ഒത്തുകളി വിവാദം ടെന്നീസിലും; മുന്‍നിര താരങ്ങള്‍ക്കും പങ്കെന്ന് റിപ്പോര്‍ട്ടുകള്‍; ഒത്തുകളിക്കാന്‍ തന്നെ സമീപിച്ചെന്ന് ജോകോവിച്ച്

ലണ്ടന്‍: ക്രിക്കറ്റിനു പിന്നാലെ ടെന്നീസ് കോര്‍ട്ടിനെയും പിടിച്ചുലച്ച് ഒത്തുകളി വിവാദം. ഗ്രാന്‍ഡ്സ്ലാം ജേതാക്കള്‍ അടക്കം മുന്‍നിര താരങ്ങളും ഒത്തുകളിയില്‍ പങ്കെടുത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം ബിബിസിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ 50 റാങ്കിനിടയിലുള്ള 16 കളിക്കാര്‍ നിരന്തരം ഒത്തുകളിയില്‍ ഏര്‍പ്പെട്ടെന്നാണ് വാര്‍ത്ത. ഒത്തുകളിയെ കുറിച്ച് അന്വേഷിക്കുന്ന അഴിമതി വിരുദ്ധ സമിതിയുടെ ചില ഫയലുകള്‍ ചോര്‍ന്നതോടെയാണ് ടെന്നീസിലെ ഒത്തുകളിയെ കുറിച്ച് വാര്‍ത്തകള്‍ പുറത്ത് വന്നത്.

റഷ്യ, ഇറ്റലി എന്നീ രാജ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് ഒത്തുകളി നടന്നത്. ആരോപണ വിധേയരായവര്‍ ഇപ്പോഴും ഈ രംഗത്ത് തുടരുന്നതായും രേഖകള്‍ സൂചിപ്പിക്കുന്നു. ആരോപണത്തെ തുടര്‍ന്ന് 2007-ല്‍ അസോസിയേഷന്‍ ഓഫ് ടെന്നീസ് പ്രൊഫഷണല്‍സ് (എടിപി) അന്വേഷണം പ്രഖ്യാപിച്ചു. ഇതേതുടര്‍ന്ന് ടെന്നീസ് ഇന്റഗ്രിറ്റി യൂണിറ്റ് നടത്തിയ അന്വേഷണത്തിലും ഒത്തുകളി കണ്ടെത്തിയതായി സൂചനയുണ്ട്. നിക്കോളെ ഡാവ്‌ഡെങ്കോ-മാര്‍ട്ടിന്‍ വാസല്ലോ മത്സരത്തില്‍ ഒത്തുകളി നടന്നതായി കണ്ടെത്തി. വിശദമായി അന്വേഷിച്ചപ്പോഴാണ് പ്രമുഖര്‍ അടക്കം ഒത്തുകളിയില്‍ ഉള്‍പ്പെട്ടതായി കണ്ടെത്തിയത്.

വാതുവെപ്പ് നടത്തുന്നവര്‍ കളിക്കാരുമായി ഹോട്ടല്‍ മുറികളില്‍ വച്ച് രഹസ്യ കൂടിക്കാഴ്ച നടത്താറുണ്ടെന്നും പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. 73,000 യുഎസ് ഡോളര്‍ വരെ ഒത്തുകളിക്ക് പ്രതിഫലമായി നല്‍കാറുണ്ട്. ആദ്യ സെറ്റുകളിലാണ് പ്രധാനമായും ഒത്തുകളി നടക്കാറുള്ളത്. കഴിഞ്ഞ ആഴ്ച ബ്രിട്ടീഷ് താരമായ ആന്‍ഡി മുറെ ടെന്നീസില്‍ ഒത്തുകളി നടക്കാറുണ്ടെന്ന ആരോപണം ഉന്നയിച്ചിരുന്നു. ടെന്നീസില്‍ ഒത്തുകളി നടക്കാറുണ്ടെന്ന് എല്ലാവര്‍ക്കും അറിയാമെന്നായിരുന്നു മുറെയുടെ ട്വീറ്റ്. എന്നീല്‍ മറ്റു താരങ്ങള്‍ ഇതിനെതിരെ രംഗത്തെത്തി. മുറെയുടെ ആരോപണം ശരിയാണെന്ന് തെളിയിക്കുന്നതാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

അതിനിടെ ഒത്തുകളിക്കാന്‍ തന്നെയും സമീപിച്ചിരുന്നെന്ന ആരോപണവുമായി ലോക ഒന്നാം നമ്പര്‍ നൊവാക് ജോക്കോവിച്ച് രംഗത്തെത്തി. 2007-ലാണ് തന്നെ സമീപിച്ചതെന്നും എന്നാല്‍ നേരിട്ടായിരുന്നില്ലെന്നും ജോക്കോവിച്ച് വെളിപ്പെടുത്തി. തന്റെ കൂടെയുള്ള ആളുകളെ ഉപയോഗിച്ചാണ് തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചതെന്നും ജോക്കോവിച്ച് വെളിപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News