കെജരിവാള്‍ ഇന്ന് ഹൈദരാബാദ് സര്‍വ്വകലാശാലയില്‍; രോഹിത്തിന്റെ മരണത്തിന് ഉത്തരവാദി ഭരണകൂടം തന്നെയെന്ന് ദളിത് സംഘടനകള്‍

ഹൈദരാബാദ്: ദളിത് വിദ്യാര്‍ത്ഥി രോഹിത് വെമുല ആത്മഹത്യ ചെയ്ത ഹൈദരാബാദ് സര്‍വ്വകലാശാല ക്യാമ്പസ് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ഇന്ന് സന്ദര്‍ശിക്കും. കേന്ദ്ര മന്ത്രി ബന്ദാരു ദത്താത്രേയ, വൈസ് ചാന്‍സിലര്‍ അപ്പ റാവു എന്നിവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം തുടരുകയാണ്.

രോഹിത്തിന്റെ ആത്മഹത്യയില്‍ പങ്കില്ലെന്ന കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രി സമൃതി ഇറാനിയുടെ വിശദീകരണം സര്‍വ്വകലാശാലയില്‍ വിദ്യര്‍ത്ഥികള്‍ തുടരുന്ന സമരത്തിന് കൂടുതല്‍ കരുത്ത് പകര്‍ന്നിരിക്കുകയാണ്. സംഘപരിവാറും കേന്ദ്ര മന്ത്രിമാരും ചേര്‍ന്ന് നടത്തിയ ഭരണകൂട ഗൂഡാലോചനയാണ് രോഹിത്തിന്റെ ആത്മഹത്യയ്ക്ക് ഇടയാക്കിയത് എന്ന് ആരോപണത്തില്‍ ഉറച്ചു നില്‍ക്കുകയാണ് വിദ്യാര്‍ത്ഥികള്‍.

ദളിത് വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് കത്തയച്ച് ബന്ദാരു ദത്താത്രേയ, യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ അപ്പ റാവു എന്നിവര്‍ തല്‍സ്ഥാനത്തു നിന്നും മാറുന്നതു വരെ നിരാഹാര സമരം തുടരുമെന്നാണ് വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കുന്നത്. ഹൈദരാബാദ് സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ എത്തിക്കൊണ്ടിരിക്കുന്നു.

രോഹിത്തിന്റെ മരണത്തിന് ഭരണകൂടം തന്നെയാണ് ഉത്തരവാദിയെന്നും രോഹിത്തിന്റ കുടുംബത്തിനും ദളിത് സമൂഹത്തിനും നീതി ലഭ്യമാക്കാന്‍ സര്‍ക്കാര്‍ തയ്യാറാക്കണമെന്നും ദേശീയ ദളിത് സംഘടനയായ ദളിത് ശോഷന്‍ മുക്തി മഞ്ച് ആവശ്യപ്പെട്ടു. ദളിത് വിവേചനത്തിനെതിരായ സമരം ദേശീയ തലത്തില്‍ ശക്തമാക്കുമെന്നും ദളിത് ശോഷന്‍ മുക്തി മഞ്ച് നേതാക്കള്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here