12 പന്തില്‍ അതിവേഗ അര്‍ധസെഞ്ച്വറി; ക്രിസ് ഗെയ്ല്‍ യുവരാജ് സിംഗിന്റെ റെക്കോര്‍ഡിനൊപ്പം

മെല്‍ബണ്‍: കുട്ടിക്രിക്കറ്റിലെ അതിവേഗ അര്‍ധസെഞ്ച്വറിയുടെ റെക്കോര്‍ഡ് യുവരാജ് സിംഗിനൊപ്പം പങ്കിട്ട് ക്രിസ് ഗെയ്ല്‍. ബിഗ്ബാഷ് ലീഗില്‍ മെല്‍ബണ്‍ റെനഗേയ്ഡ്‌സിനു വേണ്ടിയാണ് ഗെയ്‌ലിന്റെ റെക്കോര്‍ഡ് പ്രകടനം. 12 പന്തില്‍ നിന്നാണ് ഗെയ്ല്‍ അര്‍ധസെഞ്ച്വറി കുറിച്ചത്. അഡലെയ്ഡ് സ്‌ട്രൈക്കേഴ്‌സിനെതിരെയാണ് ഗെയ്ല്‍ കൊടുങ്കാറ്റായത്. ഏഴു സിക്‌സറുകളും രണ്ട് ഫോറും അടങ്ങിയതായിരുന്നു ഗെയ്‌ലിന്റെ ഇന്നിംഗ്‌സ്. 12 പന്തില്‍ 51 റണ്‍സെടുത്ത ഗെയ്ല്‍, 17 പന്തില്‍ 56 റണ്‍സെടുത്ത് പുറത്തായി. ബിഗ്ബാഷ് ലീഗിലെ അതിവേഗ അര്‍ധസെഞ്ച്വറിയാണ് ഗെയ്ല്‍ കുറിച്ചത്.

യുവരാജ് സിംഗ് 9 വര്‍ഷം മുമ്പ് സ്ഥാപിച്ച റെക്കോര്‍ഡിനൊപ്പമാണ് ഗെയ്‌ലിന്റെ ഈ നേട്ടം. അന്നു ട്വന്റി-20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു യുവരാജിന്റെ നേട്ടം. അന്നു സ്റ്റുവര്‍ട്ട് ബ്രോഡിനെ ഒരോവറില്‍ ആറു സിക്‌സര്‍ പറത്തിയ യുവി, 12 പന്തില്‍ നിന്ന് 50 റണ്‍ തികച്ചു. മൂന്ന് ബൗണ്ടറികളും യുവിയുടെ ഇന്നിംഗ്‌സില്‍ ഉള്‍പ്പെട്ടിരുന്നു. അന്ന് യുവി ഒരോവറില്‍ ആറു പന്തും സിക്‌സറിന് പറത്തിയപ്പോള്‍ ഇന്ന് ഗെയ്ല്‍ ഒരോവറില്‍ നാലു സിക്‌സര്‍ അടിച്ചു.

നിലവില്‍ ട്വന്റി-20യിലെ അതിവേഗ സെഞ്ച്വറിയുടെ റെക്കോര്‍ഡ് ഗെയ്‌ലിന്റെ പേരിലാണ്. 2013 ഐപിഎല്‍ സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗളൂരിനു വേണ്ടി അന്ന് 30 പന്തില്‍ നിന്നാണ് ഗെയ്ല്‍ സെഞ്ച്വറി തികച്ചത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here