വനിതാ എസ്‌ഐയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് മനുഷ്യാവകാശം സംരക്ഷിക്കാനുള്ള ഡിഐജിയായി നിയമനം

മീററ്റ്: വനിതാ എസ്‌ഐയെ പീഡിപ്പിച്ച കേസിലെ പ്രതിയായ പൊലീസ് ഓഫീസര്‍ക്ക് മനുഷ്യാവകാശ സംരക്ഷണച്ചുമതലയുള്ള ഡിഐജിയായി നിയമനം. പീഡിപ്പിച്ചെന്ന പരാതിയില്‍ സസ്‌പെന്‍ഷന്‍ കാലാവധി കഴിഞ്ഞതോടെയാണ് ഉത്തര്‍പ്രദേശിലെ മുതിര്‍ന്ന പൊലീസ് ഓഫീസറായ ദേവി പ്രസാദ് ശ്രീവാസ്തവയ്ക്കാണ് മനുഷ്യാവകാശ സംരക്ഷണച്ചുമതലയുള്ള ഡിഐജിയായി സര്‍ക്കാര്‍ നിയമനം നല്‍കിയത്. മീററ്റിലെ പൊലീസ് ട്രെയിനിംഗ് കോളജില്‍ സൈബര്‍ കുറ്റകൃത്യങ്ങളില്‍ സ്‌പെഷലൈസ് ചെയ്ത സബ് ഇന്‍സ്‌പെക്ടറായ യുവതിയാണ് പരാതിക്കാരി.

2014 ഏപ്രില്‍ 23 നായണ് ശ്രീവാസ്തവയുടെ പീഡനത്തിന് പൊലീസുകാരി ഇരയായത്. പരാതികള്‍ നല്‍കിയിട്ടും സ്വീകരിക്കാന്‍ പൊലിസ് തയാറായിരുന്നില്ല. ഫേസ്ബുക്കില്‍ പേജുണ്ടാക്കി പൊലിസിനെതിരേയും സര്‍ക്കാരിനെതിരെയും ശക്തമായി മുന്നോട്ടു നീങ്ങിയപ്പോഴാണ് 2014 മേയ് 31നു പൊലീസ് കേസെടുത്തത്. തുടര്‍ന്നാണ് ശ്രീവാസ്തവയെ സസ്‌പെന്‍ഡ് ചെയ്തത്. അന്ന് പൊലീസ് ട്രെയിനിംഗ് കോളജ് ഡിഐജിയായിരുന്നു. ഇക്കാലത്താണ് പീഡനം നടന്നത്.

പിന്നീട് കഴിഞ്ഞവര്‍ഷം ജനുവരിയില്‍ ഫുഡ് സേഫ്റ്റി ആന്‍ഡ് ഡ്രഗ്‌സ് അഡ്മിനിസ്‌ട്രേഷനില്‍ ഡിഐജിയായി സര്‍വീസില്‍ തിരിച്ചെടുത്തു. ഇക്കഴിഞ്ഞ ദിവസം നടത്തിയ പൊലീസ് അഴിച്ചുപണിയിലാണ് മനുഷ്യാവകാശസംരക്ഷണച്ചുമതലയുള്ള ഡിഐജിയായി ശ്രീവാസ്തവയെ നിയമിച്ചത്.

താന്‍ യുപി പൊലീസിന്റെ ഭാഗമായി നില്‍ക്കുമ്പോഴും കേസില്‍ നീതി ലഭിക്കില്ലെന്നുറപ്പായതായി ശ്രീവാസ്തവയുടെ നിയമനത്തെക്കുറിച്ചു പരാതിക്കാരിയായ എസ് ഐ പ്രതികരിച്ചു. കേസ് കോടതി അകാരണമായി വൈകിക്കുകയാണ്. എല്ലാ വിചാരണ ദിവസവും താന്‍ അസുഖബാധിതനാണെന്ന നോട്ടീസ് നല്‍കി ഡിഐജി ഹാജരാകാതിരിക്കുകയാണെന്നും യുവതി പറയുന്നു. അതേസമയം, താന്‍ മനുഷ്യാവകാശച്ചുമതലയുള്ള ഡിഐജിയായി നിയമിക്കപ്പെടുന്നത് കേസിനെ ഒരു വിധത്തിലും ബാധിക്കില്ലെന്നു ശ്രീവാസ്തവ പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here