ഓസ്‌ട്രേലിയക്കെതിരായ തോല്‍വിയുടെ മുഴുവന്‍ ഉത്തരവാദിത്തവും ഏറ്റെടുത്ത് നായകന്‍ ധോണി; തന്റെ വിക്കറ്റാണ് തോല്‍വിയിലേക്ക് നയിച്ചതെന്ന് ധോണി

കാന്‍ബെറ: കാന്‍ബെറയില്‍ നാലാം ഏകദിനത്തിലും ഇന്ത്യ തുടര്‍ച്ചയായി തോല്‍വി ഏറ്റുവാങ്ങിയതോടെ തോല്‍വിയുടെ ഉത്തരവാദിത്തം മറ്റുള്ളവരില്‍ കെട്ടിവയ്ക്കാതെ സ്വയം ഏറ്റെടുത്ത് നായകന്‍ മഹേന്ദ്രസിംഗ് ധോണി. തോല്‍വിയുടെ മുഴുവന്‍ ഉത്തരവാദിത്തവും താന്‍ ഏറ്റെടുക്കുന്നതായി ധോണി വ്യക്തമാക്കി. തോല്‍വിയില്‍ നിന്ന് പോസിറ്റീവ് കാര്യങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് ധോണി ഇപ്പോള്‍. തന്റെ വിക്കറ്റാണ് തോല്‍വിയിലേക്കുള്ള വഴിത്തിരിവായതെന്ന് മത്സരശേഷം ധോണി പറഞ്ഞു. മധ്യനിരയില്‍ ഏതാനും വിക്കറ്റുകള്‍ വീണത് തിരിച്ചടിയായി. എന്നാല്‍, അതില്‍ പ്രധാനം തന്റഎ തന്നെ വിക്കറ്റായിരുന്നെന്ന് ധോണി പറഞ്ഞു.

തന്റെ പങ്കും ഉത്തരവാദിത്തവും ഒരു ഫിനിഷറുടേതായിരുന്നു. എന്നാല്‍, അത് നിറവേറ്റാന്‍ തനിക്കു സാധിച്ചില്ലെന്നും ധോണി പറഞ്ഞു. അതേസമയം, തോല്‍വിയില്‍ നിന്നും പോസിറ്റീവ് ആയ കാര്യങ്ങള്‍ കണ്ടെത്താനാണ് ധോണി ശ്രമിക്കുന്നത്. നിരാശരായെങ്കിലും രോഹിതിന്റെയും ധവാന്റെയും കോഹ്‌ലിയുടെയും ഇന്നിംഗ്‌സുകള്‍ എടുത്തു പറയേണ്ടതാണെന്ന് ധോണി വ്യക്തമാക്കി. രോഹിത് ധവാനൊപ്പം നന്നായി ബാറ്റു ചെയ്തു. കോഹ്‌ലിയും ധവാനും നല്ല കൂട്ടുകെട്ടുണ്ടാക്കി. ഇതെല്ലാം പ്രതീക്ഷ പകരുന്നതാണെന്നും ധോണി കൂട്ടിച്ചേര്‍ത്തു.

സെക്കന്‍ഡ് ഡൗണായി ബാറ്റു ചെയ്യാനുള്ള തീരുമാനം ധോണി സ്വയം എടുത്തതായിരുന്നു. എന്നാല്‍, അമ്പേ പരാജയമായി ധോണി. മൂന്നു മിനുട്ടു മാത്രം ക്രീസില്‍ ചെലവഴിച്ച ധോണി റണ്ണൊന്നുമെടുക്കാതെയാണ് മടങ്ങിയത്. ആ സമയം വിജയത്തിന് വെറും 71 റണ്‍സ് മാത്രം അകലെയായിരുന്നു ഇന്ത്യ. എട്ടുവിക്കറ്റും കയ്യിലുണ്ടായിരുന്നു. കഴിഞ്ഞ മൂന്നു മത്സരങ്ങളിലും ഇന്ത്യയുടെ തോല്‍വി ബാറ്റ്‌സ്മാന്‍മാരുടെയും ബൗളര്‍മാരുടെയും തലയില്‍ കെട്ടിവച്ച് രക്ഷപ്പെടാനായിരുന്നു ധോണി നോക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here