ലഖ്‌നൗ: ദളിത് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. ലഖ്‌നൗ ബിആര്‍ അംബേദ്കര്‍ സര്‍വകലാശാലയിലാണ് സംഭവം. നരേന്ദ്ര മോദി പ്രസംഗിക്കുന്നതിനിടെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചു. ഇതേത്തുടര്‍ന്ന് പ്രസംഗം അല്‍പ നേരത്തേക്ക് തടസപ്പെട്ടു. പ്രതിഷേധിച്ചവരെ പൊലീസ് തടഞ്ഞുവച്ചു. ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയ ശേഷമാണ് പരിപാടി.

ഹൈദരാബാദ് സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥി രോഹിത് വെമുലയുടെ ആത്മഹത്യയില്‍ ദുഖം പ്രകടിപ്പിക്കുന്നുവെന്ന് മോദി പറഞ്ഞു. രാഷ്ട്രീയം മാറ്റിവെച്ച് കുടുംബത്തിന്റെയും അമ്മയ്ക്ക് മകനെ നഷ്ടപ്പെട്ട വേദനയിലും പങ്കുചേരുന്നു എന്നും നരേന്ദ്ര മോദി പറഞ്ഞു. രോഹിത് വമുലയുടെ ആത്മഹത്യയ്ക്ക് ശേഷം കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് രാജ്യമെങ്ങും പ്രതിഷേദം അലയടിക്കുകയാണ്. ഇതേത്തുടര്‍ന്നാണ് ദിവസങ്ങള്‍ക്ക് ശേഷം പ്രധാനമന്ത്രി ദുഖം രേഖപ്പെടുത്തിയത്.

 

 

അതേസമയം രോഹിതിന്റെ ആത്മഹത്യയില്‍ കേന്ദ്രസര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയമാണ് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചത്. രോഹിതിന്റെ ആത്മഹത്യയിലേക്ക് നയിച്ച സാഹചര്യങ്ങള്‍ ജുഡീഷ്യല്‍ അന്വേഷണത്തിന്‍രെ പരിധിയില്‍ ഉള്‍പ്പെടുത്തി. അന്വേഷണം ആവശ്യപ്പെട്ടുള്ള പ്രതിഷേധം രൂക്ഷമായ സാഹചര്യത്തിലാണ് അന്വേഷണം പ്രഖ്യാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധിതരായത്.

ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലും ദില്ലി ഉള്‍പ്പടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും പ്രതിഷേധം ശക്തമായി തുടരുകയാണ്. രോഹിത് വെമുലയുടെ മരണത്തിന് പിന്നില്‍ ആര്‍എസ്എസിന്റെയും സംഘപരിവാറിന്റെയും ദളിത് വിരുദ്ധ നിലപാടുകള്‍ ആണ് എന്നാണ് പ്രതിഷേധക്കാര്‍ ഉയര്‍ത്തുന്ന ഗുരുതര ആരോപണം.