ഹൈദരാബാദ്: ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലെ ഗവേഷകവിദ്യാര്‍ഥി രോഹിത് വെമുല ജീവനൊടുക്കിയതു രാജ്യം മുഴുവന്‍ ചര്‍ച്ച ചെയ്യുമ്പോള്‍ സംസ്ഥാന മുഖ്യമന്ത്രി അതേക്കുറിച്ച് ഒരക്ഷരം മിണ്ടാതെ പോയത് ഷോപ്പിംഗിന്. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവാണ് എച്ച്‌സിയു പ്രശ്‌നത്തില്‍ പ്രതികരിക്കാന്‍ സമയമില്ലാതെ തുണി വാങ്ങാന്‍ പോയത്.
ഹൈദര്‍ഗുഡയിലെ പഴയ എംഎല്‍എ ക്വാര്‍ട്ടേഴ്‌സിനു സമീപമുള്ള ശ്രീ സായ് ഖാദി വസ്ത്രാലയയിലാണ് ചന്ദ്രശേഖര റാവു പുതിയ വസ്ത്രം വാങ്ങാന്‍ എത്തിയത്. തുണിയെടുത്ത് അവിടെത്തന്നെ തയ്ക്കാന്‍ നല്‍കുകയായിരുന്നു റാവു. ഉച്ചയ്ക്ക് ഒരു മണിയോടെ ഇവിടെയെത്തിയ റാവു ഒരു മണിക്കൂറോളം ഇവിടെ ചെലവഴിച്ചു. സംഭവമറിഞ്ഞു ചിത്രമെടുക്കാന്‍ പത്രഫൊട്ടോഗ്രാഫര്‍മാര്‍ എത്തിയെങ്കിലും റാവു സമ്മതിച്ചില്ല.
റാവു തുണി വാങ്ങാന്‍ വന്ന സമയം കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കാമ്പസില്‍ പ്രസംഗിച്ചുകൊണ്ടിരിക്കുകയായിരുന്നു. ആഭ്യന്തരമന്ത്രി എന്‍ നരസിംഹ റെഡ്ഢിയാവട്ടെ മറ്റു ചില യോഗങ്ങളിലായിരുന്നു. സ്വന്തം സംസ്ഥാനത്തെ കേന്ദ്ര സര്‍വകലാശാലയില്‍ രാജ്യത്തെ നടുക്കിയ സംഭവമുണ്ടായിട്ടും തെലങ്കാന മുഖ്യമന്ത്രിയോ മന്ത്രിമാരോ പ്രതികരിക്കാന്‍ തയാറായിരുന്നില്ല.
അതേസമയം, ചന്ദ്രശേഖര റാവുവിന്റെ മകളും നിസാമാബാദ് എംപിയുമായ കെ കവിത രോഹിത് വെമുലയുടെ ആത്മഹത്യയില്‍ സര്‍വകലാശാലാ അധികാരികളെ കുറ്റപ്പെടുത്തി രംഗത്തുവന്നിരുന്നു. ആന്ധ്രാ മുന്‍ മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡുവും രോഹിത് വെമുലയുടെ ആത്മഹത്യയെക്കുറിച്ച് ഒരക്ഷരം മിണ്ടിയില്ലെന്നതു ശ്രദ്ധേയമാണ്. ആന്ധ്രയിലെ ഗുണ്ടൂര്‍ സ്വദേശി കൂടിയാണ് രോഹിത്.
Get real time update about this post categories directly on your device, subscribe now.