പതിനാല് ഐഎസ് അനുകൂലികള്‍ അറസ്റ്റില്‍; ഭീകരരെന്നു സംശയിക്കുന്നവര്‍ കാര്‍ തട്ടിയെടുത്തു; രാജ്യമെങ്ങും എന്‍ഐഎയുടെ റെയ്ഡ്; അതീവജാഗ്രതാ നിര്‍ദേശം

ദില്ലി: രാജ്യമെങ്ങും നടത്തിയ റെയ്ഡില്‍ ഇസ്ലാമിക് സ്റ്റേറ്റ് അനുകൂലികളായ പതിനാലു പേര്‍ അറസ്റ്റിലായി. ബംഗളുരുവില്‍നിന്ന് ആറു പേരും ഹൈദരാബാദില്‍നിന്നു നാലു പേരും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു നാലു പേരുമാണ് അറസ്റ്റിലായത്. അതിനിടെ, പത്താന്‍കോട്ടില്‍നിന്നു ദില്ലിയിലേക്കു വാടകയ്ക്കു വിളിച്ച ഓള്‍ട്ടോ കാറുമായി ഭീകരരെന്നു സംശയിക്കുന്ന സംഘം കടന്നു. ഡ്രൈവറെ കൊലപ്പെടുത്തിയ ശേഷമാണ് സംഘം കാറുമായി കടന്നുകളഞ്ഞത്. റിപബ്ലിക് ദിനത്തോട് അനുബന്ധിച്ച് രാജ്യത്തു ഭീകരാക്രമണ സാധ്യത നിലനില്‍ക്കേ രാജ്യമെങ്ങും അതീവജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.

കഴിഞ്ഞദിവസം ഇന്തോ – തിബത്തന്‍ അതിര്‍ത്തി പൊലീസ് ഐജിയുടെ ടാറ്റാ സഫാരി മോഷണം പോയതിന് പിന്നാലെയാണ് വാടകയ്‌ക്കെടുത്ത കാറും കാണാതായത്. പത്താന്‍കോട്ടില്‍നിന്ന് ഈ മാസം പത്തൊമ്പതിനാണ് വെളുത്ത നിറത്തിലെ കാര്‍ തട്ടിയെടുത്തത്. ദില്ലിയിലേക്കു വാടകയ്ക്കു വിളിച്ച കാറാണ് മൂന്നംഗ സംഘം തട്ടിയെടുത്തത്. ഇന്നലെ രാത്രിയോടെയാണ് ഹിമാചല്‍ പ്രദേശിലെ കംഗ്രയില്‍നിന്നു ഡ്രൈവറുടെ മൃതദേഹം കണ്ടെത്തിയത്. കാര്‍ കാണാതായതോടെ സംഘം ഭീകരരുമായി ബന്ധമുള്ളവരാണോ എന്ന സംശയം രൂക്ഷമായി. ഇതോടെയാണ് ദില്ലിയില്‍ അതീവജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചത്.

കാര്‍ പഞ്ചാബിലേക്കു മടങ്ങിപ്പോയെന്നാണ് സംശയിക്കുന്നത്. റിപബ്ലിക് ദിനത്തോടനുബന്ധിച്ച് ദില്ലിയില്‍ ഭീകരാക്രമണത്തിനു സാധ്യതയുണ്ടെന്നു രഹസ്യാന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. റിപബ്ലിക് ദിനത്തിന് രാജ്യത്തിന്റെ അതിഥിയായി പങ്കെടുക്കുന്ന ഫ്രഞ്ച് പ്രസിഡന്റ് ഫാങ്കോയിസ് ഹോളാന്തിന് ഐഎസിന്റെ ഭീഷണണിയുണ്ടായിരുന്നു. പാരിസ് മോഡലില്‍ ആക്രമണം നടത്തുമെന്നാണ് ഐഎസ് ഭീഷണിപ്പെടുത്തിയത്.

ഐജിയുടെ ഔദ്യോഗിക വാഹനവും ഇന്നലെ വാടകയ്‌ക്കെടുത്ത കാറും മോഷണം പോയ സാഹചര്യത്തിലാണ് രാജ്യമെങ്ങും അന്വേഷണ ഏജന്‍സികള്‍ ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചത്. തുടര്‍ന്ന് എന്‍ഐഎ നടത്തിയ പരിശോധനയിലാണ് ബംഗളുരു, ഹൈദരാബാദ് എന്നിവിടങ്ങളില്‍നിന്ന് ഐഎസ് അനുകൂലികളെ അറസ്റ്റ് ചെയ്തത്. ഇവരെ പൊലീസും എന്‍ഐഎയും ചോദ്യം ചെയ്യും. ബംഗളുരു, മംഗളുരു, തുംകൂര്‍ ജില്ലകളില്‍നിന്നുള്ളവരാണ് അറസ്റ്റിലായവര്‍. ഇവരില്‍ ഒരാള്‍ കെമിക്കല്‍ എന്‍ജിനീയറിംഗ് കോഴ്‌സിന് ചേര്‍ന്നു പൂര്‍ത്തിയാക്കാതെ കോളജ് വിട്ടയാളാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News