മോശം വെളിപ്പെടുത്തലുകള്‍ മുഖ്യമന്ത്രി മേന്മയായി കാണുന്നുവെന്ന് പിണറായി; വെള്ളാപ്പള്ളിയുടെ മുഴുവന്‍ തട്ടിപ്പുകളും അന്വേഷിക്കണം

കോഴിക്കോട്: സോളാര്‍ തട്ടിപ്പില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ മോശം കാര്യങ്ങള്‍ നടന്നതായി എഡിജിപി ഹേമചന്ദ്രന്‍ ശരിവെച്ചെന്ന് സിപിഐഎം പിബി അംഗം പിണറായി വിജയന്‍. വെള്ളാപ്പള്ളി നടേശന്റെ മുഴുവന്‍ തട്ടിപ്പുകളും അന്വേഷിക്കണമെന്നും പിണറായി നവകേരളാ മാര്‍ച്ചിനോടനുബന്ധിച്ച് പേരാമ്പ്രയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഹേമചന്ദ്രന്റെ വെളിപ്പെടുത്തലുകള്‍ കേസില്‍ മുഖ്യമന്ത്രിക്കും ഓഫീസിനുമുള്ള പങ്കാണ് വ്യക്തമാക്കുന്നത്. എന്നാല്‍ അഴിമതിക്കേസുകളിലെ എതിര്‍തെളിവുകളെല്ലാം ഉമ്മന്‍ചാണ്ടി തനിക്കുള്ള മേന്‍മയും പൊന്‍തൂവലുകളുമായാണ് കാണുന്നതെന്നും പിണറായി പറഞ്ഞു.

മൈക്രോ ഫിനാന്‍സ് തട്ടിപ്പില്‍ വെള്ളാപ്പള്ളി നടേശനെതിരെ കോടതി അന്വേഷണം ആവശ്യപ്പെട്ടിരിക്കയാണ്. പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്റെ ഹര്‍ജിയിലാണ് കോടതി അന്വേഷണം ആവശ്യപ്പെട്ടത്. വെള്ളാപ്പള്ളിയുടെ മുഴുവന്‍ തട്ടിപ്പുകളിലും സമഗ്രമായ അന്വേഷണം വേണം. എന്നാല്‍ വിജിലന്‍സ് ഈ കേസ് എത്ര വിജിലന്റ് ആയി അന്വേഷിക്കും എന്ന് പറയാനാവില്ല. വിജിലന്‍സ് അത്ര വിജിലന്റ് അല്ല എന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം വിമര്‍ശിച്ചിരുന്നു. എന്നാല്‍ പാവപ്പെട്ട സഹോദരിമാരെ വായ്്പയുടെ പേരില്‍ വഞ്ചിച്ച കേസില്‍ അവര്‍ക്ക് നീതിലഭ്യമാക്കാന്‍ വിജിലന്‍സ് ഈ കേസിലെങ്കിലും വിജിലന്റ് ആകുമെന്ന് കരുതാം.

ശമ്പള പരിഷ്‌ക്കരണത്തില്‍ ഇതുവരെയില്ലാത്ത വെട്ടിച്ചുരുക്കലാണ് സര്‍ക്കാര്‍ വരുത്തിയിട്ടുള്ളത്. അത് താഴെ തട്ടിലുള്ള ജീവനക്കാരെ ബാധിക്കും. ജീവനക്കാര്‍ കൃത്യമായി പണിയെടുക്കണമെന്നുള്ളത് ഒരു വശമാണ്. അവര്‍ക്ക് ന്യായമായ ശമ്പളവും നല്‍കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണെന്നും പിണറായി പറഞ്ഞു. കുമ്മനം ആര്‍എസ്എസ് നയങ്ങള്‍ നേരിട്ടു നടപ്പാക്കുന്നയാളാണെന്നും പിണറായി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News