് ആഹ്വാനമുണ്ടെന്നും പിണറായി പറഞ്ഞു. സംഘപരിവാര്‍ മറ്റിടങ്ങളില്‍ നടപ്പാക്കുന്ന വര്‍ഗീയ ആക്രമണങ്ങള്‍ കേരളത്തിലും നടപ്പാക്കി തുടങ്ങി. മോഹന്‍ ഭാഗവത് കേരളം സന്ദര്‍ശിക്കുന്നത് ആഴ്ചകളോളം തങ്ങുന്നതും സംഘപരിവാര്‍ നയങ്ങള്‍ നടപ്പാക്കിയെടുക്കാനാണ്.

വികസനകാര്യത്തില്‍ കണ്ണൂരിനെ സംബന്ധിച്ച് പ്രധാനം വിമാനത്താവളമാാണ്. ചില പ്രഖ്യാപനങ്ങള്‍ നടത്തി കണ്ണില്‍ പൊടിയിടുന്നതല്ലാതെ മറ്റൊന്നും യുഡിഎഫ് സര്‍ക്കാര്‍ ചെയ്യുന്നില്ല. കൂടാതെ അഴിക്കല്‍ തുറമുഖം, ഏഴിമല നാവിക താവളം, കണ്ണൂര്‍ സര്‍വ്വകലാശാല എന്നിവയുടെ വികസനവും കണ്ണൂരിന്റെ മുഖ്യപരിഗണനാവിഷയങ്ങളാണ്. അവ കാലതാമസം കൂടാതെ നടപ്പാക്കുകയാണ് വേണ്ടതെന്നും പിണറായി പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News