ഐഎഎസുകാര്‍ ഇരിക്കേണ്ട ഡയറക്ടര്‍ പദവിയില്‍ സ്വകാര്യ കോളജ് അധ്യാപകനെ സ്ഥിരപ്പെടുത്തി; ലീഗ് നേതാവ് പി നസീറിനെ ന്യൂനപക്ഷ ഡയറക്ടറാക്കി മന്ത്രിസഭാ തീരുമാനം; നീക്കം പുറത്തുവിട്ടത് പീപ്പിള്‍ ടിവി

തിരുവനന്തപുരം: ഐഎഎസുകാര്‍ ഇരിക്കേണ്ട പദവിയില്‍ സ്വകാര്യ കോളജ് അധ്യാപകനെ സ്ഥിരപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവ്. ന്യൂനപക്ഷ ഡയറക്ടര്‍ സ്ഥാനത്ത് സര്‍ക്കാര്‍ കോപ്റ്റ് ചെയ്ത പി നസീറിനെയാണ് സര്‍ക്കാര്‍ സ്ഥിരപ്പെടുത്തിയത്. ചട്ടങ്ങള്‍ കാറ്റില്‍പ്പറത്തിയാണ് ഡയറക്ടര്‍ നിയമനം നേരത്തെ സര്‍ക്കാര്‍ നടത്തിയത്. എല്ലാ നിയമന മാനദണ്ഡങ്ങളും മറികടന്നാണ് ഡയറക്ടര്‍ സ്ഥാനത്ത് ലീഗ് നോമിനിയെ സ്ഥിരപ്പെടുത്തിയത്.

ലീഗ് അധ്യാപക സംഘടനാ നേതാവാണ് പി നസീര്‍. ഡയറക്ടര്‍ സ്ഥാനത്ത് പി നസീറിനെ സര്‍ക്കാര്‍ സര്‍വീസില്‍ എടുക്കാന്‍ അസാധാരണ ഉത്തരവാണ് സര്‍ക്കാര്‍ ഇറക്കിയത്. ഇദ്ദേഹത്തെ സര്‍വീസില്‍ സ്ഥിരപ്പെടുത്താന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്. പി നസീറിന്റെ അനധികൃത നിയമനം സംബന്ധിച്ച് പീപ്പിള്‍ ടിവി നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

വഴിവിട്ട മാര്‍ഗത്തിലൂടെ സര്‍ക്കാര്‍ സര്‍വ്വീസിലെ ഉന്നത പദവിയില്‍ എത്തിയ ഉദ്യോഗസ്ഥന് ഐഎഎസ് ലഭിക്കുന്നതിനായി സര്‍വ്വീസില്‍ സ്ഥിരപ്പെടുത്താന്‍ മന്ത്രിസഭ തീരുമാനിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ന്യൂനപക്ഷ ക്ഷേമ ഡയറക്ടര്‍ പി നസീറിനെ സര്‍ക്കാര്‍ സര്‍വ്വീസിലേക്ക് കോപ്റ്റ് ചെയ്യാനാണ് ഇന്ന് ചേരുന്ന മന്ത്രി സഭ തീരുമാനിച്ചത്. നിലവില്‍ എയ്ഡഡ് കോളോജ് അധ്യാപകനാണ് പി നസീര്‍.

പി നസീറിന്റെ നിയമനത്തെ നിയമ, ധനകാര്യ, ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പുകള്‍ എല്ലാം എതിര്‍ത്തു. ചീഫ് സെക്രട്ടറിയു പി നസീറിന്റെ സ്ഥിര നിയമന നീക്കത്തെ എതിര്‍ത്തു. ഈ എതിര്‍പ്പുകള്‍ എല്ലാം മറികടന്നാണ് മന്ത്രിസഭ തീരുമാനം എടുത്തത്.

58 വര്‍ഷത്തെ ഐക്യകേരളത്തിന്റെ ചരിത്രത്തിലാദ്യമായിട്ടാണ് ഇത്തരത്തില്‍ എല്ലാ മാനദണ്ഡങ്ങളും കാറ്റില്‍ പറത്തിയുള്ള നിയമനം. ലീഗ് നേതാവിന്റെ നിയമനം സംബന്ധിച്ച കാര്യം പതിവ് വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി വിശദീകരിച്ചില്ല. തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴാണ് നിയമനത്തെ പറ്റി വീശദീകരിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തയ്യാറായത്.

പി നസീറിനെ സര്‍ക്കാര്‍ സര്‍വ്വീസില്‍ നിയമിക്കാന്‍ പോകുന്ന കാര്യം പീപ്പീള്‍ ടിവിയാണ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തത്. വിവിധ കമ്മീഷനുകളുടെ ആസ്ഥാന മന്ദിരം പണിയുന്നതിനായി പട്ടത്ത് കോംപ്‌ളക്‌സ് നിര്‍മ്മിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതിനായി 45 കോടി അനുവദിച്ചതായും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കൊച്ചി മെട്രോ വികസിപ്പിക്കുന്നതിനായി 159 കോടിയുടെ ഭരണാനുമതി നല്‍കിയതായും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News