ധവാന്റെയും കോഹ്‌ലിയുടെയും സെഞ്ചുറി വിഫലം; കാന്‍ബറ ഏകദിനത്തിലും ഇന്ത്യക്ക് തോല്‍വി; ഓസീസിന്റെ ജയം 25 റണ്‍സിന്

കാന്‍ബറ: തകര്‍പ്പന്‍ രണ്ടാം വിക്കറ്റ് കൂട്ടുകെട്ടുണ്ടാക്കിയിട്ടും രണ്ടു സെഞ്ചുറികളുടെ പിന്‍ബലമുണ്ടായിട്ടും കങ്കാരുപ്പട ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യം മറികടക്കുന്നതില്‍ ഇന്ത്യ പരാജയപ്പെട്ടു. മധ്യനിരയും വാലറ്റവും സ്‌കോര്‍ ചെയ്യുന്നതില്‍ അമ്പേ പരാജയമായപ്പോള്‍ 25 റണ്‍സിനാണ് ഇന്ത്യ തോറ്റത്. 349 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് 323 റണ്‍സെടുക്കാനേ സാധിച്ചുള്ളു. വിരാട് കോഹ്‌ലിയും ശിഖര്‍ ധവാനും സെഞ്ചുറി നേടിയെങ്കിലും ഫലമുണ്ടായില്ല. മധ്യനിരയില്‍ ജഡേജ ഒഴികെ മറ്റാരും രണ്ടക്കം കടന്നില്ല. പൂജ്യത്തിന് പുറത്തായ ധോണി അമ്പേ പരാജയമായി. അഞ്ചു വിക്കറ്റു വീഴ്ത്തിയ കെയ്ന്‍ റിച്ചാര്‍ഡ്‌സണാണ് ഇന്ത്യയെ കശക്കിയെറിഞ്ഞത്.

349 റണ്‍സ് ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയും ശിഖര്‍ ധവാനും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. 41 റണ്‍സെടുത്ത് രോഹിത് പുറത്തായ ശേഷം ക്രീസിലെത്തിയ കോഹ് ലിയും ധവാനും ചേര്‍ന്ന് പിന്നീടങ്ങോട്ട് ഇന്ത്യയെ മുന്നോട്ട് നയിച്ചു. ഇരുവരും ചേര്‍ന്നുള്ള രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് 200 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 113 പന്തില്‍ 126 റണ്‍സെടുത്ത ധവാനാണ് ആദ്യം പുറത്തായത്. 92 പന്തുകളില്‍ നിന്നാണ് ധവാന്‍ സെഞ്ച്വറി നേടിയത്. ധവാന്റെ 9-ാം ഏകദിന സെഞ്ച്വറിയായിരുന്നു ഇത്. 92 പന്തില്‍ 106 റണ്‍സെടുത്ത കോഹ്‌ലിയും വൈകാതെ പുറത്തായി.

അവിടുന്നങ്ങോട്ട് ഇന്ത്യക്ക് തകര്‍ച്ചയായിരുന്നു. തുടരെ വിക്കറ്റുകള്‍ വീണതോടെ ഇന്ത്യ പ്രതിസന്ധിയിലായി. നായകന്‍ ധോണിയാകട്ടെ റണ്ണൊന്നുമെടുക്കാതെ പവലിയനിലെത്തി. ഗുര്‍കീരത് സിംഗ് 5 റണ്‍സിനും രഹാനെ 2 റണ്‍സിനും റിഷി ധവാന്‍ 9 ഉം ഭുവനേശ്വര്‍ കുമാര്‍ 2 ഉം ഉമേഷ് യാദവ് 2 റണ്‍സിനും പുറത്തായി. ഇഷാന്ത് ശര്‍മ പൂജ്യത്തിന് പുറത്തായി. 24 റണ്‍സെടുത്ത രവീന്ദ്ര ജഡേജ പുറത്താകാതെ നിന്നു. 10 ഓവറില്‍ 68 വഴങ്ങി കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍ 5 വിക്കറ്റു വീഴ്ത്തി. ഹേസ്റ്റിംഗ്‌സും മിച്ചല്‍ മാര്‍ഷും രണ്ടു വിക്കറ്റു വീതം വീഴ്ത്തി.
ടോസ് നേടി ആദ്യം ബാറ്റു ചെയ്യാന്‍ തീരുമാനിച്ച ഓസ്‌ട്രേലിയയുടെ തീരുമാനം ശരിയാണെന്ന് തെളിയിക്കുന്നതായിരുന്നു ഓപ്പണര്‍മാരുടെ പ്രകടനം. ആരോണ്‍ ഫിഞ്ചിന്റെ സെഞ്ചുറിയുടെ ബലത്തില്‍ നിശ്ചിത ഓവറില്‍ ഓസ്‌ട്രേലിയ 348 റണ്‍സെടുത്തു. 93 റണ്‍സ് എടുത്ത ഡേവിഡ് വാര്‍ണര്‍ ഫിഞ്ചിന് കരുത്തുറ്റ പിന്തുണ നല്‍കി. ഓപ്പണര്‍മാരായി ഇറങ്ങിയ വാര്‍ണറും ഫിഞ്ചും ഇന്ത്യന്‍ ബൗളര്‍മാരെ തലങ്ങുംവിലങ്ങും പായിച്ചു. 107 പന്തിലാണ് ഫിഞ്ച് 107 റണ്‍െസെടുത്തത്. വാര്‍ണറുടെ 93 റണ്‍സ് പിറന്നത് 92 പന്തിലും. സ്റ്റീവന്‍ സ്മിത്ത് 29 പന്തില്‍ 51 ഉം ഗ്ലെന്‍ മാക്‌സ് വെല്‍ 20 പന്തില്‍ 41 റണ്‍സുമെടുത്തു കൂറ്റന്‍ സ്‌കോറിലെത്താന്‍ ഓസീസിനെ സഹായിച്ചു.

187 റണ്‍സെത്തിയപ്പോഴാണ് ഓസ്‌ട്രേലിയയുടെ ആദ്യവിക്കറ്റ് നഷ്ടമായത്. ഇഷാന്ത് ശര്‍മ നാലും ഉമേഷ് യാദവ് മൂന്നും വിക്കറ്റ് നേടി. ഫീല്‍ഡിംഗിനിടെ അജിന്‍ക്യ രഹാനേയ്ക്കു പരുക്കേറ്റിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News