കൗമാര കലാവസന്തത്തിന് കേളികൊട്ടുയര്‍ന്നു; സാംസ്‌കാരിക പാരമ്പര്യം വിളിച്ചോതി ഘോഷയാത്ര

തിരുവനന്തപുരം: 56ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തിരിതെളിഞ്ഞു. പുത്തരിക്കണ്ടം മൈതാനിയിലെ പ്രധാന വേദിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കലോത്സവം ഉദ്ഘാടനം ചെയ്തു. മന്ത്രി പി.കെ അബ്ദു റബ്ബാണ് കലാമത്സരങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നത്. മന്ത്രിമാര്‍, എംഎല്‍എമാരുള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. പ്രശസ്ത സംവിധായകന്‍ ജയരാജ് മുഖ്യാതിഥി ആയിരുന്നു.

19 വേദികളിലായി 232 ഇനങ്ങളിലായി പന്ത്രണ്ടായിരത്തോളം പ്രതിഭകളാണ് കലോത്സവത്തില്‍ മാറ്റുരയ്ക്കുന്നത്. ആദ്യ ദിനം 13 വേദികളില്‍ മത്സരം നടക്കും. തലസ്ഥാന നഗരത്തിന്റെ സാംസ്‌കാരിക പാരമ്പര്യം വിളിച്ചോതുന്ന കലാസാംസ്‌കാരിക ഘോഷയാത്രയോടെയാണ് കലാമാമാങ്കത്തിന് കേളികൊട്ടുയരുന്നത്. ഉച്ചയ്ക്ക് ആരംഭിച്ച സാംസ്‌കാരിക ഘോഷയാത്ര മുഖ്യവേദിയായ പുത്തരിക്കണ്ടത്ത് സമാപിച്ചു.

youth-festival-2

സൂര്യന്‍ പടിഞ്ഞാറു ചായുന്നതോടെ വേദികള്‍ സജീവമാകും. കൗമാര കുസുമങ്ങള്‍ വേദികളില്‍ നിറഞ്ഞാടും. ഇനിയുള്ള ഒരാഴ്ചക്കാലം അനന്തപുരിയില്‍ നിറഞ്ഞു കേള്‍ക്കുക കൗമാരകലയുടെ നൂപുരധ്വനികളാകും.

ഉദ്ഘാടനം കഴിഞ്ഞ ഉടന്‍ ഒന്നാം വേദിയില്‍ ഹൈസ്‌കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ മോഹിനിയാട്ടം മത്സരമാണ് ആദ്യം നടക്കുക. ആദ്യദിനം 13 വേദികളിലാണ് മത്സരം നടക്കുന്നത്. മൂന്ന് വര്‍ഷം വിധികര്‍ത്താക്കളായവരെ ഒഴിവാക്കിയാണ് ഇത്തവണ വിധിനിര്‍ണയത്തിനുള്ളവരുടെ പാനല്‍ തയാറാക്കിയത്. ആക്ഷേപങ്ങളെ തുടര്‍ന്ന് വിധികര്‍ത്താക്കളെ വിജിലന്‍സിന്റെ നേതൃത്വത്തില്‍ നിരീക്ഷിക്കും. പൂര്‍ണമായും പ്ലാസ്റ്റിക് വിമുക്തമായ കലോത്സവമാണ് നടത്തുന്നത്. അപ്പീലുകളുടെ എണ്ണം പരമാവധി കുറയ്ക്കാനുള്ള നടപടികള്‍ പൊതുവിദ്യാഭ്യാസ ഡയരക്ടറുടെ നേതൃത്വത്തില്‍ സ്വീകരിച്ചിട്ടുണ്ട്. തൈക്കാട് പൊലീസ് ഗ്രൗണ്ടിലൊരുക്കിയ ഭക്ഷണപ്പന്തലിന്റെയും ഊട്ടുപുരയുടെയും അമരത്ത് ഇത്തവണയും പഴയിടം മോഹനന്‍ നമ്പൂതിരിയാണ്. ഒരേസമയം മൂവായിരം പേര്‍ക്ക് ഭക്ഷണം കഴിക്കാനുള്ള പന്തലാണ് ഒരുക്കിയത്.

നഗരത്തിലെ 13 സ്‌കൂളുകളിലാണ് കലോത്സവത്തിനെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് താമസ സൗകര്യം ഒരുക്കിയത്. കലോത്സവ വേദിയിലും താമസ സ്ഥലങ്ങളിലും വിദ്യാര്‍ത്ഥികള്‍ക്ക് വൈദ്യസഹായവും ലഭ്യമാക്കുന്നുണ്ട്. കലോത്സവം പൊതുജനങ്ങളില്‍ എത്തിക്കാന്‍ ഐ.ടി അറ്റ് സ്‌കൂളിന്റെ നേതൃത്വത്തില്‍ ആധുനിക സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കലോത്സവത്തിനെത്തുന്ന വിദ്യാര്‍ഥികളെ സഹായിക്കാന്‍ റെയില്‍വെ സ്‌റ്റേഷനിലും കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിലും ഹെല്‍പ് ഡെസ്‌ക്കുകളും ഒരുക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News