നേതാജിയെ നെഹ്‌റു യുദ്ധക്കുറ്റവാളിയെന്നു വിളിച്ചു; ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് കത്തയച്ചു; കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ട രഹസ്യഫയലുകളില്‍ ഞെട്ടിക്കുന്ന വസ്തുതകള്‍

ദില്ലി: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ തിരോധാനം സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ട രഹസ്യഫയലുകളില്‍ ഞെട്ടിക്കുന്ന വസ്തുതകള്‍. മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു നേതാജിയെ യുദ്ധക്കുറ്റവാളിയെന്ന് വിളിച്ചെന്നാണ് രഹസ്യഫയലുകളെ കുറിച്ച് അറിവുള്ള സര്‍ക്കാരുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. പുറത്തുവിട്ട 100 രഹസ്യഫയലുകളില്‍ ഇക്കാര്യവും ഉള്‍പ്പെട്ടിട്ടുണ്ട്. നേതാജിയെ യുദ്ധക്കുറ്റവാളിയായി ചിത്രീകരിച്ച് അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ക്ലെമന്റ് ആറ്റ്‌ലിക്ക് നെഹ്‌റു കത്തയയ്ക്കുകയും ചെയ്തിരുന്നു. നേതാജി റഷ്യയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന രഹസ്യവിവരവും നെഹ്‌റു ബ്രിട്ടീഷ് പ്രധാനമന്ത്രിക്കയച്ച കത്തില്‍ വ്യക്തമാക്കിയിരുന്നു.

1945 ഡിസംബര്‍ 27നാണ് നെഹ്‌റു ക്ലെമന്റ് ആറ്റ്‌ലിക്ക് കത്തയച്ചത്. യുദ്ധക്കുറ്റവാളിയെന്നു ആറ്റ്‌ലിയും സര്‍ക്കാരും വിശേഷിപ്പിച്ച സുഭാഷ് ചന്ദ്രബോസ് റഷ്യയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതായി വിശ്വസനീയമായ കേന്ദ്രങ്ങളില്‍ നിന്ന് മനസ്സിലാക്കാന്‍ സാധിച്ചതായാണ് കത്തില്‍ പറയുന്നത്. റഷ്യന്‍ സര്‍ക്കാര്‍ ഇതിനു അനുമതി നല്‍കുകയും ചെയ്തിട്ടുണ്ട്. ബ്രിട്ടന്റെ സഖ്യകക്ഷിയായ റഷ്യ ഈ ചെയ്തത് വിശ്വാസവഞ്ചനയാണെന്നാണ് കത്തില്‍ ആരോപിക്കുന്നു. ഇക്കാര്യത്തില്‍ വേണ്ട നടപടി താങ്കള്‍ പരിശോധിച്ച് എടുക്കണമെന്നും ആവശ്യപ്പെട്ടാണ് കത്ത് അവസാനിപ്പിക്കുന്നത്.

നെഹ്‌റുവിന് നേതാജിയോട് വേണ്ടത്ര താല്‍പര്യമുണ്ടായിരുന്നില്ലെന്ന വാദഗതികള്‍ ശരിവയ്ക്കുന്നതാണ് കത്ത്. നേതാജി മരണപ്പെട്ടു എന്നു വിശ്വസിക്കപ്പെടുന്നതിനു നാലുമാസങ്ങള്‍ക്കു ശേഷമാണ് കത്തെഴുതിയിട്ടുള്ളത്. ഓഗസ്റ്റ് 18 1945നാണ് തായ്‌പേയിയില്‍ നടന്ന വിമാനാപകടത്തില്‍ നേതാജി മരണപ്പെട്ടു എന്നാണ് വിശ്വസിക്കപ്പെടുന്നത്. കത്തെഴുതിയതാകട്ടെ 1945 ഡിസംബറിലും. അതിനര്‍ത്ഥം നേതാജി ആ സമയം കൊല്ലപ്പെട്ടു എന്നത് നെഹ്‌റു വിശ്വസിച്ചിരുന്നില്ലെന്നു വേണം കരുതാന്‍.

നേതാജിയുടെ തിരോധാനവുമായി ബന്ധപ്പെട്ട 100 രഹസ്യഫയലുകളാണ് കേന്ദ്രസര്‍ക്കാര്‍ ഇന്നു പുറത്തുവിട്ടത്. ഇതില്‍ 33 എണ്ണവും പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നാണ്. നേതാജിയുടെ കുടുംബാംഗങ്ങളും കൂടി ഉള്‍പ്പെടുന്ന ചടങ്ങിലാണ് ഫയലുകള്‍ പുറത്തുവിട്ടത്. ബാക്കിയുള്ളവ ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നും വിദേശകാര്യ മന്ത്രാലയത്തില്‍ നിന്നുമാണ്. എന്നാല്‍, നേതാജി തായ്‌പേയിയിലെ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടു എന്നു സ്ഥിരീകരിക്കുന്ന ഒരു തെളിവുകളും ഈ ഫയലുകള്‍ നല്‍കുന്നില്ലെന്ന് നേതാജിയുടെ പൗത്രന്‍ ചന്ദ്രകുമാര്‍ ബോസ് പറഞ്ഞു. ഡിജിറ്റല്‍ രേഖകളാക്കിയ ഫയലുകള്‍ ദേശീയ പുരാവസ്തു കേന്ദ്രത്തില്‍ സൂക്ഷിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News