അവസാന ഏകദിനത്തില്‍ ഇന്ത്യക്ക് ആശ്വാസജയം; ഓസീസിനെ തോല്‍പിച്ചത് ആറു വിക്കറ്റുകള്‍ക്ക്; ജയമൊരുക്കിയത് മനീഷ് പാണ്ഡെയും ധവാനും രോഹിതും

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ ഇന്ത്യക്ക് ആശ്വാസജയം. 331 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ രണ്ടു പന്തും ആറു വിക്കറ്റും ശേഷിക്കെ ലക്ഷ്യം മറികടന്നു. നാലു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 49.4 ഓവറില്‍ 331 റണ്‍സെടുത്തു. സെഞ്ചുറി നേടിയ മനീഷ് പാണ്ഡെയും രോഹിത് ശര്‍മയുടെയും ശിഖര്‍ ധവാന്റെയും അര്‍ധ സെഞ്ചുറികളുമാണ് ഇന്ത്യക്ക് ജയം സമ്മാനിച്ചത്. ഒരു റണ്‍സിനാണ് രോഹിത് ശര്‍മയ്ക്ക് സെഞ്ചുറി നഷ്ടമായത്. പാണ്ഡെ 104ഉം രോഹിത് 99ഉം ധവാന്‍ 78ഉം റണ്‍സെടുത്തു. നായകന്‍ ധോണി 42 പന്തില്‍ 34 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.

331 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയും ശിഖര്‍ ധവാനും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. ഇരുവരും ചേര്‍ന്ന് ഇന്ത്യന്‍ സ്‌കോര്‍ അതിവേഗം 100 കടത്തി. 78 റണ്‍സെടുത്ത ധവാനെ ഹേസ്റ്റിംഗ്‌സ് പുറത്താക്കിയ ശേഷം എത്തിയ കോഹ്‌ലി വേഗത്തില്‍ മടങ്ങി. 8 റണ്‍സെടുത്ത കോഹ്‌ലിയെ മടക്കിയതും ഹേസ്റ്റിംഗ്‌സ് ആയിരുന്നു. പിന്നീടു വന്ന മനീഷ് പാണ്ഡെയെ കൂട്ടുപിടിച്ച് രോഹിത് രക്ഷാപ്രവര്‍ത്തനം തുടര്‍ന്നു. ഒടുവില്‍ സെഞ്ചുറിക്ക് ഒരു റണ്‍ അകലെ രോഹിതിന് കാലിടറി. 99 റണ്‍സെടുത്ത രോഹിതും ഹേസ്റ്റിംഗ്‌സിന് കീഴടങ്ങി. മനീഷ് പാണ്ഡെ 104 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. 81 പന്തില്‍ നിന്ന് 8 ബൗണ്ടറിയും ഒരു സിക്‌സറും അടക്കമാണ് പാണ്ഡെയുടെ ഇന്നിംഗ്‌സ്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിന് ഇറങ്ങിയ ഓസ്‌ട്രേലിയ 50 ഓവറില്‍ 7 വിക്കറ്റു നഷ്ടത്തിലാണ് 330 റണ്‍സെടുത്തത്. ഓപ്പണര്‍ ആരോണ്‍ ഫിഞ്ചിനെ തുടക്കത്തില്‍ തന്നെ നഷ്ടമായെങ്കിലും ഡേവിഡ് വാര്‍ണറുടെയും ഷോണ്‍ മാര്‍ഷിന്റെയും സെഞ്ചുറികളാണ് ഓസീസ് ഇന്നിംഗ്‌സിനു കരുത്തായത്. വാര്‍ണര്‍ 122 റണ്‍സെടുത്തപ്പോള്‍ മാര്‍ഷ് 102 റണ്‍സോടെ പുറത്താകാതെ നിന്നു. സ്മിത്ത് 28ഉം മാത്യു വേഡ് 36ഉം റണ്‍സെടുത്തു. മധ്യനിര അമ്പേ പരാജയമായിരുന്നു. മധ്യനിരയില്‍ മറ്റാരും കാര്യമായി സ്‌കോര്‍ ചെയ്തില്ല. ഇഷാന്ത് ശര്‍മയും ബുമ്രയും രണ്ടു വിക്കറ്റു വീതം വീഴ്ത്തി.

അഞ്ചു മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര നേരത്തെ ഓസ്‌ട്രേലിയ സ്വന്തമാക്കിയിരുന്നു. ആദ്യ നാലു മത്സരങ്ങളും ജയിച്ചത് ഓസീസ് ആയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News