തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ കെ എം മാണിക്കു പിന്നാലെ എക്‌സൈസ് മന്ത്രി കെ ബാബുവും രാജിവച്ചു. എറണാകുളം പ്രസ്‌ക്ലബില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് ബാബു രാജി പ്രഖ്യാപിച്ചത്. ബാര്‍ ലൈസന്‍സ് പുതുക്കാന്‍ ബാറുടമകളില്‍നിന്നു കോഴ വാങ്ങിയെന്ന ഹര്‍ജിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ബാബു രാജിവച്ചത്. പീപ്പിള്‍ ടിവിയാണ് ബാര്‍ കോഴക്കേസ് പുറത്തുകൊണ്ടുവന്നത്.
കേസില്‍ തനിക്കെതിരേ കോടതി നടപടിയുണ്ടാവുകയാണെങ്കില്‍ രാജി വയ്ക്കുമെന്നു നേരത്തേ പ്രഖ്യാപിച്ചിരുന്നെന്നും കോടതി ഉത്തരവിന്റെ പകര്‍പ്പുപോലും വായിക്കാന്‍ കാത്തുനില്‍ക്കാതെ താന്‍ രാജിവയ്ക്കുകയാണെന്നു ബാബു പറഞ്ഞു. താന്‍ ഇതുവരെ കേസിലൊന്നും പ്രതിയല്ല. തനിക്കെതിരേ ആസൂത്രിതമായ ഗൂഢാലോചന നടന്നു. വി ശിവന്‍കുട്ടി എംഎല്‍എയുടെ തിരുവനന്തപുരത്ത വസതിയില്‍വച്ചായിരുന്നു ഗൂഢാലോചനയെന്നും ഗൂഢാലോചനയില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പങ്കെടുത്തുവെന്നും ബാബു ആരോപിച്ചു.
കോടതി ഉത്തരവു വരുമ്പോള്‍ ആലുവ മുട്ടം മെട്രോ യാര്‍ഡില്‍ കൊച്ചി മെട്രോയുടെ ട്രയല്‍ റണ്‍ പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു ബാബു. അവിടെവച്ചുതന്നെ മുഖ്യമന്ത്രിയോട് രാജി സന്നദ്ധത അറിയിച്ചെന്നും മരടില്‍ ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുത്ത ശേഷം ഗസ്റ്റ് ഹൗസിലെത്തി മുഖ്യമന്ത്രിയുമായും മറ്റു മുതിര്‍ന്ന നേതാക്കളുമായും കൂടിയാലോചിക്കുകയായിരുന്നെന്നും ബാബു പറഞ്ഞു.
സത്യം തെളിയുമെന്നു പ്രതീക്ഷിക്കുന്നു. 2013 ഫെബ്രുവരി 2ന് ബാര്‍ അസോസിയേഷന്‍ നേതാക്കളുമായി നടത്തിയ ചര്‍ച്ചയാണ് ആരോപണത്തിന് ആധാരം. ആരോപണം ഉന്നയിക്കുന്നത് രണ്ടു വര്‍ഷത്തിന് ശേഷമാണ്. ആരോപണം ഉന്നയിച്ച മദ്യരാജാവ് ആ സമയത്ത് തനിക്കെതിരേ ഒന്നും പറഞ്ഞില്ല. ആരോപണം ഉന്നയിച്ച ആള്‍ നാലുതവണ വിജിലന്‍സിന് മൊഴി കൊടുത്തിട്ടുണ്ട്. അന്നും ഒന്നും പറഞ്ഞില്ല. തനിക്കു പണം തന്നിട്ടില്ലെന്ന് കേരള കൗമുദി പത്രത്തില്‍ വാര്‍ത്ത വന്നിരുന്നു. ആ വാര്‍ത്ത തന്റെ ഓഫീസില്‍ ഇരിക്കുന്നുണ്ട്. അന്നു രാത്രിയാണ് തനിക്കെതിരായി ആരോപണം ഉന്നയിക്കുന്നത്. ആസൂത്രിതമാണ് തനിക്കെതിരായി നടന്ന കാര്യങ്ങള്‍. കോടതി വിധി അസാധാരണമാണ്. എക്‌സൈസ് വകുപ്പ് ഏറ്റെടുത്തത് താല്‍പര്യത്തോടെയല്ലെന്നും കോടതിയുടെ വിധിപ്പകര്‍പ്പു പോലും കിട്ടിയിട്ടില്ലെന്നും മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് രാജിയെന്നും ബാബു പറഞ്ഞു.
മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ഫോണില്‍ ആശയവിനിമയം നടത്തിയശേഷമാണ് രാജി തീരുമാനത്തില്‍ ബാബു എത്തിയത്. തനിക്കെതിരേ അന്വേഷണം പ്രഖ്യാപിച്ചാല്‍ രാജിവയ്ക്കുമെന്നു ബാബു നേരത്തേ പറഞ്ഞിരുന്നു. ഇന്നു രാവിലെയാണ് ബാര്‍ കോഴക്കേസില്‍ ബാബുവിനെതിരേ കേസെടുത്ത് അന്വേഷണം നടത്താന്‍ തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടത്. ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നു നിര്‍ദേശിച്ച കോടതി വിജിലന്‍സിന് ആത്മാര്‍ഥതയും സത്യസന്ധതയും ഇല്ലെന്നും കോടതി നിരീക്ഷിച്ചു. ബാബുവിനെതിരായ ത്വരിത പരിശോധനാ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഒരു മാസം സമയം ആവശ്യപ്പെട്ടു വിജിലന്‍സ് നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ പരാമര്‍ശങ്ങള്‍.
അന്വേഷണ വിവരങ്ങള്‍ ലോകായുക്തയിലാണ് എന്ന ന്യായമാണ് വിജിലന്‍സ് കോടതിയില്‍ അവതരിപ്പിച്ചത്. ഈ വിവരങ്ങള്‍ തേടാനാണ് വിജിലന്‍സ് സമയം തേടിയത്. ലോകായുക്ത ഉള്ളതുകൊണ്ട് വിജിലന്‍സ് അടച്ചുപൂട്ടണോ എന്നും കോടതിയെ മണ്ടനാക്കരുതെന്നും കോടതി പറഞ്ഞു. അന്വേഷണം കോടതിയുടെ മേല്‍നോട്ടത്തിലാകണമെന്നും നിര്‍ദേശിച്ചു. വിജിലന്‍സിന് ഇച്ഛാശക്തിയില്ല. വിജിലന്‍സ് ഗാണ്ഡീവം നഷ്ടപ്പെട്ട അര്‍ജുനനാണോ? പരാതി തെളിയിക്കാനുള്ള ബാധ്യത സര്‍ക്കാരിനാണുള്ളത്. കെ ബാബുവിന്റെ വീടും ആസ്തികളും പരിശോധിക്കാന്‍ സര്‍ക്കാര്‍ തയാറായോ? ഒന്നര മാസമായി അന്വേഷണ ഉദ്യോഗസ്ഥ എന്തു ചെയ്യുകയായിരുന്നെന്നും കോടതി ചോദിച്ചു.
ബാര്‍ ലൈസന്‍സ് ഫീസ് കുറയ്ക്കാന്‍ കെ ബാബു പണം വാങ്ങിയെന്നാണ് ആരോപണം. ബാര്‍ ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ഡോ. ബിജു രമേശിന്റെ ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. താന്‍ മന്ത്രി ബാബുവിന്റെ ഓഫീസിലെത്തി നേരിട്ടു പണം നല്‍കിയെന്നായിരുന്നു ബിജു രമേശിന്റെ ആരോപണം. കെ എം മാണിക്കു താന്‍ നേരിട്ടു പണം നല്‍കിയെന്നു ബിജു രമേശ് പറഞ്ഞിരുന്നില്ലെന്നതാണ് ശ്രദ്ധേയം. ബാറുടമകള്‍ പണം നല്‍കിയതായി തനിക്കറിയാം എന്നായിരുന്നു മാണിക്കെതിരായ ആരോപണത്തില്‍ ബിജു രമേശ് ചൂണ്ടിക്കാട്ടിയത്.
നേരത്തേ, കെ ബാബുവിനെ രക്ഷിക്കാനായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ ശ്രമം. കെ ബാബുവിന്റെ പങ്ക് വ്യക്തമാക്കാതെ അന്വേഷണം നടത്തി കെ എം മാണിയെ കുരുക്കിലാക്കാനായിരുന്നു ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ സര്‍ക്കാരിന്റെ ശ്രമം. കെ എം മാണിക്കെതിരേ ത്വരിതാന്വേഷണം നടത്തിയപ്പോള്‍ ബാബുവിനെതിരേ വിജിലന്‍സ് മാനുവലില്‍ പോലുമില്ലാത്ത പ്രാഥമികാന്വേഷണമാണ് വിജിലന്‍സ് നടത്തിയത്. ബാബുവിനെതിരേ ആരോപണങ്ങള്‍ തെളിയിക്കാനായില്ലെന്നു കാട്ടി രക്ഷിക്കാനായിരുന്നു ശ്രമം. കെ എം മാണിയുടെ രാജിയോടെ ബാര്‍ കോഴ അവസാനിക്കില്ല എന്നാണ് ഇതോടെ വ്യക്തമാകുന്നത്. സംസ്ഥാന സര്‍ക്കാരിലെ പ്രമുഖര്‍ക്കു ബാര്‍ കോഴയില്‍ പങ്കുണ്ടെന്നു നേരത്തേ ആരോപണമുണ്ടായിരുന്നു. ഇതു സമര്‍ഥിക്കുന്ന വിധമാണ് തൃശൂര്‍ വിജിലന്‍സ് കോടതി കെ ബാബുവിനെതിരേ കേസെടുക്കാന്‍ ഉത്തരവിട്ടതും വിജിലന്‍സിനെ രൂക്ഷമായി വിമര്‍ശിച്ചതും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here