പത്താന്‍കോട്ട് ഭീകരാക്രമണം; പാകിസ്താന്‍ ഇന്ത്യയെ പറ്റിച്ചെന്ന് ഇന്ത്യന്‍ ഇന്റലിജന്‍സ്; മസൂദ് അസറിനെ അറസ്റ്റു ചെയ്തിട്ടില്ല

ദില്ലി: പത്താന്‍കോട്ട് വ്യോമതാവളത്തിനു നേര്‍ക്കുണ്ടായ ഭീകരാക്രമണത്തിന്റെ ഉത്തരവാദികളെന്ന് ഇന്ത്യ ആരോപിക്കുന്ന ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ അറസ്റ്റു ചെയ്‌തെന്നു പറഞ്ഞ് പാകിസ്താന്‍ ഇന്ത്യയെ തെറ്റിദ്ധരിപ്പിച്ചെന്ന് ഇന്ത്യന്‍ ഇന്റലിജന്‍സ്. മസൂദ് അസറിനെ പാകിസ്താന്‍ അറസ്റ്റു ചെയ്തിട്ടില്ലെന്ന് ഇന്റലിജന്‍സ് വൃത്തങ്ങള്‍ വ്യക്തമാക്കി. മസൂദിനെതിരെ പാകിസ്താന്‍ യാതൊരു നടപടിയും എടുത്തിട്ടില്ലെന്നും ഇന്റലിജന്‍സ് വ്യക്തമാക്കി. മൂന്നു ജെയ്‌ഷെ മുഹമ്മദ് പ്രവര്‍ത്തകരെ പാകിസ്താന്‍ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെങ്കിലും അവര്‍ക്ക് ആര്‍ക്കും പത്താന്‍കോട്ട് ആക്രമണവുമായി യാതൊരു ബന്ധവുമില്ലെന്നും ഇന്റലിജന്‍സ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

മസൂദ് അസറിനെ അറസ്റ്റു ചെയ്തതായിട്ടോ പത്താന്‍കോട്ട് ആക്രമണവുമായി ബന്ധപ്പെട്ട് എന്തെങ്കിലും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായിട്ടോ പാകിസ്താനില്‍ നിന്ന് യാതൊരു സ്ഥിരീകരണവും ലഭിച്ചിട്ടില്ല. അഥവാ ഉണ്ടെങ്കില്‍ തന്നെ ഭീകരാക്രമണത്തിന്റെ കുറ്റം അവര്‍ക്കെതിരെ ചുമത്തിയിട്ടുമില്ല. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നത് ഇന്ത്യയുടെ ആരോപണങ്ങളെ സാധൂകരിക്കും. ആക്രമണത്തിന്റെ ഗൂഢാലോചന നടന്നതും പരിശീലനം ലഭിച്ചതും പാകിസ്താനില്‍ ആണെന്നതിന്റെ സ്ഥിരീകരണാകും ഇതെന്നും ഇന്റലിജന്‍സ് പറയുന്നു.

മസൂദ് അസറിനെ അറസ്റ്റു ചെയ്തതായി കഴിഞ്ഞയാഴ്ച വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിരുന്നില്ല. പിന്നീട് പഞ്ചാബ് പ്രവിശ്യാ നിയമമന്ത്രി മസൂദ് അസറിനെ കരുതല്‍ തടങ്കലില്‍ ആക്കിയതാണെന്ന് അവകാശപ്പെട്ടു. പത്താന്‍കോട്ട് ആക്രമണക്കേസില്‍ പങ്കു വ്യക്തമായാല്‍ മാത്രമേ അറസ്റ്റു ചെയ്യുന്ന കാര്യം പരിഗണിക്കൂ എന്നും റാണാ സമനാവുള്ള വ്യക്തമാക്കിയിരുന്നു. അതേസമയം, പാകിസ്താനില്‍ നിരോധിക്കപ്പെട്ട ജെയ്‌ഷെ മുഹമ്മദ് പാക് ചാരസംഘടനയായ ഐഎസ്‌ഐയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് ഇന്റലിജന്‍സിന്റെ കണ്ടെത്തല്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News