വംഗനാട്ടിലെ ചെങ്കൊടിയേറ്റം; വിമര്‍ശകരെ നാവടപ്പിച്ച് ബംഗാളില്‍ സിപിഐഎമ്മിന്റെ മറുപടി; എം സന്തോഷ് എഴുതുന്ന പരമ്പര ആരംഭിക്കുന്നു

ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ ചരിത്രത്തില്‍ പുതിയ അധ്യായം എഴുതിച്ചേര്‍ത്താണ് സിപിഐഎമ്മിന്റെ മൂന്നാമത് അഖിലേന്ത്യാ പ്ലീനത്തിന് കൊല്‍ക്കത്തയില്‍ സമാപനമായത്. ദേശീയ രാഷ്ട്രീയത്തില്‍ ഇടതുപക്ഷത്തിന് ബദല്‍ ശക്തിയാകാനുള്ള പുത്തന്‍ ഊര്‍ജ്ജം നല്കിയതോടൊപ്പം ബംഗാളിലെ ചെങ്കൊടി പ്രസ്ഥാനത്തിന്റെ തിരിച്ചുവരവിന് കാഹളം മുഴക്കുന്നതായിരുന്നു കൊല്‍ക്കത്ത പ്ലീനം.

CPIM Plenum (15)

വംഗനാട്ടില്‍ ചെങ്കൊടി പ്രസ്ഥാനം ഒരു കാലത്ത് തീര്‍ത്ത ചെങ്കടലുകള്‍ ഇനി ചെമ്പുഴയായും ചെന്തോടായും ചെങ്കുളമായും മാറുമെന്നായിരുന്നു ഒരുകൂട്ടരുടെ പരിഹാസം. ഇവരുടെ കണ്‍മുന്നില്‍ ബ്രിഗേഡ് പരേഡ് മൈതാനത്ത് പത്ത് ലക്ഷത്തിലധികം പോരാളികളെ അണിനിരത്തിയാണ് ബംഗാളിലെ പാര്‍ട്ടി മറുപടി നല്‍കിയത്.

കൊല്‍ക്കത്തയിലെ ബ്രിഗേഡ് പരേഡ് മൈതാനം. രാഷ്ട്രീയ പാര്‍ട്ടികള്‍ ബഹുജന റാലികള്‍ നടത്താനായി തിരഞ്ഞെടുക്കാറുള്ള സ്ഥിരം വേദി. എന്നാല്‍ പതിവു ജനക്കൂട്ടത്തിനല്ല 2015 ഡിസംബര്‍ 27ന് ബ്രിഗേഡ് പരേഡ് മൈതാനം സാക്ഷ്യം വഹിച്ചത്. പശ്ചിമബംഗാളിലെ ഗ്രാമ ഗ്രാമാന്തരങ്ങളില്‍ നിന്നും ജനം തലസ്ഥാന നഗരിയിലേക്ക് ഒഴുകി. വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ആരംഭിച്ച ചെറുജാഥകള്‍ ബ്രിഗേഡ് പരേഡില്‍ സംഗമിച്ചു.

CPIM-Plenum-(22)

പ്ലീനത്തോടനൂബന്ധിച്ചുള്ള മഹാറാലി നിശ്ചയിച്ചത് ഉച്ചയ്ക്ക് ഒരു മണിക്കായിരുന്നെങ്കിലും രാവിലെ 10 മണി ആയപ്പോഴേക്കും മൈതാനം നിറഞ്ഞു കവിഞ്ഞു. ഇന്‍ക്വിലാബ് വിളികളില്‍ നഗരം മുഖരിതമായി. മൈതാനിയില്‍ പ്രവേശിക്കാനാകാത്ത ലക്ഷങ്ങള്‍ നഗരത്തില്‍ വിവിധ ഇടങ്ങളില്‍ ചെറുകടലുകള്‍ തീര്‍ത്തു.

‘പത്ത് ലക്ഷം പേരെയാണ് പാര്‍ട്ടി പ്രതീക്ഷിച്ചിരുന്നതെങ്കിലും റാലിയില്‍ അണിചേരാന്‍ എത്തിയവരുടെ എണ്ണം അതിലും എത്രയോ അധികമായിരുന്നു. വിപ്ലവപ്രസ്ഥാനത്തിന്റെ കരുത്തും സംഘബോധവും വിളിച്ചോതി നടന്ന മഹാറാലിയുടെ വിജയം ബംഗാളിലെ പാര്‍ട്ടി പ്രവര്‍ത്തകരുടെയും ബഹുജനസംഘടനകളുടെയും മാസങ്ങള്‍ നീണ്ട ചിട്ടയായ പ്രവര്‍ത്തനത്തിന്റെ ഫലം കൂടിയാണ്.’ സിപിഐഎം പശ്ചിമബംഗാള്‍ സംസ്ഥാന സെക്രട്ടറി സൂര്യകാന്ത് മിശ്ര പറയുന്നു.

CPIM Plenum (6)

പ്ലീനം റാലിയുടെ പ്രചരണാര്‍ത്ഥം 77000 ബൂത്തുകള്‍ കേന്ദ്രീകരിച്ച് നടന്ന കാല്‍നടജാഥകളെ പലയിടത്തും തൃണമൂല്‍ ഗുണ്ടകള്‍ ആക്രമിച്ചു. സിപിഐഎം സംസ്ഥാന സെക്രട്ടറി സൂര്യകാന്ത് മിശ്രയ്ക്ക് നേരെ പോലും ആക്രമണമുണ്ടായി. റാലിയില്‍ പങ്കെടുത്താല്‍ തിരിച്ച് ഗ്രാമത്തില്‍ കാലു കുത്താന്‍ അനുവദിക്കില്ലെന്ന തൃണമൂല്‍ ഭീഷണി തൃണവല്‍ഗണിച്ചാണ് ജനലക്ഷങ്ങള്‍ തലസ്ഥാനഗരിയില്‍ പടയണി തീര്‍ത്തത്.

മഹാറാലിക്ക് ശേഷം തൂടര്‍ന്നുള്ള നാല് ദിവസം ചൂടേറിയ ചര്‍ച്ചകള്‍ക്കും ആത്മപരിശോധകള്‍ക്കും പ്രതിനിധി സമ്മേളനം നടന്ന പ്രമോദ് ദാസ് ഗുപ്ത ഭവന്‍ വേദിയായി.സംഘടനാ ദൗര്‍ബല്യങ്ങള്‍ പരിഹരിച്ച് പുതിയ വെല്ലുവിളികളെ നേരിടാനുളള കരുത്താണ് പ്ലീനം സിപിഐഎമ്മിന് സമ്മാനിച്ചത്. സംഘടനാ പ്ലീനത്തെക്കുറിച്ച് പറയുന്ന രണ്ടാം ഭാഗം ബുധനാഴ്ച പ്രസിദ്ധീകരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News