എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കുള്ള സഹായം വിതരണം ചെയ്യാത്തതിന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സംസ്ഥാനത്തോട് വിശദീകരണം തേടി; സ്വമേധയാ കേസെടുത്തത് ‘വലിയ ചിറകുള്ള പക്ഷികള്‍’ എന്ന സിനിമയുടെ അടിസ്ഥാനത്തില്‍

ദില്ലി: കാസര്‍ഗോഡ്, പാലക്കാട് ജില്ലകളിലെ അന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് പ്രഖ്യാപിച്ച ധനസഹായം നല്‍കാത്തതിന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടി. എന്‍ഡോസള്‍ഫാന്‍ ദുരന്തം പ്രമേയമായ ‘വലിയ ചിറകുള്ള പക്ഷികള്‍’ എന്ന സിനിമയുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ ആക്ടിംഗ് അധ്യക്ഷന്‍ ജ. സിറിയക് ജോസഫ് സ്വമേധയാ കേസെടുത്തത്. കേസില്‍ അടിയന്തര വിശദീകരണം നല്‍കാന്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ചീഫ് സെക്രട്ടറിയോടും കാസര്‍ഗോഡ്, പാലക്കാട് ജില്ലാ കളക്ടര്‍മാരോടും ആണ് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ വിശദീകരണം തേടിയത്. രണ്ടാഴ്ചയ്ക്കകം വിശദീകരണം നല്‍കാനാണ് നിര്‍ദ്ദേശം. ഇരകളുടെ നിലവിലെ ആരോഗ്യാവസ്ഥ പരിഗണിക്കുമ്പോള്‍ സ്ഥിതി ഗുരുതരമാണ് എന്ന് മനുഷ്യാവകാശ കമ്മീഷന്‍ വിലയിരുത്തി. ആരോഗ്യ സംരക്ഷണത്തിനുള്ള അവകാശം നിഷേധിക്കപ്പെടുന്നതായും കമ്മീഷന്‍ നിരീക്ഷിച്ചു.

Justice Cyriac Joseph DSW.jpg

കാസര്‍ഗോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരന്തം പ്രമേയമായ ചിത്രമാണ് ഡോ. ബിജു സംവിധാനം ചെയ്ത ‘വലിയ ചിറകുള്ള പക്ഷികള്‍.’ എന്‍ഡോസള്‍ഫാന്‍ ഇരകളുടെ ജീവിത ദുരിതങ്ങള്‍ സിനിമയില്‍ ചിത്രീകരിച്ചിട്ടുണ്ട്. എന്‍ഡോസള്‍പാന്‍ നിരോധനത്തിനായി സുപ്രീംകോടതി വരെ പോയി ഡിവൈഎഫ്‌ഐ നടത്തിയ നിയമ പോരാട്ടം, ഇരകള്‍ക്കു വേണ്ടി പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ നടത്തിയ ഇടപെടലുകള്‍ എന്നിവ ചിത്രത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നു.

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ ഇരകളുടെ അമ്മമാര്‍ സമരം നടത്തി. എന്നാല്‍ സമരപ്പന്തലിന് സമീപത്തുകൂടി കടന്നുപോയിട്ടും സമരം ചെയ്യുന്നവരെ കാണാന്‍ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി തയ്യാറായില്ല. ഇതിനൊപ്പം കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി തുടരുന്ന എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കുവേണ്ടിയുള്ള സമരവും ഇടപെടലുകളും അതിന്റെ രാഷ്ട്രീയവും എല്ലാം ചിത്രത്തില്‍ പറയുന്നു. ഒപ്പം ഇരകളുടെ നിലവിലെ അവസ്ഥയും ചിത്രത്തില്‍ വിവരിക്കുന്നു.

ഐക്യരാഷ്ട്രസഭയുടെ വേദിയിലും നിരവധി രാജ്യാന്തര ചലച്ചിത്രമേളകളിലും പ്രദര്‍ശിപ്പിച്ച ചിത്രം കൂടിയാണ് ‘വലിയ ചിറകുള്ള പക്ഷികള്‍.’ ഫോട്ടോഗ്രാഫറായ കുഞ്ചാക്കോ ബോബന്‍ അവതരിപ്പിക്കുന്ന കതാപാത്രത്തിലൂടെയാണ് ചലച്ചിത്രം പുരോഗമിക്കുന്നത്. ഇന്ത്യന്‍ പനോരമയുടെ ഭാഗമായി ‘വലിയ ചിറകുള്ള പക്ഷികള്‍’ ദില്ലി സിരിഫോര്‍ട്ട് ഓഡിറ്റോറിയത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിക് അധ്യക്ഷന്‍ ജസ്റ്റിസ് സിറിയക് ജോസഫ് ചിത്രം കണ്ടു. ചിത്രത്തില്‍ പറയുന്ന വസ്തുകതകളുടെ അടിസ്ഥാനത്തില്‍ ഇരകള്‍ക്ക് ലഭിക്കേണ്ട അവകാശങ്ങല്‍ ഇതുവരെയും ലഭിച്ചിട്ടില്ല എന്ന് ജ. സിറിയക് ജോസഫ് വിലയിരുത്തി. തുടര്‍ന്നാണ് കമ്മീഷന്‍ അധ്യക്ഷന്‍ നേരിട്ട് സ്വമേധയാ കേസെടുത്തത്.

എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കാനും പുനരധിവാസം ഉറപ്പാക്കാനും സംസ്ഥാന സര്‍ക്കാരിന് ബാധ്യതയുണ്ട്. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ മുന്‍ നിര്‍ദ്ദേശ പ്രകാരം 2012ല്‍ സംസ്ഥാന സര്‍ക്കാര്‍ ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കി. എന്നാല്‍ ഇതനുസരിച്ചുള്ള നഷ്ടപരിഹാരവും പുനരധിവാസവും ലഭ്യമായില്ലെങ്കില്‍ അത് മനുഷ്യാവകാശ ലംഘനമാണ് എന്നും കമ്മീഷന്‍ വിലയിരുത്തി.

കഴിഞ്ഞ 18-ാം തീയതിയിലെ അനൗദ്യോഗിക സര്‍വേയുടെ റിപ്പോര്‍ട്ട് അനുസരിച്ച് നിരവധി പേര്‍ ഇപ്പോഴും രോഗാവസ്ഥയിലാണ്. 14 വയസില്‍ താഴെയുള്ള 613 കുട്ടികളാണ് പാലക്കാട് മുതലമടയില്‍ മാത്രം ദുരിതം അനുഭവിക്കുന്നത്. മാന്തോട്ടങ്ങളില്‍ തളിച്ച എന്‍ഡോസള്‍ഫാന്‍ ആണ് ഇതിന് കാരണം. എന്‍ഡോസള്‍ഫാന്‍ ആഗോള തലത്തില്‍ നിരോധിച്ച് രണ്ട് വര്‍ഷത്തിന് ശേഷം ജനിച്ച ഹേമലത എന്ന കുട്ടി ആരോഗ്യമാല്ലാത്തതും ദുരിതാവസ്ഥയിലുമാണ്. ഇത് എന്‍ഡോസള്‍ഫാന്‍ എന് വിഷം ഉപയോഗിച്ചതിന്റെ അനന്തര ഫലമാണ് എന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പാലക്കാട്ടെ മുതലമട, വേലന്താവളം, വടകരപതി, എരുന്തേംപതി, നെന്മാറ, നെല്ലിയാമ്പതി ഗ്രാമപഞ്ചായത്തുകളില്‍ വിദഗ്ധ പഠനം നടത്തണം എന്നും ജനുവരി 18ലെ റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു.

‘എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി 26 മുതല്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ അവകാശ സമരം നടത്താനിരിക്കുകയാണ്. ദേശീയ മുഷ്യാവകാശ കമ്മീഷന്‍ കേസെടുത്ത സാഹചര്യത്തില്‍ ഇരകളുടെ പോരാട്ടത്തിന് കൂടുതല്‍ വലിയ മാനം കൈവരുകയാണ്. ‘വലിയ ചിറകുള്ള പക്ഷികള്‍’ എന്ന ചലച്ചിത്രത്തിന്റെ അടിസ്ഥാനത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തത് സന്താഷം പകരുന്നു. ഇത്തരം ഇടപെടലുകള്‍ ഇരകള്‍ക്ക് നീതി ലഭ്യമാക്കാന്‍ അനിവാര്യമാണ്.’ – ചിത്രത്തിന്റെ സംവിധായകനായ ഡോ. ബിജു കൈരളി ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News