എണ്ണ വില കുറഞ്ഞത് പ്രവാസികള്‍ക്ക് ഇരുട്ടടിയായി; വാടകയും ചെലവുകളും കൂടി; ശമ്പളം വെട്ടിക്കുറയ്ക്കലും പിരിച്ചുവിടലും പതിവായി; പലരും നാട്ടിലേക്ക് മടങ്ങുന്നു

ചെന്നൈ: എണ്ണവിലയില്‍ ആഗോളതലത്തിലുണ്ടായ കുറവില്‍ സാമ്പത്തിക പ്രതിസന്ധിയിലേക്കു നീങ്ങുന്ന ഗള്‍ഫ് രാജ്യങ്ങള്‍ പ്രവാസികളായ തൊഴിലാളികളെ പിഴിയാനൊരുങ്ങുന്നു. പ്രവാസികളുടെ വരുമാനത്തില്‍നിന്നു നികുതി പിരിക്കാനാണ് പല ഗള്‍ഫ് രാജ്യങ്ങളുടെയും തീരുമാനം. സാമ്പത്തിക പ്രതിസന്ധി മുന്നില്‍കണ്ടു മിക്ക ഗള്‍ഫ് രാജ്യങ്ങളില്‍നിന്നും പ്രവാസികള്‍ കുടുംബങ്ങളെ നാട്ടിലേക്കു മടക്കി അയക്കുകയാണ്.

ഒമാനാണ് ഇക്കാര്യത്തില്‍ നീക്കങ്ങള്‍ ശക്തമായക്കിയിരിക്കുന്നത്. ഒമാനില്‍ ജോലി ചെയ്യുന്ന വിദേശികളുടെ വരുമാനത്തില്‍ വലിയ രീതിയില്‍ കുറവുണ്ടാകുമെന്നാണ് സൂചന. ഗള്‍ഫ് കോര്‍പറേഷന്‍ കൗണ്‍സില്‍ (ജിസിസി) രാജ്യങ്ങളുടെ നിലനില്‍പുതന്നെ അപകടത്തിലാക്കുന്ന വിധമാണ് എണ്ണ വിലയില്‍ കുറവുണ്ടായത്. ദുബായില്‍മാത്രമാണ് സ്ഥിതിക്കു മാറ്റമുള്ളത്.

അസംസ്‌കൃത എണ്ണ വിലയില്‍ കുറവുണ്ടായ സാഹചര്യത്തില്‍ വലിയ തോതില്‍ തൊഴിലസവരങ്ങള്‍ വെട്ടിക്കുറയ്ക്കുന്നതിനെക്കുറിച്ചും ഗള്‍ഫ് രാജ്യങ്ങളും കമ്പനികളും ആലോചിക്കുന്നുണ്ട്. പല രാജ്യങ്ങളിലും പല പ്രൊജക്ടുകളും ഉപേക്ഷിച്ചതായും റിപ്പോര്‍ട്ടുണ്ട്. എണ്ണവിലയില്‍ കുറവുവന്നതോടെ, പല രാജ്യങ്ങളും ഇന്ധനം, വെള്ളം, വൈദ്യുതി എന്നിവയ്ക്കുള്ള നികുതിയില്‍ വര്‍ധനവരുത്തിയിരുന്നു. ഇന്ത്യയില്‍നിന്നുള്ള പ്രവാസികളെയൊണ് ഇത് ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത്. ജിസിസി രാജ്യങ്ങള്‍ ആറു മാസം മുമ്പു പ്രവാസികളില്‍നിന്ന് ആദായനികുതി പിരിച്ചെടുക്കാന്‍ തീരുമാനിച്ചിരുന്നു. വാല്യൂ ആഡഡ് ടാക്‌സും റെമിറ്റന്‍സ് ടാക്‌സും കൂടി നടപ്പാക്കാനാണ് യുഎഇയുടെ പദ്ധതി.

ആഗോളവിപണിയിലെ എണ്ണവിലയിലുണ്ടായ കുറവ് ഗള്‍ഫ് രാജ്യങ്ങളെ കടുത്ത പ്രതിസന്ധഇയിലാക്കിയതായാണ് സൂചനകള്‍ വ്യക്തമാക്കുന്നത്. പല രാജ്യങ്ങളിലും നിരവധി വികസനപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചു. സ്വകാര്യമേഖലയിലും പണമൊഴുകാത്തതിനാല്‍ ഇവിടെയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. ദുബായില്‍ നടക്കാനിരിക്കുന്ന എക്‌സ്‌പോ 2020 ആകാതെ പുതിയ പദ്ധതി കരാറുകളൊന്നും ഒപ്പിടാനിടയില്ലെന്നാണ് പ്രവാസി സംഘടനകള്‍ പോലും കരുതുന്നത്.

ദുബായ്, ഖത്തര്‍, കുവൈത്ത് എന്നിവിടങ്ങളിലായി നൂറു കോടി അമേരിക്കന്‍ ഡോളറിന്റെ വികസന-നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് അനിശ്ചിതത്വത്തിലായിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ നിത്യാവശ്യ സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കുമുള്ള നിരക്ക് കുത്തനെ ഉയര്‍ന്നിരിക്കുകയാണ്. വാടക വന്‍തോതില്‍ വര്‍ധിച്ചു. സ്‌കൂളില്‍ ഫീസും കൂടി. ഇന്ത്യക്കാരില്‍ പലരും വാടക നല്‍കാനും കുട്ടികളുടെ ഫീസും നല്‍കാന്‍ കഴിയാത്തതിനാലാണ് കുടുംബങ്ങളെ നാട്ടിലേക്കു മടക്കി അയയ്്ക്കുന്നത്.

എണ്ണവിലയിലെ കുറവ് സാമ്പത്തികമായി ബാധിച്ചപ്പോള്‍ നിരവധി കമ്പനികള്‍ ശമ്പളം വെട്ടിക്കുറയ്ക്കുകയോ ജോലിക്കാരെ പിരിച്ചുവിടുകയോ ചെയ്യുകയാണ്. പലരും ഗള്‍ഫിലെ ജോലിയില്‍ പ്രതീക്ഷയര്‍പ്പിച്ചു വന്‍തുക വായ്പയും മറ്റും എടുത്തവരാണ്. സാധാരണ തൊഴിലാളികളാണ് പലപ്പോഴും പിരിച്ചുവിടപ്പെടുന്നതോ ശമ്പളം കുറയ്ക്കപ്പെടുന്നതിനോ ഇരയാകുന്നത്. പലരുടെയും വായ്പാ തിരിച്ചടവുകള്‍ ഇതോടകം മുടങ്ങിയിട്ടുമുണ്ട്.

കമ്പനികള്‍ താമസസൗകര്യം നല്‍കാത്തവര്‍ക്കു സ്വന്തം നിലയില്‍ താമസമൊരുക്കേണ്ടതായി വരുന്നുണ്ട്. ഇതിനായി ഭീമമായ തുകയാണു വേണ്ടിവരിക. കുടുംബങ്ങളായി താമസിച്ചിരുന്നവര്‍ വരുമാനം കുറഞ്ഞതോടെയാണ് കുടുംബങ്ങളെ മടക്കി അയച്ചു സുഹൃത്തുക്കള്‍ ഒന്നിച്ചു താമസസൗകര്യം കണ്ടെത്താന്‍ ആരംഭിച്ചത്. മടക്കി അയക്കപ്പെട്ട പലരും വര്‍ഷങ്ങളായി ഗള്‍ഫ് നാടുകളില്‍ താമസിക്കുന്നവരായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News