തിരുവനന്തപുരം: സിപിഐഎം നേതാക്കള്‍ ബിജു രമേശുമായി ഗൂഢാലോചന നടത്തിയെന്ന കെ ബാബുവിന്റെ ആരോപണം തള്ളിക്കളഞ്ഞ് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. യുഡിഎഫ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ബാറുടമകളുമായി ഗൂഢാലോചന നടത്തേണ്ട ആവശ്യം സിപിഐഎമ്മിന് ഇല്ലെന്നു കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഒരു യോഗവും എവിടെയും നടത്തിയിട്ടില്ല. ബാബു പറയുന്ന തിയ്യതി ശ്രദ്ധിച്ചാല്‍ തന്നെ വാദങ്ങള്‍ പൊള്ളയാണെന്ന് തെളിയും. ബാബു പറഞ്ഞ തിയ്യതിക്കും മുമ്പാണ് ബാറുടമകള്‍ വെളിപ്പെടുത്തല്‍ നടത്തിയത്. അപ്പോള്‍ പിന്നെ എങ്ങനെ അതുകഴിഞ്ഞ് ഗൂഢാലോചന നടത്തുമെന്നും കോടിയേരി ചോദിച്ചു.
അഴിമതി മറച്ചു പിടിക്കാനാണ് ബാബു ആരോപണം ഉന്നയിക്കുന്നത്. ഇതുകൊണ്ടൊന്നും ബാബുവിന് കേസില്‍ നിന്ന് രക്ഷപ്പെടാമെന്നു കരുതേണ്ട. ഉമ്മന്‍ചാണ്ടിയുടെ അറിവോടെ നടന്ന കുംഭകോണമാണ് ബാര്‍ കുംഭകോണം. ഇതിന്റെയെല്ലാം ഉറവിടം തേടിപ്പോയാല്‍ ഉമ്മന്‍ചാണ്ടിയാണ് ഇതിനു പിന്നിലെന്നു വ്യക്തമാകും. ഇത്തരം വസ്തുതകള്‍ പുറത്തു വരാതിരിക്കാനാണ് പോകുന്ന പോക്കില്‍ ബാബു പുതിയ ആരോപണം ഉന്നയിക്കുന്നത്.
മദ്യനയം സംബന്ധിച്ച് കാര്യങ്ങള്‍ എല്ലാം തെരഞ്ഞെടുപ്പില്‍ തീരുമാനിക്കുന്നത് എല്‍ഡിഎഫ് ആണ്. മദ്യഉപഭോഗം കുറച്ചു കൊണ്ടു വരുകയാണ് എല്‍ഡിഎഫിന്റെ നയം. അതിനാവശ്യമായ നടപടികളാണ് കൈക്കൊള്ളുകയെന്നും കോടിയേരി പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here