ഐഫോണ്‍ 5എസിന് അപ്‌ഡേറ്റഡ് വേര്‍ഷന്‍ വരുന്നു; 5എസ്ഇ വൈകാതെ വിപണിയില്‍; 6 സി വാര്‍ത്ത ഊഹാപോഹം മാത്രം

ആപ്പിളിന്റെ ഏറെ വിജയമായ ഐഫോണ്‍ 5 എസ് സീരിസ് ഫോണുകള്‍ക്ക് അപ്‌ഡേറ്റഡ് വേര്‍ഷന്‍ വരുന്നു. ഐഫോണ്‍ 5 എസ്ഇ എന്നാണ് ഫോണിന് പേരിട്ടിട്ടുള്ളത്. എസ്ഇ എന്നാല്‍, സ്‌പെഷ്യല്‍ എഡിഷന്‍ എന്നാണ് അര്‍ത്ഥം. 5 സ്‌പെഷ്യല്‍ എഡിഷന്‍ വൈകാതെ വിപണിയില്‍ എത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. ഐഫോണ്‍ 6, 6 എസ് സീരീസുകളുടെ ഡിസൈനിന് സമാനമായ ഡിസൈനിലാണ് ഫോണ്‍ പുറത്തിറക്കുന്നത്. അതേസമയം, നാലിഞ്ച് ഐഫോണ്‍ 6 സി പുറത്തിറക്കുന്നെന്ന വാര്‍ത്തകള്‍ ഊഹാപോഹങ്ങള്‍ മാത്രമാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

5 സ്‌പെഷ്യല്‍ എഡിഷന്റെ ഫ്രണ്ട് കാമറയും പിന്‍കാമറയും 5 എസിന്റേതു തന്നെയാണ്. ഒരു പുതിയ എന്‍എഫ്‌സി ചിപ്പ് ആയിരിക്കും ഫോണിന്റെ സവിശേഷത. ആപ്പിള്‍ പേ സര്‍വീസുകള്‍ക്കു വേണ്ടിയാണ് ആ എന്‍എഫ്‌സി ചിപ്പുകള്‍ ഉപയോഗിക്കുക. ഐഫോണ്‍ 6 സീരീസുകളില്‍ ഉപയോഗിക്കുന്ന A8 പ്രോസസര്‍ തന്നെയാണ് 5 എസ്ഇയിലും ഉപയോഗിക്കുക എന്ന് ആപ്പിള്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, ഐഫോണ്‍ 7ന്റെ റഫറന്‍സ് മോഡലായി 5എസ്ഇയെ കാണേണ്ടതില്ലെന്നു ആപ്പിള്‍ അറിയിച്ചു.

കാരണം, ഐഫോണ്‍ 7-ല്‍ ഹെഡ്‌ഫോണ്‍ ജാക്ക് ഉണ്ടായിരിക്കില്ലെന്ന് ചില റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. എന്നാല്‍, 5എസ്ഇയില്‍ ഹെഡ്‌ഫോണ്‍ ജാക്ക് ഉണ്ടായിരിക്കും. 6 എസ് സീരീസുകളെ പോലെ ലൈവ് ഫോട്ടോ സപ്പോര്‍ട്ടിംഗും 5 എസ്ഇയുടെ സവിശേഷതകളാണ്. റോസ് ഗോള്‍ഡ് കളറിലാണ് ഫോണ്‍ എത്തുക. എന്നാല്‍, 3ഡി ടച്ച് ഡിസ്‌പ്ലേ ഉണ്ടായിരിക്കില്ല. ഏപ്രിലിലോ മാര്‍ച്ചിലോ ഫോണ്‍ പുറത്തിറക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

നേരത്തെ ഐഫോണ്‍ നാലിഞ്ച് വലിപ്പത്തില്‍ 6സി ഫോണുകള്‍ പുറത്തിറക്കും എന്നു റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 5എസിന്റെ അതേ റസല്യൂഷനായിരിക്കും ഫോണിനെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചിരുന്നു. 2 ജിബി റാമും 16 ജിബി ഇന്റേണല്‍ സ്‌റ്റോറേജുമാണ് ഫോണിന് പറഞ്ഞിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News