ഐപിഎല്‍ വാതുവയ്പ്പ്; അജിത് ചാന്ദിലയ്ക്ക് ആജീവനാന്ത വിലക്ക്; ഹികേന്‍ ഷായ്ക്ക് അഞ്ചു വര്‍ഷം

ദില്ലി: ഐപിഎല്‍ വാതുവയ്പ്പ് കേസില്‍ രാജസ്ഥാന്‍ റോയല്‍സ് താരം അജിത് ചാന്ദിലയ്ക്കും ഹികേന്‍ ഷാക്കും വിലക്ക്. ചാന്ദിലയ്ക്ക് ആജീവനാന്ത വിലക്കാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഹികേന്‍ ഷാക്ക് അഞ്ചു വര്‍ഷത്തെ വിലക്കും വിധിച്ചു. ബിസിസിഐ അച്ചടക്ക സമിതിയുടേതാണ് നടപടി. ഇരുവരോടും അച്ചടക്ക സമിതി തങ്ങള്‍ക്കെതിരായ കുറ്റാരോപണങ്ങള്‍ക്ക് മറുപടി എഴുതി നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു. ജനുവരി 4 വരെ സമയം അനുവദിക്കുകയും ചെയ്തു. ജനുവരി 5-ന് ഹികേന്‍ ഷാ സമിതി മുമ്പാകെ ഹാജരാകുകയും വിശദീകരണം എഴുതി നല്‍കുകയും ചെയ്തു.

ബിസിസിഐ അഴിമതി വിരുദ്ധ നിയമം ആര്‍ട്ടിക്കിള്‍ 2.1.1, 2.1.2, 2.1.3, 2.1.4 പ്രകാരമാണ് ചാന്ദിലയ്‌ക്കെതിരെ കേസെടുത്തിട്ടുള്ളത്. ആജീവനാന്ത കാലം ക്രിക്കറ്റിലെ ഏതു ഫോര്‍മാറ്റില്‍ പങ്കെടുക്കുന്നതിനും സഹകരിക്കുന്നതിനും ചാന്ദിലയ്ക്ക് വിലക്കേര്‍പ്പെടുത്തിയതായി ബിസിസിഐ പ്രസ്താവനയില്‍ അറിയിച്ചു. 2013-ല്‍ഐപിഎല്‍ ഏഴാം സീസണില്‍ ഒത്തുകളിച്ചതിനെ തുടര്‍ന്നാണ് രാജസ്ഥാന്‍ റോയല്‍സ് താരമായിരുന്ന അജിത് ചാന്ദിലയെ പൊലീസ് അറസ്റ്റു ചെയ്തത്.

ഹികേന്‍ ഷായെ ഒത്തുകളിക്കാന്‍ പ്രേരിപ്പിച്ച് ഷായുടെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ഒരു സുഹൃത്താണ് സമീപിച്ചത്. സംഭവം ഷാ സ്വന്തം ടീമിനെ അറിയിക്കുകയും പരാതി ബിസിസിഐയുടെ അഴിമതി വിരുദ്ധ വിഭാഗത്തിന് കൈമാറുകയും ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here