ദളിത് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ; കേന്ദ്രമന്ത്രിക്കും സര്‍വകലാശാല വിസിക്കുമെതിരെ കേസ്; ക്യാമ്പസില്‍ നിരോധനാജ്ഞ

ഹൈദരാബാദ്: ദളിത് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഹൈദരാബാദ് സര്‍വകലാശാല വിസിക്കും കേന്ദ്രമന്ത്രി ബന്ദാരു ദത്താത്രേയയ്ക്കുമെതിരെ കേസ്. ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി പട്ടികജാതി, പട്ടിക വര്‍ഗ നിയമപ്രകാരമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

ദളിത് വിദ്യാര്‍ത്ഥികള്‍ക്കെതിരായ അതിക്രമവുമായി ബന്ധപ്പെട്ട് അധികൃതര്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധത്തിലായിരുന്നു. മരിച്ച രോഹിത്തിന്റെ മൃതദേഹവും വച്ചായിരുന്നു പ്രതിഷേധസമരം.

സംഘര്‍ഷാവസ്ഥ തുടര്‍ന്നതോടെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പൊലീസ് ലാത്തി വീശി. മലയാളി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 10 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഇവരെ പിന്നീട് വിട്ടയച്ചു. തുടര്‍ന്ന് മൃതദേഹം പിടിച്ചെടുത്ത പൊലീസ് സെക്കന്ദരാബാദ് ഗാന്ധി മെഡിക്കല്‍ കോളേജിലേക്ക് പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോയി. കാമ്പസില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.

വിദ്യാര്‍ത്ഥി സംഘടനകള്‍ തമ്മിലുള്ള സംഘര്‍ഷത്തെ തുടര്‍ന്ന് അഞ്ച് ദളിത് വിദ്യാര്‍ത്ഥികളെ സര്‍വ്വകലാശാല സസ്‌പെന്‍ഡ് ചെയ്തിരുന്നു. സസ്‌പെന്‍ഡ് ചെയ്യപ്പെട്ട അഞ്ചു വിദ്യാര്‍ത്ഥികളില്‍ ഒരാളായിരുന്നു രോഹിത്. ഹോസ്റ്റല്‍ മുറിയിലാണ് രോഹിതിന്റെ മൃതദേഹം കണ്ടെത്തിയത്. വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയില്‍ രാജ്യവ്യാപക പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് എസ്എഫ്‌ഐ കേന്ദ്ര നേതൃത്വം അറിയിച്ചു.

സര്‍വകലാശാലയില്‍ രാഷ്ട്രമീമാംസയില്‍ ഗവേഷക വിദ്യാര്‍ത്ഥിയായിരുന്നു രോഹിത് വെമ. ഗുണ്ടുര്‍ സ്വദേശിയാണ് രോഹിത്. രോഹിതില്‍ നിന്ന് ആത്മഹത്യാ കുറിപ്പു കണ്ടെത്തിയിട്ടുണ്ട്. അന്വേഷണം പുരോഗമിച്ചു വരുകയാണെന്ന് പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News