ദളിതര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നു; കേന്ദ്രസര്‍ക്കാരിന്റ ചൂഷണത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധം നടത്തുമെന്ന് ദളിത് സംഘടനകള്‍

ദില്ലി: രാജ്യത്ത് ദളിതര്‍ക്കും ദളിത് വിദ്യാര്‍ഥികള്‍ക്കും നേരെയുള്ള ആക്രമണങ്ങള്‍ പതിന്‍മടങ്ങ് വര്‍ധിച്ചതായി ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ കണക്കുകള്‍. ദളിതര്‍ക്ക് നേരെയുള്ള കേന്ദ്രസര്‍ക്കാര്‍ ചൂഷണത്തിന് എതിരെ രാജ്യവ്യാപക പ്രതിഷേധം നടത്തുമെന്ന് ദളിത് സംഘടനകള്‍ ദില്ലിയില്‍ വ്യക്തമാക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന കാവിവത്കരണത്തിലെ ഒടുവിലത്തെ ഇരയാണ് ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയിലെ രോഹിത് വെമുല.

നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ ഏറിയ ശേഷം ഒന്നിന് പുറകേ ഒന്നായി രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ രാഷ്ട്രീയ വേട്ടയാടപ്പെടലിന് വിധേയമാവുകയാണ്. റൂര്‍ക്കി ഐഐടിയില്‍ വിദ്യാര്‍ഥികള്‍ക്ക് നേരെയുള്ള സര്‍ക്കാര്‍ വേട്ടയാടലിന് പിന്നാലെയായിരുന്നു പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് ഉള്‍പ്പടെ ബിജെപി അനുഭാവികളെ നിയമിച്ചത്. വേണ്ടത്ര യോഗ്യതകള്‍ ഇല്ലാത്ത ഇവരുടെ നിയമനത്തിന് എതിരെ 230 ദിവസം നീണ്ട വിദ്യാര്‍ത്ഥി നിരാഹാരത്തിന് ഇടയിലും സര്‍ക്കാര്‍ തീരുമാനം വാര്‍ത്തവിതരണ മന്ത്രാലയം നടപ്പാക്കി. ഇതിനെതിരെ പ്രതിഷേധം രൂക്ഷമാകുന്നതിന് ഇടയിലാണ് ദില്ലി യൂണിവേഴ്സ്റ്റിയില്‍ അയോദ്ധ്യ നിര്‍മ്മാണാവിശ്യമുയര്‍ത്തിയ സെമിനാര്‍ നടന്നത്. ബാബാ റാം ദേവിനെ കൊണ്ട് ക്ലാസ് എടുപ്പിച്ചതിന് പിന്നാലെയായിരുന്നു സുബ്രഹ്മണ്യന്‍ സ്വാമിയെ കൊണ്ട് സെമിനാര്‍ നടത്തിയത്. അതിരൂക്ഷമായ പ്രതിഷേധമാണ് വിദ്യാര്‍ത്ഥികള്‍ ഇതിന് എതിരെ ഉയര്‍ത്തിയത്.

കാവിവത്കരണ നടപടികളിലുള്ള പ്രതിഷേധം അലയടിക്കുമ്പോഴാണ് ഹൈദരാബാദ് സര്‍വ്വകലാശാല വിദ്യാര്‍ഥിയുടെ ആത്മഹത്യ നരേന്ദ്രമോദി സര്‍ക്കാരിന് നേരെയുള്ള ചോദ്യമാകുന്നത്. എല്ലാ പ്രതീക്ഷകളും വറ്റിയ ഗവേഷക വിദ്യാര്‍ഥിയുടെ മൃതദേഹത്തിനോടും പോലീസ് നീതി കാണിച്ചില്ല.

ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ 13,706 ദളിത് ആക്രമണങ്ങള്‍ ഉണ്ടായതായി ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ കണക്കുകള്‍ കാണിക്കുന്നു. 30ശതമാനം ആക്രമണത്തിന്റെ വര്‍ധനവാണ് ദളിത് വിദ്യാര്‍ഥികള്‍ക്ക് നേരെ ഉണ്ടായത്. 1,047 കോടി രൂപയുടെ സ്‌കോളാര്‍ഷിപ്പ് ദളിത് വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ നല്‍കിയിട്ടില്ല. ദളിതര്‍ക്ക് നേരെയുള്ള സര്‍ക്കാര്‍ ചൂഷണത്തിന് എതിരെ രാജ്യ വ്യാപക പ്രതിഷേധം നടത്തുമെന്ന് ദളിത് സംഘടനകള്‍ അറിയിച്ചു. ഹരിയാനയിലും ഫരീദാബാദിലും തലയുയര്‍ത്തിയ ജാതിഭ്രാന്ത് പ്രശസ്ത സര്‍വ്വകാലാശാലകളിലേക്കും നിഴല്‍ പരത്തുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News