രോഹിതിന്റെ ആത്മഹത്യ: പ്രത്യേക ഏജന്‍സി അന്വേഷിക്കണമെന്ന് യെച്ചൂരി; പ്രധാനമന്ത്രി മൗനവ്രതം വെടിയണം; മന്ത്രിമാരുടെ രാജിയാവശ്യപ്പെട്ടുള്ള പ്രതിഷേധം കത്തുന്നു

ഹൈദരാബാദ്: ഹൈദരാബാദ് സര്‍വ്വകലാശാല വിദ്യാര്‍ത്ഥി രോഹിത് വെമുല ആത്മഹത്യ ചെയ്ത സംഭവത്തില്‍ വ്യാപക പ്രതിഷേധം തുടരുന്നു. സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഹൈദരാബാദ് സര്‍വ്വകലാശാലയിലെത്തി. രോഹിത് ആത്മഹത്യ ചെയ്യാനിടയാക്കിയ സാഹചര്യങ്ങള്‍ പ്രത്യേക ഏജന്‍സി അന്വേഷിക്കണമെന്ന് സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു. കുറ്റക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടു വരണം. സര്‍വകലാശാലയില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ അംഗീകരിക്കാനാവില്ല എന്നും യെച്ചൂരി പറഞ്ഞു.

സംവാദങ്ങള്‍ നടക്കുന്ന ഹൈദരാബാദ് സര്‍വകലാശാല കാമ്പസിനെ ആര്‍എസ്എസ് നയിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ഭയക്കുകയാണ്. അതുകൊണ്ടാണ് കാമ്പസിലെ കാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെടുന്നത് എന്നുംസീതാറാം യെച്ചൂരി വിമര്‍ശിച്ചു. എച്ആര്‍ഡി മന്ത്രാലയം ഹിന്ദുത്വ പുനരുദ്ധാരണ മന്ത്രാലയമായി മാറി. സര്‍വകലാശാല വൈസ് ചാന്‍സലര്‍ വധശിക്ഷ നടപ്പാക്കുന്ന ആളായി മാറി എന്നും യെച്ചൂരി കുറ്റപ്പെടുത്തി. മൗന വ്രതം വെടിഞ്ഞ് പ്രതികരിക്കണം. മന്ത്രിയും വിസിയും രാജിവെയ്ക്കണം എന്നും യെച്ചൂരി ആവശ്യപ്പെട്ടു.

hcu1

ഹൈദരാബാദ് സര്‍വ്വകലാശാലയില്‍ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിലുള്ള പ്രതിഷേധം കൂടുതല്‍ കരുത്താര്‍ജ്ജിക്കുകയാണ്. കേന്ദ്ര തൊഴില്‍ സഹമന്ത്രി ബന്ദാരു ദത്താത്രേയ രാജിവയ്ക്കും വരെ സമരം തുടരാനാണ് വിദ്യാര്‍ത്ഥികളുടെ തീരുമാനം. സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ അപ്പു റാവുവിനെ അടിയന്തിരമായി തല്‍സ്ഥാനത്തു നിന്നും മാറ്റണമെന്നും വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെടുന്നു.

പോലീസ് ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ വകവയ്ക്കാതെയാണ് വിവിധ സംഘടനകളും നേതാക്കളും ഹൈദരാബാദ് സര്‍വ്വകലാശാലയില്‍ സമരത്തില്‍ പങ്കു ചേരാന്‍ എത്തുന്നത്. സിപിഐഎം ജനറല്‍ സെക്രട്ടി സീതാറാം യെച്ചുരി സര്‍വ്വകലാശാലയിലെത്തി സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളെ അഭിവാദ്യം ചെയ്തു. രോഹിത് ആത്മഹത്യ ചെയ്യാനിടയാക്കിയ സാഹചര്യങ്ങള്‍ പ്രത്യേക ഏജന്‍സി അന്വേഷിച്ച് കുറ്റക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടു വരണമെന്ന് യെച്ചൂരി ആവശ്യപ്പെട്ടു.

ദില്ലി ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും ഇപ്പോഴും പ്രതിഷേധം തുടരുകയാണ്. അതേ സമയം രോഹിത് ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികളെ സസ്‌പെന്റ് ചെയ്യാന്‍ മാനവവിഭവശേഷി മന്ത്രാലയത്തില്‍ നിന്നും സമ്മര്‍ദ്ദമുണ്ടായിട്ടില്ല എന്ന വിശദീകരണവുമായി സര്‍വ്വകലാശാല രംഗത്തെത്തി. വിദ്യാര്‍ത്ഥികള്‍ സമരം അവസാനിപ്പിക്കണമെന്നും സര്‍വ്വകലാശാല അധികൃതര്‍ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News