ചൂഷണത്തിനെതിരെ പൊരുതിയ കമ്യൂണിസ്റ്റുകള്‍ ബംഗാളില്‍ രചിച്ചത് പുതുചരിത്രം; ഇന്ത്യാ വിഭജനം മുതല്‍ തെരഞ്ഞെടുപ്പു വരെ; വംഗനാട്ടിലെ ചെങ്കൊടിയേറ്റം – രണ്ടാം ഭാഗം

സ്വാതന്ത്ര്യസമര പോരാട്ടത്തില്‍ മുന്‍പേ ഉണര്‍ന്നെണീറ്റവരാണ് ബംഗാള്‍ ജനത. സ്വാതന്ത്ര്യ സമരത്തിന്റെ പിന്‍പറ്റി കോണ്‍ഗ്രസ് പാര്‍ട്ടി ബംഗാളില്‍ തഴച്ചു വളര്‍ന്നു. സ്വാതന്ത്രാനന്തരം ബംഗാള്‍ ജനത കോണ്‍ഗ്രസ്സിനെ അധികാരത്തില്‍ എത്തിക്കുകയും ചെയ്തു. എന്നാല്‍ കോണ്‍ഗ്രസ്സ് ഭരണം ഇവര്‍ക്ക് തിരിച്ചു നല്‍കിയതാവട്ടെ ജന്മിത്വ ചൂഷണത്തിന്റെയും ഭരണകൂട ഭീകരതയുടെയും കറുത്ത നാളുകളാണ്.

ഇന്ത്യാ വിഭജനത്തിന്റെ മുറിവുകള്‍ ആഴത്തില്‍ പതിഞ്ഞ നാടാണ് പശ്ചിമബംഗാള്‍. വര്‍ഗ്ഗീയ കലാപങ്ങളും അഭയാര്‍ത്ഥി പ്രവാഹവും സ്വാതന്ത്ര്യനാനന്തരം ബംഗാളിലെ തെരുവുകളെ കലുഷിതമാക്കി. ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടു പോയതിനു ശേഷം 1947 നവംബര്‍ ഒന്നിന് നിയമസഭ സമ്മേളിച്ചു. പശ്ചിമബംഗാളിലെ ആദ്യ മുഖ്യമന്ത്രിയായ പ്രഫുല്ല ചന്ദ്രഘോഷ് ജനങ്ങളുമായി യുദ്ധം പ്രഖ്യാപിച്ചു.

കലാപങ്ങളെ തടയാമെന്ന പേരില്‍ പശ്ചിമബംഗാള്‍ സെക്യൂരിറ്റി ലോ എന്ന കരിനിയമം തലങ്ങും വിലങ്ങും പ്രയോഗിച്ചു. ഇതുവഴി സര്‍ക്കാര്‍ സര്‍വ്വമാന ജനങ്ങളെയും വേട്ടയാടി. വര്‍ഗ്ഗീയ കലാപങ്ങള്‍ രാജ്യമൊട്ടുക്ക് ആളിപ്പടര്‍ന്നപ്പോള്‍ സമുദായ മൈത്രിക്കു വേണ്ടി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രംഗത്തിറങ്ങി. എന്നാല്‍ കമ്മ്യൂണിസ്റ്റ് ഇടപെടലുകളെ അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. സൗമേന്ദ്ര നാഥ ടാഗോര്‍, ജ്യോതി ബസു ഉള്‍പ്പെടെയുള്ള പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാക്കളെല്ലാം ഇരുമ്പഴിക്കുള്ളിലായി. 1950 കളില്‍ കോണ്‍ഗ്രസ്സ് സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ സംസ്ഥാനമൊട്ടുക്ക് ബഹുജന സമരങ്ങള്‍ ആളിപ്പടര്‍ന്നു.

പുറമെ നിന്നും കൊല്‍ക്കത്തയില്‍ എത്തുന്നവര്‍ക്ക് റോഡിലൂടെ നീങ്ങുന്ന ചെറിയ തീവണ്ടി കൗതുക കാഴ്ചയാണ്. എന്നാല്‍ ബംഗാളികള്‍ക്ക് ട്രാം എന്ന് വിളിപ്പേരുള്ള ഈ വാഹനം സമാനതകളില്ലാത്ത സമര പോരാട്ടത്തിന്റെ ജ്വലിക്കുന്ന ഓര്‍മ്മയാണ്. റോഡില്‍ വാഹനങ്ങള്‍ക്കിടയിലൂടെ ഓടുന്ന ട്രാം എന്ന് പേരുള്ള രണ്ട് ബോഗികളുള്ള ട്രെയിന്‍. രാജ്യത്ത് കൊല്‍ക്കത്ത നഗരത്തില്‍ മാത്രമാണ് ഇന്ന് ഈ ഗതാഗത സംവിധാനം നിലവിലുള്ളത്.

ഒരുകാലത്ത് വെള്ളക്കാരുടെയും പ്രഭുക്കന്‍മാരുടെയും വാഹനമായിരുന്ന ട്രാം പിന്നീട് സാധാരാണക്കാര്‍ക്ക് കുറഞ്ഞ ചെലവില്‍ യാത്രചെയ്യാനുള്ള മാര്‍ഗ്ഗമായി. 1953ല്‍ ബ്രിട്ടീഷ് ഉടമസ്ഥതയിലുള്ള കൊല്‍ക്കത്ത ട്രാം വേ കമ്പനി കോണ്‍ഗ്രസ്സ് സര്‍ക്കാറിന്റെ അനുവാദത്തോടെ യാത്രാനിരക്കുകള്‍ വര്‍ദ്ധിപ്പിച്ചു. സാധാരണക്കാര്‍ക്ക് ആശ്രയമായിരുന്ന ട്രാമിന്റെ നിരക്ക് വര്‍ദ്ധന വന്‍ പ്രതിഷേധത്തിന് ഇടയാക്കി. സമരത്തിന്റെ നേതൃത്വം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഏറ്റെടുത്തു.

സമരത്തെ അടിച്ചമര്‍ത്താന്‍ കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ വന്‍ പോലീസ് സന്നാഹത്തെ നിയോഗിച്ചു. എന്നാല്‍ സമര വിര്യത്തിനു മുന്നില്‍ പോലീസും സര്‍ക്കാറും മുട്ടുമടക്കി. വര്‍ദ്ധിപ്പിച്ച നിരക്കുകള്‍ പിന്‍വലിച്ചു. 1964ല്‍ ഐക്യമുന്നണി സര്‍ക്കാറിന്റെ കാലത്ത് ജ്യോതിബസു ധനഗതാഗത മന്ത്രിയായപ്പോള്‍ സ്വകാര്യ കുത്തക അവസാനിപ്പിച്ച് ട്രാം ദേശസാല്‍ക്കരിച്ച് സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കി.

1954 അധ്യാപക സമരം പശ്ചിമബംഗാളിന്റെ മുക്കിലും മൂലയിലും ആളിപ്പടര്‍ന്നു. 62 രൂപ മുതല്‍ 96 രൂപ വരെയായിരുന്നു അധ്യപകരുടെ ശമ്പളം. മാന്യമായ വേതനമോ തൊഴില്‍ സുരക്ഷിതത്വമേ ഇല്ലാതെ ബംഗാളിലെ അധ്യാപക സമൂഹം വീര്‍പ്പുമുട്ടി. മാന്യമായ വേതനവും തൊഴില്‍ സുരക്ഷിതത്വവും മേണമെന്ന ആവശ്യം ഭരണകൂടം ചെവികൊണ്ടില്ല.

അധ്യാപകരുടെ ന്യായമായ അവകാശങ്ങള്‍ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ജ്യോതി ബസുവിന്റെ നേതൃത്വത്തില്‍ സമരരംഗത്തിറങ്ങി. തോക്കും ലാത്തിയും ഉപയോഗിച്ച് സര്‍ക്കാര്‍ സമരത്തെ നേരിട്ടു. സര്‍ക്കാര്‍ ഭീഷണിയില്‍ മുട്ടുമടക്കാതെ അധ്യാപകര്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചു. വിദ്യാര്‍ത്ഥികളും കര്‍ഷകരും തൊഴിലാളികളും അധ്യാപക സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിച്ചു.

1956 ഫെബ്രൂവരി 14ന് നിയമസഭയിലേക്ക് മാര്‍ച്ച് നടത്തിയ സമരക്കാര്‍ക്ക് നേരെ പോലീസ് നിറയൊഴിച്ചു. 5 പേര്‍ രക്തസാക്ഷികളാകുകയും 160 ഓളം പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. തുടര്‍ ദിവസങ്ങളിലും പോലീസ് വേട്ട അവസാനിച്ചില്ല. ജ്യോതി ബസു ഉള്‍പ്പെടെയുള്ള നേതാക്കള്‍ അറസ്റ്റിലായി. അധ്യാപകരുടെ ആവശ്യങ്ങള്‍ ഭാഗികമായി അംഗീകരിച്ചതിനു ശേഷമാണ് 12 ദിവസം നീണ്ടു നിന്ന ചരിത്ര പ്രക്ഷോഭം അവസാനിച്ചത്.

Jyoti Basu\'s life in pics

1955 ലെ ഗോവ വിമോചന സമരം, 1956ലെ ബംഗാള്‍ – ബീഹാര്‍ ലയനത്തിനെതിരായ പ്രക്ഷോഭം, 56ലെ തന്നെ ഭക്ഷ്യസമരം തുടങ്ങി എണ്ണിയാലൊടുങ്ങാത്ത സമരങ്ങള്‍ക്കാണ് ഈ കാലയളവ് സാക്ഷ്യം വഹിച്ചത്. ബംഗാളില്‍ സമര ജ്വാലകള്‍ തീര്‍ത്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിന്നീട് നടന്ന തിരഞ്ഞെടുപ്പുകളില്‍ നിയമനിര്‍മ്മാണ സഭയിലും പ്രാതിനിധ്യം വര്‍ദ്ധിപ്പിക്കാന്‍ തുടങ്ങി.

1972ലെ തിരഞ്ഞെടുപ്പ് പശ്ചിമബംഗാളിന്റെ ചരിത്രത്തിലെ കറുത്ത അധ്യായമാണ്. ജനാധിപത്യം പൂര്‍ണ്ണമായും കശാപ്പ് ചെയ്യപ്പെട്ട തിരഞ്ഞെടുപ്പ്. ജനാധിപത്യം അട്ടിമറിച്ച് അധികാരത്തിലേറിയ സിദ്ധാര്‍ത്ഥ് ശങ്കര്‍ റായിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്സ് സര്‍ക്കാരിന്റെ മുഖ്യ പരിപാടി കമ്മ്യൂണിസ്റ്റ് വേട്ടയായിരുന്നു.

അര്‍ദ്ധ ഫാസിസ്റ്റ് ഭരണകൂടത്തിന്റെ ഭീകരതകള്‍ മുഴുവന്‍ ഏറ്റുവാങ്ങിയ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം നിഷ്പക്ഷ വിധിയെഴുത്തുണ്ടായ 1977 ലെ തിരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തി. ഇതേപ്പറ്റിയുള്ള മൂന്നാം ഭാഗം വ്യാഴാഴ്ച വായിക്കാം.

ഇടതുപക്ഷം ബംഗാള്‍ ജനതയ്ക്ക് സമ്മാനിച്ചത് ജനപക്ഷ വികസനത്തിന്റെ നല്ല നാളുകള്‍; അധികാരക്കൊതി മൂത്ത മമതാ ബാനര്‍ജി തകര്‍ത്തത് വംഗനാടിന്റെ മനസമാധാനം; എം സന്തോഷ് എഴുതുന്ന പരമ്പര മൂന്നാം ഭാഗം

വംഗനാട്ടിലെ ചെങ്കൊടിയേറ്റം; വിമര്‍ശകരെ നാവടപ്പിച്ച് ബംഗാളില്‍ സിപിഐഎമ്മിന്റെ മറുപടി; എം സന്തോഷ് എഴുതുന്ന പരമ്പര ആരംഭിക്കുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here