മോദിക്കെതിരെ മുദ്രാവാക്യം മുഴക്കിയ വിദ്യാര്‍ത്ഥികളെ ഹോസ്റ്റലില്‍ നിന്ന് പുറത്താക്കി; പ്രതിഷേധിച്ചതില്‍ കുറ്റബോധമില്ലെന്നും അവസരം ലഭിച്ചാല്‍ ഇനിയും ചെയ്യുമെന്നും വിദ്യാര്‍ത്ഥികള്‍

ലഖ്‌നൗ: ലഖ്‌നൗവില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ മുദ്രാവാദ്യം വിളിച്ച് പ്രതിഷേധിച്ച വിദ്യാര്‍ഥികളെ ഹോസ്റ്റലില്‍ നിന്നും പുറത്താക്കി. രാം കിരണ്‍ നിര്‍മ്മല്‍, അമേന്ദ്രകുമാര്‍ ആര്യ എന്നിവരെയാണ് പുറത്താക്കിയത്. ഹൈദരാബാദിലെ ദളിത് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയില്‍ കേന്ദ്ര തുടരുന്ന മൗനത്തില്‍ പ്രതിഷേധിച്ചാണ് വിദ്യാത്ഥികള്‍ മുദ്രാവാക്യം വിളിച്ചത്.

അംബേദ്ക്കര്‍ യൂണിവേഴ്‌സിറ്റി ബിരുദദാനചടങ്ങിനിടെ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. പരിപാടി നടക്കുന്ന സമയത്ത് പ്രതിഷേധിച്ച ഇവരെ പൊലീസ് കരുതല്‍ തടങ്കലില്‍ വെച്ചിരിക്കുകയായിരുന്നു. പിന്നീട് പുറത്തിറങ്ങിപ്പോഴാണ് ഹോസ്റ്റലില്‍ നിന്ന് പുറത്താക്കിയ വിവരം അറിഞ്ഞത്.

‘രണ്ടു ദിവസത്തെ ബുക്കിംഗ് ഉണ്ടായിട്ട് കൂടി എന്നെ രാത്രിയില്‍ ഹോസ്റ്റലില്‍ കയറാന്‍ അനുവദിച്ചില്ല. ഹോസ്റ്റല്‍ മുറിക്കായി 200 രൂപ ഡെപ്പോസിറ്റും അടച്ചിരുന്നു. ‘ നിര്‍മ്മല്‍ മാധ്യമങ്ങളോട് പറഞ്ഞു. ചെയ്ത കാര്യത്തില്‍ കുറ്റബോധമില്ലെന്നും അവസരം ലഭിച്ചാല്‍ ഇനിയും ചെയ്യുമെന്ന് അമരേന്ദ്രകുമാര്‍ പറഞ്ഞു. സ്വന്തം ഇഷ്ടപ്രകാരമാണ് തങ്ങള്‍ പ്രതിഷേധിച്ചതെന്നും അതിന് രാഷ്ട്രീയ പ്രേരണയില്ലെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. അതേസമയം, സുരേന്ദ്രനിഗം എന്ന വിദ്യാര്‍ത്ഥിയും ഇവര്‍ക്കൊപ്പം പ്രതിഷേധിച്ചിരുന്നു. എന്നാല്‍ ഇയാള്‍ക്കെതിരെ കേസെടുത്തിട്ടില്ല.

നരേന്ദ്ര മോദി പ്രസംഗിക്കുന്നതിനിടെ വിദ്യാര്‍ത്ഥികള്‍ മോഡി, ഗോ ബാക്ക് മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുകയായിരുന്നു. ഇതേത്തുടര്‍ന്ന് പ്രസംഗം അല്‍പ നേരത്തേക്ക് തടസപ്പെട്ടിരുന്നു. ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയ ശേഷമായിരുന്നു മോദി സംസാരിച്ചത്. ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലും ദില്ലി ഉള്‍പ്പടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും പ്രതിഷേധം ശക്തമായി തുടരുകയാണ്. രോഹിത് വെമുലയുടെ മരണത്തിന് പിന്നില്‍ ആര്‍എസ്എസിന്റെയും സംഘപരിവാറിന്റെയും ദളിത് വിരുദ്ധ നിലപാടുകള്‍ ആണ് എന്നാണ് പ്രതിഷേധക്കാര്‍ ഉയര്‍ത്തുന്ന ഗുരുതര ആരോപണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel