ദില്ലി: സുനന്ദ പുഷ്‌കറിന്റെ മരണം സംബന്ധിച്ചുള്ള അന്വേഷണം വഴി തെറ്റിക്കാന്‍ ശശി തരൂര്‍ ശ്രമിച്ചുവെന്ന് ദില്ലി എയിംസിലെ ഡോക്ടര്‍മാര്‍. സുനന്ദയ്ക്ക് ലൂപ്പസ് രോഗമുണ്ടെന്ന് തെറ്റായ വിവരം ഡോക്ടര്‍മാരെ അറിയിച്ചതിന് പിന്നില്‍ ഗൂഢലക്ഷ്യമാണുള്ളതെന്നാണ് വിലയിരുത്തല്‍. സുനന്ദയുടെ മരണം സംബന്ധിച്ച് ദില്ലി പൊലീസിന് നല്‍കിയ റിപ്പോര്‍ട്ടിലാണ് എയിംസിലെ ഫോറന്‍സിക് ഡോക്ടര്‍മാര്‍ ഇക്കാര്യം അറിയിച്ചത്.
അല്‍പ്രാക്‌സ് ഗുളിക അമിത അളവില്‍ സുനന്ദയുടെ ശരീരത്തില്‍ ചെന്നതാണ് മരണകാരണമെന്ന് വിദേശ ലബോട്ടറികളിലെ പരിശോധനയില്‍ സ്ഥിരീകരിക്കുന്നതായും എയിംസ് ഡോക്ടര്‍മാര്‍ ദില്ലി പൊലീസിനെ അറിയിച്ചു.
സുനന്ദ പുഷ്‌കറിന്റെ അന്തരീകാവയങ്ങളുടെ പരിശോധന നടത്തിയ വിദേശ ലബോട്ടറികളുടെ റിപ്പോര്‍ട്ട് ഇക്കഴിഞ്ഞ 12-ാം തിയതി ദില്ലി പൊലീസിന് ലഭിച്ചു. ഇത് വിശകലനം ചെയ്ത് എയിംസ് ഡോക്ടര്‍മാര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് അന്വേഷണ അട്ടിമറി സൂചിപ്പിച്ചിരിക്കുന്നത്. സുനന്ദയ്ക്ക് ലൂപ്പസ് രോഗമുണ്ടെന്ന് വരുത്തി തീര്‍ക്കാന്‍ ശശി തരൂര്‍ ഫോറന്‍സിക് ഡോക്ടര്‍മാര്‍ക്ക് അയച്ച കത്ത് ദുരൂഹമാണ്. അന്വേഷണം വഴി തെറ്റിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് നടത്തിയത്. അത് തെളിയിക്കുന്ന രണ്ട് കാരണങ്ങള്‍ എയിംസ് ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.
ഒന്ന് മരിക്കുന്നതിന് രണ്ട് ദിവസം മുമ്പ് കേരളത്തില്‍ നടത്തിയ പരിശോധനയില്‍ പൂര്‍ണ്ണ ആരോഗ്യവതിയായിരുന്നു സുനന്ദ. രണ്ട്, ലൂപ്പ്‌സ് രോഗമുണ്ടെന്ന് കാണിക്കാന്‍ ശശി തരൂര്‍ ദുബായില്‍ ജോലി ചെയ്യുന്ന ഒരു ഡോക്ടറുടെ കുറിപ്പടി ചേര്‍ത്തിരുന്നു. എന്നാല്‍ ഈ ഡോക്ടറാകട്ടെ വെറും ശിശുരോഗ പരിശോധകന്‍ മാത്രമാണ്. ലൂപ്പസ് രോഗം നിര്‍ണ്ണയിക്കാനോ കണ്ടെത്താനോയുള്ള പരിശീലനം ഇയാള്‍ നേടിയിട്ടില്ല. ഇക്കാരണങ്ങള്‍ കൊണ്ട് തന്നെ കേസ് അട്ടിമറിക്കാനുള്ള ശ്രമമണ് തരൂര്‍ നടത്തിയതെന്ന് വ്യക്തം.
അതേസമയം, സുനന്ദയുടെ മരണം അല്‍പ്രാക്‌സ് ഗുളിക അമിത അളവില്‍ ശരീരത്തില്‍ ചെന്നാണെന്ന് വിദേശ ലബോട്ടറികളില്‍ നടത്തിയ പരിശോധയിലും വ്യക്തമായി. ബലം പ്രയോഗിച്ച് സുനന്ദയുടെ ശരീരത്തിലേയ്ക്ക് മരുന്ന് കുത്തിവച്ചതാണായോന്ന് കണ്ടെത്തണമെന്ന് എയിംസ് ഡോക്ടര്‍മാര്‍ പൊലീസിന് നല്‍കിയ റിപ്പോര്‍ട്ടില്‍ അറിയിക്കുന്നു. കൊല്ലപ്പെടുന്നതിന് 12 മണിക്കൂര്‍ മുമ്പ് ഉണ്ടായ 15 മുറിവുകള്‍ സുനന്ദയുടെ ശരീരത്തിലുണ്ട്. ചിലത് ഇഞ്ചക്ഷന്‍ നടത്തിയ ഉണ്ടായ മുറിവുകളാണ്. എയിംസിലെ ഡോക്ടര്‍മാര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ദില്ലി പൊലീസ് കൂടുതല്‍ അന്വേഷണം നടത്തും. തരൂരിനെ വീണ്ടും ചോദ്യം ചെയ്‌തേയ്ക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here