ഇടതുപക്ഷം ബംഗാള്‍ ജനതയ്ക്ക് സമ്മാനിച്ചത് ജനപക്ഷ വികസനത്തിന്റെ നല്ല നാളുകള്‍; അധികാരക്കൊതി മൂത്ത മമതാ ബാനര്‍ജി തകര്‍ത്തത് വംഗനാടിന്റെ മനസമാധാനം; എം സന്തോഷ് എഴുതുന്ന പരമ്പര മൂന്നാം ഭാഗം

അര്‍ദ്ധ ഫാസിസ്റ്റ് ഭരണകൂടത്തിന്റെ ഭീകരതകള്‍ മുഴുവന്‍ ഏറ്റുവാങ്ങിയ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം നിഷ്പക്ഷ വിധിയെഴുത്തുണ്ടായ 1977 ലെ തിരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തി. അധികാരത്തിന്റെ ചെങ്കോല്‍ കോണ്‍ഗ്രസ്സില്‍ നിന്നും പിടിച്ചുവാങ്ങി ബംഗാള്‍ ജനതയുടെ എക്കാലത്തെയും പ്രീയങ്കരനായ ജനനേതാവ് ജ്യോതി ബസു തൊഴിലാളി വര്‍ഗ്ഗത്തിന്റെ പ്രതിനിധിയായി മുഖ്യമന്ത്രി സ്ഥാനമേറ്റു. ജനപക്ഷ ഭരണത്തിന്റെ ഉദാത്ത മാതൃകയായിരുന്നു ജ്യോതിബസുവിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍. 
ത്രിതല പഞ്ചായത്ത് സംവിധാനം ആവിഷ്‌കരിച്ച് അധികാര വികേന്ദ്രീകരണം എന്ന മാതൃക രാജ്യത്തിന് കാട്ടിക്കൊടുത്തത് ജ്യോതി ബസു സര്‍ക്കാറായിരുന്നു. ജന്മിത്ത ചൂഷണത്തില്‍ നിന്നും പാവങ്ങളെ മോചിപ്പിക്കുക എന്നതിനാണ് ഇടത് സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കിയത്. അധികാരത്തിലേറി വൈകാതെ തന്നെ ഭുരിപരിഷ്‌കരണം നടപ്പാക്കി. ജന്മികളുടെ കീഴില്‍ അടിമകളെ പോലെ പണിയെടുത്തിരുന്ന കുടിയാന്‍മാര്‍ക്ക് ഭുമിയും കുടികിടപ്പ് അവകാശവും നല്‍കി. 28 ലക്ഷം കുടുംബങ്ങള്‍ക്കാണ് ഭൂപരിഷ്‌കരണത്തിന്റെ ആനുകൂല്യങ്ങള്‍ ലഭിച്ചത്. പശ്ചിമബംഗാളിലെ 83 ശതമാനം കൃഷിഭൂമിയും ഇന്ന് ചെറുകിട കര്‍ഷകരുടെ കയ്യിലാണ്.
കര്‍ഷകര്‍ക്ക് കൃഷിഭൂമി സ്വന്തമായതോടെ കാര്‍ഷിക മേഖലയിലെ ഉന്നമനത്തിനാണ് പിന്നീട് ജ്യോതിബസു സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. ഭക്ഷ്യോല്‍പ്പാദനത്തില്‍ പ്രതിവര്‍ഷം ആറ് ശതമാനത്തിന്റെ വര്‍ദ്ധന കൈവരിക്കാനായി. കാര്‍ഷികോല്‍പ്പാദനത്തില്‍ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് പശ്ചിമബംഗാള്‍ മിച്ച സംസ്ഥാനമായി. ജ്യോതിബസു സര്‍ക്കാറിന്റെ ഭരണകാലത്ത് വിദ്യാഭ്യാസ രംഗത്തും ബംഗാള്‍ പുരോഗതി കൈവരിച്ചു. കൂടുതല്‍ തൊഴില്‍ മേഖലകള്‍ സൃഷ്ടിക്കുക എന്നതായിരുന്ന ഇടതു സര്‍ക്കാറിന്റെ അടുത്ത ലക്ഷ്യം. ഉന്നത വിദ്യാഭ്യാസം നേടിയവര്‍ക്ക് തൊഴില്‍ നല്‍കാനായി വ്യവസായവത്കരണം എന്ന അടുത്ത ഘട്ടത്തിലേക്ക് സര്‍ക്കാര്‍ കടന്നു
കൃഷി നമ്മുടെ അടിസ്ഥാനം, വ്യവസായം നമ്മുടെ ഭാവി എന്ന മുദ്രാവാക്യവുമായാണ് 2006ല്‍ സിപിഐഎം തിരഞ്ഞെടുപ്പിനെ നേരിട്ടത്. കാലഘട്ടം ആവശ്യപ്പെട്ട ആ മുദ്രാവാക്യത്തിന് ജനങ്ങള്‍ പൂര്‍ണ്ണ പിന്തുണ നല്‍കി. ബുദ്ധദേവ് ഭട്ടാചാര്യയുടെ നേതൃത്വത്തില്‍ ഇടതു സര്‍ക്കാര്‍ അധികാരത്തിലെത്തി. 
BACK IN OFFICE: West Bengal Governor Gopalkrishna Gandhi greets Buddhadeb Bhattacharjee after he was sworn in Chief Minister at a ceremony in Kolkata on Thursday. Mr. Bhattacharjee heads a twotier 44-member team, the seventh consecutive Left Front Ministry in the State. Addressing a felicitation function, the Chief Minister made a strong pitch for capital inflow in the State.
തൊഴിലില്ലായ്മ പരിഹരിക്കാന്‍ കൂടുതല്‍ വ്യവസായങ്ങള്‍ ആരംഭിക്കാനുള്ള ശ്രമം ബുദ്ധദേവ് ഭട്ടാചാര്യ സര്‍ക്കാര്‍ ആരംഭിച്ചു. വ്യവസായ വത്കരണ ഉദ്യമങ്ങളെ നിരുത്സാഹപ്പെടുത്തുന്ന നിലപാടാണ് കേന്ദ്രം ഭരിക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ സ്വീകരിച്ചത്. പൊതുമേഖലാ സ്ഥാപനങ്ങള്‍ ബംഗാളിന് അനുവദിച്ചില്ല. സ്വകാര്യ സംരഭങ്ങള്‍ തുടങ്ങുന്നതിനായുള്ള അനുമതി അപേക്ഷകളിലും കേന്ദ്ര സര്‍ക്കാര്‍ കാലതാമസം വരുത്തി.
ചെറുകിട – പൊതുമേഖല വ്യവസായങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന വ്യവസായ നയമാണ് ഇടത് സര്‍ക്കാര്‍ സ്വീകരിച്ചത്. ആ കാലത്താണ് ഒരുലക്ഷം രൂപയുടെ കാറെന്ന ആശയവുമായി ടാറ്റാ മോട്ടോഴ്‌സ് രംഗത്തെത്തുന്നത്. പശ്ചിമബംഗാളില്‍ കാര്‍ നിര്‍മ്മാണ ഫാക്ടറി തുടങ്ങാന്‍ ടാറ്റ താത്പര്യം പ്രകടിപ്പിച്ചു. പതിനായിരം പേര്‍ക്ക് പ്രത്യക്ഷത്തിലും ഒരു ലക്ഷത്തിലധികം പേര്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭിക്കുമെന്നതാണ് സര്‍ക്കാറിനെ പദ്ധതിയിലേക്ക് ആകര്‍ഷിച്ചത്.
കൊല്‍ക്കത്ത – ദില്ലി ദേശീയ പാതയില്‍ നഗരത്തില്‍ നിന്നും 40 കിലോമീറ്റര്‍ മാറി സിംഗൂരില്‍ പദ്ധതിക്കായി സ്ഥലം കണ്ടെത്തി. കര്‍ഷകരുടെ അഭിപ്രായം ആരാഞ്ഞ് അനുവാദം വാങ്ങാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. ഭൂമി നല്‍കുന്നവര്‍ക്ക് നഷ്ടപരിഹാരവും കൂടുംബത്തില്‍ ഒരാള്‍ക്ക് ജോലിയും നല്‍കുമെന്ന് ഉറപ്പ് നല്‍കി. ഒറ്റകൃഷി നടത്തുന്ന ഭൂമിക്ക് ഏക്കറിന് 14 ലക്ഷം രൂപയും ഒന്നിലധികം കൃഷിയിറക്കുന്ന ജലസേചന സൗകര്യമുള്ള ഭൂമിക്ക് 45 ലക്ഷം രൂപയുമാണ് പ്രതിഫലം നിശ്ചയിച്ചത്.
സിംഗൂരിന്റെ പുരോഗതിക്കായി 90 ശതമാനത്തോളം കര്‍ഷകരും ഭൂമി വിട്ടുകൊടുക്കാന്‍ തയ്യാറായി. പ്രതിഫലവും വാങ്ങി. ഏറ്റെടുത്ത ഭൂമി സര്‍ക്കാര്‍ ടാറ്റയ്ക്ക് കൈമാറി. എന്നാല്‍ 10 ശതമാനം വരുന്ന കര്‍ഷകര്‍ ഭൂമി വിട്ടുകൊടുക്കാന്‍ തയ്യാറായില്ല. പട്ടയമോ മതിയായ രേഖകളോ ഇല്ലാത്തവരായിരുന്നു ഇതില്‍ ഏറെയും. വ്യവസായവത്കരണ നയത്തിന്റെ ഭാഗമായുള്ള ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട ഏറെക്കുറെ സമാന സംഭവങ്ങളാണ് നന്ദിഗ്രാമിലും ഉണ്ടായത്.
ഭൂമി ഏറ്റെടുക്കല്‍ പ്രശ്‌നത്തില്‍ ബംഗാളിലെ ഇടതു വിരുദ്ധ ശക്തികള്‍ തൃണമുല്‍ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ മഴവില്‍ സഖ്യം തീര്‍ത്തു. മാവോയിസ്റ്റുകള്‍ മുതല്‍ വര്‍ഗ്ഗീയ സംഘടനകള്‍ വരെ അണിനിരന്നു. ഇവര്‍ നടത്തിയ മസ്തിഷ്‌ക പ്രക്ഷാളനത്തില്‍ ഒരു വിഭാഗം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനായി.
പശ്ചിമബംഗാളിലെ കമ്മൂണിസ്റ്റ് ആധിപത്യം അവസാനിപ്പിക്കാന്‍ ഇതിലേറെ നല്ല ഒരു അവസരം ലഭിക്കില്ലെന്ന് മമത ബാനര്‍ജിക്ക്  അറിയാമായിരുന്നു. ഇടതു പാര്‍ട്ടികളുടെ ശക്തിയായ കര്‍ഷകരെ അകറ്റുന്നതിനായി മമത തന്ത്രങ്ങള്‍ മെനഞ്ഞു. നന്ദിഗ്രാമിലും സിംഗൂരിലും പശ്ചിമബംഗാളിന്റെ വിവിധ മേഖലകളില്‍ നിന്നുള്ള തൃണമൂല്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ തമ്പടിച്ചു. സ്ഥലം സന്ദര്‍ശിച്ച ഉദ്യോഗസ്ഥര്‍ക്ക് നേരെ ആക്രമണമുണ്ടായി. നിരോധനാജ്ഞ അവഗണിച്ച് നടത്തിയ പ്രതിഷേധങ്ങള്‍ക്കെതിരെ  പോലീസിന് ബലം പ്രയോഗിക്കേണ്ടി വന്നു. പ്രതിഷേധങ്ങള്‍ കലാപമായി മാറി.
ജനങ്ങള്‍ക്ക് പ്രതിഷേധമുണ്ടെങ്കില്‍ ഒരു തുണ്ട് ഭൂമി പോലും പിടിച്ചെടുക്കില്ലെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടും രക്തരൂക്ഷിത കലാപങ്ങള്‍ അവസാനിപ്പിക്കാന്‍ മമതാ ബാനര്‍ജി നേതൃത്വം നല്‍കിയ ഭൂമിയേറ്റെടുക്കല്‍ വിരുദ്ധ മുന്നണി തയ്യാറായില്ല. അടുത്ത നിയസഭാ തിരഞ്ഞെടുപ്പു വരെ സര്‍ക്കാറിനെതിരായ പ്രതിഷേധങ്ങള്‍ നീട്ടിക്കൊണ്ടു പോകുകയായിരുന്നു മമതയുടെ ലക്ഷ്യം.
സിംഗൂരിന്റെയും നന്ദിഗ്രാമിന്റെയും പേരില്‍ പൊതുജന വികാരം ഇടതു സര്‍ക്കാറിനെതിരെ തിരിച്ചു വിടാന്‍ മമതാ ബാനര്‍ജിക്കായി. പരിവര്‍ത്തനം എന്ന മമതയുടെ മുദ്രാവാക്യം ജനങ്ങള്‍ വിശ്വസിച്ചു. 2011ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ 34 വര്‍ഷത്തെ ഇടതു ഭരണം അവസാനിപ്പിച്ച് മമതാ ബാനര്‍ജി സര്‍ക്കാര്‍ അധികാരത്തിലേറി.
സിംഗൂരിലെയും നന്ദിഗ്രാമിലെയും നിണമൊഴുകിയ നാളുകള്‍ മറക്കാനാണ് ഇപ്പോള്‍ ഇവിടുത്തെ ജനത ആഗ്രഹിക്കുന്നത്. അധികാരക്കൊതി മൂത്ത് മമതാ ബാനര്‍ജിയെന്ന് കൂര്‍മ്മ ബുദ്ധിക്കാരി നടത്തിയ കൊടും ചതിയുടെ തിക്തഫലങ്ങള്‍ അനുഭവിച്ചു കൊണ്ടിരിക്കുകയാണ് ഇപ്പോഴും ബംഗാളിലെ ജനങ്ങള്‍. ജനവിരുദ്ധ സര്‍ക്കാരിന്റെ ജനവിരുദ്ധ ഭരണം അവസാനിപ്പിക്കാനും ഇടതു ഭരണകാലത്തെ നല്ല നാളുകള്‍ തിരിച്ചു കൊണ്ടുവരാനുമാണ് ഇപ്പോള്‍ ബംഗാള്‍ ജനത ആഗ്രഹിക്കുന്നത്. അതേപ്പറ്റി അവസാന ഭാഗത്തില്‍ ഞായറാഴ്ച വായിക്കാം.
.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News