സസ്‌പെന്‍ഡ് ചെയ്ത വിദ്യാര്‍ത്ഥികളെ തിരിച്ചെടുത്തത് വിസിയെ രക്ഷിക്കാന്‍; കേന്ദ്രം ഇന്നു നിലപാടറിയിക്കും

ഹൈദരാബാദ്: ഹൈദരാബാദ് കേന്ദ്രസര്‍വകലാശാലയില്‍ സസ്‌പെന്റ് ചെയ്ത ദളിത് വിദ്യാര്‍ഥികളെ തിരിച്ചെടുത്തത് വൈസ് ചാന്‍സലറെ രക്ഷപെടുത്താനെന്ന് ആരോപണം. ദളിത് പീഡനത്തില്‍ കുപ്രസിദ്ധനായ വിസി അപ്പാ റാവുവിനെ പുറത്താക്കണമെന്നതാണ് വിദ്യാര്‍ഥികളുടെ പ്രധാന ആവശ്യം. വിസിയെ പുറത്താക്കുന്നതു വരെ സമരം അവസാനിപ്പിക്കില്ലെന്നും വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇന്ന് നിര്‍ണായക തീരുമാനം എടുക്കും.

രാജ്യവ്യാപക പ്രതിഷേധത്തിനിടെ നാല് ദളിത് വിദ്യാര്‍ഥികളുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചതോടെ വിദ്യാര്‍ഥികളോട് സമരം അവസാനിപ്പിക്കണമെന്ന് സര്‍വകലാശാല അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. അനുകൂല നിലപാട് സ്വീകരിക്കാമെങ്കില്‍ വിദ്യാര്‍ഥികളുമായി ചര്‍ച്ച നടത്താമെന്നും വൈസ് ചാന്‍സലര്‍ അപ്പാറാവു പറഞ്ഞു. വിസിയെ പുറത്താക്കാതെ ഒരു ചര്‍ച്ചയ്ക്കും ഇല്ലെന്ന് വിദ്യാര്‍ഥി പ്രതിനിധികള്‍ വ്യക്തമാക്കി. വിസിയെ പുറത്താക്കാതിരിക്കാനാണ് സസ്‌പെന്‍ഷന്‍ പിന്‍വലിച്ചതെങ്കില്‍ നടപടി അംഗീകരിക്കില്ലെന്നും വിദ്യാര്‍ഥികള്‍ പ്രതികരിച്ചു. വിസിയെയും രണ്ടു കേന്ദ്രമന്ത്രിമാരേയും പുറത്താക്കുക, രോഹിത് വെമുലയുടെ വീട്ടുകാര്‍ക്ക് ധനസഹായം നല്‍കുക എന്നിവ ഉള്‍പ്പടെയുള്ള ആവശ്യങ്ങള്‍ അംഗീകരിക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും വിവിധ വിദ്യാര്‍ഥി സംഘടനകള്‍ വ്യക്തമാക്കി.

അതേസമയം 2002ല്‍ സര്‍വകലാശാലാ ചീഫ് വാര്‍ഡന്‍ ആയിരിക്കേ വിസി അപ്പാ റാവു നടത്തിയ ദളിത് പീഡനത്തിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത് വന്നു. ഹോസ്റ്റല്‍ ശുചിമുറി വൃത്തിയാക്കാന്‍ ദളിത് വിദ്യാര്‍ഥികള്‍ മതിയെന്ന അപ്പാ റാവുവിന്റെ നിലപാടില്‍ പ്രതിഷേധം ഉയര്‍ത്തിയ പത്ത് വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. അന്ന് അപ്പാറാവു പുറപ്പെടുവിച്ച സസ്‌പെന്‍ഷന്‍ നോട്ടീസ് ചൂണ്ടിക്കാട്ടി വിദ്യാര്‍ഥികള്‍ സര്‍വകലാശാലാ എകസിക്യൂട്ടീവ് കൗണ്‍സിലിന് പരാതി നല്‍കി. എന്നാല്‍ കേന്ദ്രമന്ത്രിമാരുടെ മേലുള്ള ആരോപണം മയപ്പെടുത്താന്‍ വിസി അപ്പാറാവുവിനെ താത്കാലികമായി സസ്‌പെന്‍ഡ് ചെയ്യാമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്. ഇതുസംബന്ധിച്ച് നിര്‍ണായക തീരുമാനം സര്‍ക്കാര്‍ ഇന്ന് വ്യക്തമാക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News