ചന്ദ്രബോസ് വധക്കേസില്‍ നാളെ വിധി പറയും; വിധി വരുന്നത് എട്ടുമാസത്തെ വിചാരണയ്ക്കു ശേഷം

തൃശ്ശൂര്‍: ചന്ദ്രബോസ് വധക്കേസില്‍ തൃശ്ശൂര്‍ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി നാളെ വിധി പറയും. സെക്യുരിറ്റി ജീവനക്കാരനായ ചന്ദ്രബോസിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസില്‍ വ്യവസായി മുഹമ്മദ് നിഷാമാണ് പ്രതി. സംഭവം നടന്ന് ഒരുവര്‍ഷമാകാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് വിധിവരുന്നത്.

2015 ജനുവരി 29ന് പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു ചന്ദ്രബോസിനുനേരെ അക്രമം നടന്നത്. 19 ദിവസത്തെ ചികിത്സ ഫലിക്കാതെ ഫെബ്രവരി 16ന് ചന്ദ്രബോസ് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ മരണത്തിനു കീഴടങ്ങി. സംഭവസ്ഥലത്തു തന്നെ അറസ്റ്റിലായ വ്യവസായി മുഹമ്മദ് നിഷാമിനെ രക്ഷിക്കാന്‍ പലഭാഗത്തുനിന്നും ശ്രമങ്ങളുണ്ടായെന്ന ആരോപണം ശക്തമായിരുന്നു. ബംഗളൂരുവിലെ തെളിവെടുപ്പും കമ്മീഷണര്‍ ജേക്കബ് ജോബ് നടത്തിയ ഒറ്റക്കുള്ള കൂടിക്കാഴ്ച്ചയും പൊലീസിനെ സംശയത്തിന്റെ നിഴലിലാക്കി. സംഭവസമയത്തു ചന്ദ്രബോസ് ധരിച്ചിരുന്ന വസ്ത്രങ്ങള്‍ നഷ്ടപ്പെട്ടതും 19 ദിവസത്തെ ചികിത്സക്കിടയിലെങ്ങും മൊഴിയെടുക്കാതിരുന്നതും ആശങ്ക വര്‍ദ്ധിപ്പിച്ചു.

ചന്ദ്രബോസ് മരിക്കുന്നതിനു ഒരുദിവസം മുമ്പാണ് സിറ്റി പൊലീസ് കമ്മീഷണറായി ആര്‍ നിശാന്തിനി ചുമതലയേറ്റത്. തുടര്‍ന്നങ്ങോട്ട് കുറ്റപത്രം സമര്‍പ്പിക്കുന്നതു വരെയുള്ള കാര്യങ്ങളില്‍ മേല്‍നോട്ടം വഹിച്ചത് ഇവരായിരുന്നു. പബ്ലിക് പ്രോസിക്യുട്ടറായി അഡ്വ. ഉദയഭാനു കൂടി എത്തിയതോടെ കേസ് നടപടികള്‍ വേഗത്തിലായി. ഏപ്രില്‍ നാലിനാണ് കുന്നംകുളം കോടതിയില്‍ അന്വേഷണ ഉദ്യോഗസ്ഥനായ പേരാമംഗലം സിഐ ബിജുകുമാര്‍ കുറ്റപത്രം സമര്‍പ്പിച്ചത്. കൊലക്കുറ്റമായതിനാല്‍ പിന്നീടതു ജില്ലാ കോടതിയിലേക്കു മാറ്റി. എട്ടുമാസത്തിലധികം നീണ്ട വിചാരണയ്‌ക്കൊടുവിലാണ് അഡിഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് കെ.പി സുധീര്‍കുമാര്‍ നാളെ വിധി പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News