നേതാജിയുടെ തിരോധാനം; കൂടുതല്‍ രഹസ്യ ഫയലുകള്‍ ഇന്ന് പരസ്യപ്പെടുത്തും; തീരുമാനം ബോസിന്റെ കുടുംബത്തിന്റെ ആവശ്യപ്രകാരം

ദില്ലി: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട കൂടുതല്‍ രഹസ്യ ഫയലുകള്‍ കേന്ദ്രസര്‍ക്കാര്‍ ഇന്ന് പരസ്യപ്പെടുത്തും. വിവിധ മന്ത്രാലയങ്ങളില്‍ നിന്ന് കണ്ടെടുത്ത നൂറ് രഹസ്യ ഫയലുകളാണ് പരസ്യപ്പെടുത്തുന്നത്. ബോസിന്റെ തിരോധാനത്തിലെ ദുരൂഹത നീക്കാന്‍ ഫയലുകള്‍ പരസ്യപ്പെടുത്തണമെന്ന് ബോസിന്റെ കുടുംബം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.

പ്രധാനമന്ത്രിയുടെ ഓഫീസിലെയും, വിദേശകാര്യ, ആഭ്യന്തര മന്ത്രാലയത്തിന്റെയും കൈവശമുണ്ടായിരുന്ന രഹസ്യ ഫയലുകളില്‍ ഒരു വിഭാഗമാണ് കേന്ദ്രസര്‍ക്കാര്‍ ഇന്ന് പരസ്യപ്പെടുത്തുന്നത്. നാഷണല്‍ ആര്‍ച്ചീവസ് ഓഫ് ഇന്ത്യ മൂന്ന് മന്ത്രാലയങ്ങളില്‍ നിന്നും രഹസ്യ ഫയലുകള്‍ ഡിജിറ്റല്‍ രൂപത്തിലാക്കിയിരുന്നു. ഇത്തരത്തില്‍ ഡിജിറ്റല്‍ രൂപത്തിലാക്കിയ 100 ഫയലുകളാണ് ഇന്ന് പരസ്യപ്പെടുത്തുക. വരും മാസങ്ങളില്‍ തുടര്‍ന്ന് 25 ഫയലുകളില്‍ വീതം പരസ്യപ്പെടുത്തുമെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ബോസിന്റെ തിരോധാനത്തിലെ ദുരൂഹത നീക്കാന്‍ സര്‍ക്കാര്‍ കൈവശമുള്ള ഫയലുകള്‍ പരസ്യപ്പെടുത്തണമെന്ന് ബോസിന്റെ കുടുംബം കേന്ദ്രസര്‍ക്കാരിനോട് ആവിശ്യപ്പെട്ടിരുന്നു. ബോസിന്റെ ജന്മ വാര്‍ഷിക ദിനമായ ഇന്ന് ഫയലുകള്‍ പരസ്യപ്പെടുത്തുമെന്ന് പ്രധാനമന്ത്രി ഒക്ടോബര്‍ 14ലെ കൂടിക്കാഴ്ച്ചയില്‍ ബോസിന്റെ കുടുംബത്തോട് വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ രഹസ്യ ഫയലുകള്‍ ഇന്ന് പരസ്യപ്പെടുത്തുമെന്നും സാംസ്‌കാരിക മന്ത്രി മഹേഷ് ശര്‍മ്മ അറിയിച്ചു.

1945 ആഗസ്റ്റ് 18ന് ബോസ് തായ്വാനിലെ തെയ്‌ഹോകു വിമാനത്താവളത്തില്‍ ഉണ്ടായ അപകടത്തില്‍ മരിച്ചു എന്നാണ് ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ ഔദ്യോഗിക ഭാഷ്യം. നെഹ്‌റുവിന്റെയും ഇന്ദിരയുടേയും കാലത്ത് ഇതിനെപ്പറ്റി അന്വേഷിച്ച കമ്മീഷനുകള്‍ വിമാനാപകടത്തില്‍ മരണപ്പെട്ടെന്ന് സ്ഥരീകരിക്കുകയും മൊറാര്‍ജി ദേശായിയുടെ ഭരണകാലത്ത് ഈ റിപ്പോര്‍ട്ട് തള്ളികളയുകയും ചെയ്തിരുന്നു. എന്നാല്‍ വിമാനപകടം ഉണ്ടായില്ലെന്നാണ് വാജ്‌പേയി സര്‍ക്കാര്‍ നിയോഗിച്ച കമ്മീഷന്‍ കണ്ടെത്തിയത്. ഇത് വിവാദമായതോടെ മന്‍മോഹന്‍സിങ് ഗവണ്‍മെന്റ് ഈ റിപ്പോര്‍ട്ട് തള്ളി കളഞ്ഞു. ബോസിന്റേതെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്ന റെങ്കോജി ക്ഷേത്രത്തിലെ ചിതാഭസ്തം ഡിഎന്‍എ പരിശോധന നടത്തണമെന്നും ദുരൂഹതകള്‍ അവസാനിപ്പിക്കണമെന്നും അനിതാ ബോസ് ആവിശ്യപ്പെട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News