ലെസ്ബിയന്‍ പ്രണയചിത്രം ‘അണ്‍ഫ്രീഡം’ തിരുവനന്തപുരത്ത്; സെന്‍സര്‍ ബോര്‍ഡിന്റെ വിലക്ക് ലംഘിച്ച് ചിത്രം പ്രദര്‍ശിപ്പിക്കും

ലെസ്ബിയന്‍ പ്രണയം പ്രമേയമാക്കിയ ‘അണ്‍ഫ്രീഡം’ എന്ന ചിത്രത്തിന്റെ പ്രദര്‍ശനം തിരുവനന്തപുരത്ത്. കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് ഏര്‍പ്പെടുത്തിയ വിലക്ക് ലംഘിച്ചാണ് ചിത്രം പൊതുസദസില്‍ പ്രദര്‍ശിപ്പിക്കുന്നത്. ജനുവരി 31ന് വൈകുന്നേരം അഞ്ചുമണിക്ക് ടാഗോര്‍ തിയേറ്ററിന് സമീപത്തെ ലെനിന്‍ ബാലവാടിയിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. തിരുവനന്തപുരത്തെ ഫിലീം ലൗവേഴ്‌സ് കള്‍ച്ചറള്‍ അസോസിയേഷന്റെ നേതൃത്വത്തിലാണ് പ്രദര്‍ശനം.

സംവിധായകന്‍ രാജ് അമിത് കുമാറാണ് ചിത്രത്തിന്റെ സംവിധാനം. സ്വവര്‍ഗാനുരാഗവും മുസ്ലീങ്ങള്‍ അഭിമുഖീകരിക്കുന്ന പീഡനങ്ങളുമാണ് ചിത്രത്തിലെ ഇതിവൃത്തം. സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്ന വാദമുയര്‍ത്തിയാണ് ഇന്ത്യയില്‍ സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന്റെ പ്രദര്‍ശനത്തിന് വിലക്കേര്‍പ്പെടുത്തിയത്.

മുംബൈ ഐഐടി, ദില്ലി ഐഐടി എന്നിവിടങ്ങളിലെ ഫിലിം ക്ലബുകളുടെ നേതൃത്വത്തില്‍ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. 24ന് കോയമ്പത്തൂരിലും ചിത്രത്തിന്റെ പ്രദര്‍ശനമൊരുക്കിയിട്ടുണ്ട്.

കഹാനി ഘര്‍ ഘര്‍ കി എന്ന സീരിയലിലൂടെ ശ്രദ്ധേയയായ പ്രീതി ഗുപ്തയാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വ്യത്യസ്ത സാഹചര്യത്തിലെ രണ്ട് തട്ടിക്കൊണ്ട് പോകല്‍ സംഭവങ്ങളാണ് സിനിമയെ മുന്നോട്ട് നയിക്കുന്നത്. ന്യൂയോര്‍ക്കില്‍ ഒരു മുസ്ലീം തീവ്രവാദി ജനാധിപത്യവാദിയായ ഒരു മുസ്ലീം പണ്ഡിതനെ തട്ടിക്കൊണ്ട് പോകുന്നു, അതേസമയം തന്നെ ദില്ലിയില്‍ സ്വവര്‍ഗ അനുരാഗിയായി സ്ത്രീ മറ്റൊരു യുവതിയേയും തട്ടിക്കൊണ്ട് പോകുന്നു. തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഹരി നായരാണ് ഛായഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. വിക്ടര്‍ ബാനര്‍ജി, ആദില്‍ ഹുസൈന്‍, ഭാനു ഉദയ് എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here