വെള്ളം കിട്ടാത്ത വാട്ടര്‍ കണക്ഷന്‍ ആണെങ്കിലും ബില്ലിന് കുറവൊന്നുമില്ല; കൊല്ലത്ത് വൃദ്ധയായ വീട്ടമ്മയ്ക്ക് ലഭിച്ചത് മൂന്നരലക്ഷം രൂപയുടെ ബില്ല്

കൊല്ലം: വെള്ളം വരാത്ത കണക്ഷനാണെങ്കിലും വാട്ടര്‍ അതോറിറ്റിയുടെ വക ബില്ലിന് കുറവൊന്നുമില്ല. കൊല്ലത്ത് വൃദ്ധയായ വീട്ടമ്മയ്ക്ക് ലഭിച്ചത് 3,80,000 രൂപയുടെ ബില്ല്. കൊല്ലം പുന്തലത്താഴം ഗുരുദേവനഗറില്‍ മഠത്തില്‍വിളവീട്ടില്‍ രാധയെയാണ് കിട്ടാത്ത വെള്ളത്തിന് തലകറങ്ങുന്ന ബില്ലുമായി വാട്ടര്‍ അതോറിറ്റി കറണ്ട് അടിപ്പിച്ചത്.

2014 വരെ കൃത്യമായി കാറ്റുമാത്രം വന്നുകൊണ്ടിരുന്ന പൈപ്പ് കണക്ഷന് രാധ വെള്ളക്കരം ഒടുക്കിയിരുന്നു. 2015-ല്‍ ഭര്‍ത്താവിന് സുഖമില്ലായതോടെ പണം അടയ്ക്കാന്‍ കഴിഞ്ഞിരുന്നില്ല. നാലു ദിവസം മുമ്പ് കൊല്ലം ജലവകുപ്പിന്റെ ഓഫീസില്‍ കുടിശ്ശിക അടയ്ക്കാന്‍ എത്തിയപ്പോഴാണ് രാധയ്ക്ക് 3,83,146 രൂപയുടെ കുടിശ്ശിക ഉണ്ടെന്ന് ഉദ്യോഗസ്ഥര്‍ എഴുതി നല്‍കിയത്. രണ്ടുതവണ ജലവകുപ്പിനെ സമീപിച്ച വകയില്‍ 340 രൂപയും ബന്ധുക്കളുടെ സഹായത്താല്‍ ജീവിതം തള്ളി നീക്കുന്ന രാധയ്ക്ക് ചെലവായി. അതേസമയം ജലവകുപ്പ് ഉദ്യോഗസ്ഥര്‍ മീറ്റര്‍ റീഡിംഗിന് വരാറില്ലെന്ന് പ്രദേശവാസികളും പറയുന്നു.

ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ട കുടുംബങള്‍ ദാഹജലത്തിന് സ്വകാര്യ കുടിവെള്ള കമ്പനികളെ ആശ്രയിച്ചു തുടങ്ങിയിരിക്കുകയാണ്. ഈ കുടുംബങ്ങള്‍ക്കും വാട്ടര്‍ അതോറിറ്റി മുടങ്ങാതെ ബില്‍ നല്‍കുന്നുണ്ടെന്നതാണ് ഏറെ കൗതുകകരം. വേനല്‍ കാലം ഉടന്‍ എത്താതിരുന്നെങ്കിലെന്ന് ആശിച്ചുപോവുകയാണ് നാട്ടുകാര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News