ജയരാജനെ പ്രതി ചേര്‍ത്തത് ആര്‍എസ്എസിനു വേണ്ടിയെന്ന് പിണറായി വിജയന്‍; മൂന്നു ദിവസം കൊണ്ട് എന്തു തെളിവു ലഭിച്ചു; യുഎപിഎ ചുമത്തിയത് ജാമ്യം കിട്ടാതിരിക്കാന്‍

കോഴിക്കോട്: കതിരൂര്‍ മനോജ് വധക്കേസില്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ ബോധപൂര്‍വം കേസില്‍ കുടുക്കിയതാണെന്ന് സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍. ആര്‍എസ്എസിന്റെ വാക്കുകേട്ട് സിബിഐ പ്രവര്‍ത്തിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ കുറ്റപത്രം സമര്‍പ്പിച്ചപ്പോഴൊന്നും ജയരാജന്‍ കേസില്‍ പ്രതിയായിരുന്നില്ല. മൂന്നു ദിവസം മുമ്പ് സിബിഐ കോടതിയില്‍ അറിയിച്ചതും ജയരാജനെ പ്രതിയാക്കാന്‍ വേണ്ട തെളിവൊന്നും ലഭിച്ചിട്ടില്ലെന്നായിരുന്നു. ഇപ്പോള്‍ മൂന്നു ദിവസം കൊണ്ട് എന്തു തെളിവാണ് കിട്ടിയത്. അപ്പോള്‍ ഇത് ആര്‍എസ്എസിന്റെ നിര്‍ദേശപ്രകാരം പാര്‍ട്ടിയെ തകര്‍ക്കാനാണ് പുതിയ കുറ്റപത്രമെന്നും പിണറായി വിജയന്‍ പറഞ്ഞു. ആര്‍എസ്എസിന്റ നിര്‍ദേശം അനുസരിച്ച് സിബിഐ പ്രവര്‍ത്തിക്കുകയാണ് ചെയ്തത്. ഒരു തെളിവിന്റെയും അടിസ്ഥാനത്തിലല്ല പ്രതിയാക്കിയത്.

2007 മുതല്‍ ജയരാജന്‍ പൊലീസ് കാവലിലാലണ് സഞ്ചരിക്കുന്നത്. അങ്ങനെയുള്ള ജയരാജന്‍ ഗൂഢാലോചനയില്‍ പങ്കെടുത്തെങ്കില്‍ അത് പൊലീസുകാരനും അറിഞ്ഞിരിക്കണം. അപ്പോള്‍ പൊലീസുകാരനും പ്രതിയായി വരേണ്ടതല്ലേ എന്നും പിണറായി ചോദിച്ചു. ജാമ്യം ലഭിക്കാതിരിക്കാനാണ് യുഎപിഎ ചുമത്തിയത്.
യുഎപിഎ ചേര്‍ക്കുമ്പോള്‍ കോടതിക്ക് അതു പരിശോധിക്കാനാകും. സിബിഐ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. പാര്‍ട്ടിയുടെ സ്വതന്ത്രമായ പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്നതിനാണ് ഇത്തരമൊരു കേസില്‍ പെടുത്തി അകത്താക്കാന്‍ ശ്രമിച്ചത്. ആര്‍എസ്എസിന്റെ ആശങ്കയില്‍ പാര്‍ട്ടിക്കു പേടിയില്ല. ഒരിക്കല്‍ ജയരാജന്റെ ജീവനെടുക്കാന്‍ ശ്രമിച്ചവരാണ് ആര്‍എസ്എസ്. ആ പക ഇപ്പോഴും തീര്‍ന്നിട്ടില്ല.

ജയരാജനെ കേസില്‍പെടുത്താനുള്ള ആര്‍എസ്എസിന്റെ രാഷ്ട്രീയനീക്കം പാര്‍ട്ടി നേരിടുക തന്നെ ചെയ്യും. കോടതിയില്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളുകയും ചെയ്യും. ആര്‍എസ്എസിനെ പ്രീതിപ്പെടുത്താന്‍ താല്‍പര്യമുള്ള ആഭ്യന്തര വകുപ്പ് ഇതിനു വേണ്ട ഒത്താശകളെല്ലാം ചെയ്തു കൊടുക്കുകയാണ്. സിബിഐ എത്രത്തോളം പരിഹാസ്യമായി എന്നാണ് ഇതില്‍ നിന്നു മനസ്സിലാക്കേണ്ടത്. ജയരാജനോടും പാര്‍ട്ടിയോടും ആര്‍എസ്എസിനുള്ള വിരോധം എല്ലാവര്‍ക്കും അറിയാം. ജയരാജനെ കേസില്‍ പെടുത്തി ഇല്ലാതാക്കുന്നതോടെ പാര്‍ട്ടിയുടെ കണ്ണൂരിലെ പ്രവര്‍ത്തനം തടസ്സപ്പെടുത്താമെന്നാണ് ആര്‍എസ്എസ് കണക്കുകൂട്ടുന്നത്. അതിനെ ആ രീതിയില്‍ തന്നെ നേരിടും. രാഷ്ട്രീയമായും നിയമപരമായും കേസിനെ നേരിടുമെന്നും പിണറായി വിജയന്‍ കോഴിക്കോട്ട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News