ആത്മഹത്യ ചെയ്തിട്ടും രോഹിത് വെമുല്ലയെ അധികാരികള്‍ വെറുതെ വിടുന്നില്ല; കേന്ദ്രമന്ത്രിയെയും വിസിയെയും രക്ഷിക്കാന്‍ രോഹിത് പട്ടികജാതിക്കാരനല്ലെന്നു വരുത്താന്‍ നീക്കം

ഹൈദരാബാദ്: രാജ്യത്തെ നടുക്കിയ ദളിത് വിദ്യാര്‍ഥിയുടെ ആത്മഹത്യയില്‍ അധികാരികളുടെ നാടകം വീണ്ടും. ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലെ ദളിത് വിവേചനത്തെത്തുടര്‍ന്ന് ആത്മഹത്യ ചെയ്ത രോഹിത് വെമുല്ല പട്ടികജാതിക്കാരനല്ലെന്നു വരുത്തിതീര്‍ക്കാനാണ് സര്‍വകലാശാല അധികാരികളും പൊലീസും പുതിയ നീക്കം നടത്തുന്നത്. ജനറല്‍ മെരിറ്റിലാണ് രോഹിത് സര്‍വകലാശാലയില്‍ പ്രവേശനം നേടിയതെന്നും എവിടെയും താനൊരു പട്ടികജാതിക്കാരനാണെന്നു പറഞ്ഞിട്ടില്ലെന്നും കാട്ടിയാണ് സര്‍വകലാശാല അധികൃതരും പൊലീസും രംഗത്തെത്തിയിരിക്കുന്നത്. കേസില്‍ ആരോപണവിധേയരായ കേന്ദ്രമന്ത്രി ബന്ദാരു ദത്താത്രേയയെയും വിസി അപ്പാറാവുവിനെയും പട്ടികവിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്ന നിയമത്തിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കാനാണ് ഇപ്പോഴത്തെ ശ്രമം.

യോഗ്യതാ പരീക്ഷയില്‍ ഉന്നത മാര്‍ക്കുണ്ടായിരുന്നതിനാല്‍ രോഹിത് പ്രവേശനത്തിന് പട്ടികജാതിക്കാര്‍ക്കുള്ള സംവരണം ഉപയോഗിച്ചില്ലെന്നതു ശരിയാണ്. അതേസമയം, രോഹിത് പട്ടികജാതിക്കാരനാകുന്നില്ലെന്ന സത്യം മറച്ചുവച്ചാണ് കേന്ദ്ര മാനവവിഭവ ശേഷി മന്ത്രാലയത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള സര്‍വകലാശാലയുടെ നീക്കം. കേസ് അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്യുന്നുണ്ട്.

ആന്ധ്രയിലെ ഗുണ്ടൂര്‍ സ്വദേശിയായ രോഹിതിന്റെ പിതാവ് പിന്നാക്ക വിഭാഗക്കാരനും മാതാവ് പട്ടികജാതിക്കാരനുമാണ്. പട്ടികജാതിക്കാരിയായ മാതാവിനു ജനിക്കുന്ന കുട്ടികള്‍ പട്ടികജാതിക്കാരായി പരിഗണിക്കപ്പെടണമെന്നു സുപ്രീം കോടതിയുടെ വിധിയുമുണ്ട്. ഈ സാഹചര്യത്തില്‍ നിയമത്തിനു മുന്നില്‍ രോഹിത് പട്ടികജാതിക്കാരന്‍ തന്നെയാണ്. പിതാവ് ഏറെക്കാലം മുമ്പു രോഹിതിന്റെ മാതാവിനെ ഉപേക്ഷിച്ചുപോയിരുന്നു. മാതാവിന്റെയും അമ്മാവന്‍മാരുടെയും സംരക്ഷണയിലാണ് രോഹിത് പിന്നീട് വളര്‍ന്നതും പഠിച്ചതും.

അതേസമയം, രോഹിതിന്റെ പിതാവ് പിന്നാക്ക വിഭാഗക്കാരനാണെന്നും അതുകൊണ്ടുതന്നെ കേസില്‍ പ്രതികളായവര്‍ക്കെതിരേ എസ് സി/എസ് ടി ആക്ട് ചുമത്താനാവില്ലെന്നുമാണ് പൊലീസ് പറയുന്നത്. ഇക്കാര്യം പരിശോധിച്ചുവരികയാണെന്നും രോഹിത് ഏതു വിഭാഗക്കാരനാണെന്നു തെളിയണമെങ്കില്‍ തഹസില്‍ദാരുടെ റിപ്പോര്‍ട്ടു ലഭിക്കണമെന്നുമാണു പൊലിസിന്റെ പക്ഷം. സര്‍വകലാശാലയിലെ അധ്യാപകരും മറ്റു വിദ്യാര്‍ഥികളും രോഹിത് പട്ടികവിഭാഗക്കാരന്‍ തന്നെയാണെന്നു പറയുമ്പോഴും ഇക്കാര്യം അംഗീകരിക്കാതിരിക്കാനാണ് പൊലീസിന്റെ ശ്രമം. പട്ടികവിഭാഗക്കാരനായതിനാലാണ് രോഹിത് അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷനുമായി സഹകരിച്ചു പ്രവര്‍ത്തിച്ചിരുന്നതെന്നും വിദ്യാര്‍ഥികള്‍ ചൂണ്ടിക്കാട്ടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News