പൊതുതാല്‍പര്യ ഹര്‍ജി കൊടുത്ത് അന്വേഷിക്കൂ; വിരമിക്കലിനെ കുറിച്ച് ചോദിച്ചപ്പോള്‍ ധോണിയുടെ മറുപടി ഇങ്ങനെ

സിഡ്‌നി: ഇന്ത്യന്‍ ഏകദിന ക്രിക്കറ്റ് ടീം നായകന്‍ മഹേന്ദ്രസിംഗ് ധോണിയുടെ വിരമിക്കലാണ് അടുത്തിടെയായി ഇന്ത്യന്‍ ക്രിക്കറ്റിലെ പ്രധാന ചര്‍ച്ചാവിഷയം. ഇന്ന് ഓസ്‌ട്രേലിയക്കെതിരായ അവസാന ഏകദിന മത്സരത്തിനു ശേഷവും വിരമിക്കലിനെ പറ്റി ചോദിച്ചപ്പോള്‍ ധോണിയുടെ മറുപടി അമ്പരപ്പിക്കുന്നതായിരുന്നു. അല്‍പം തമാശ നിറഞ്ഞതും. ഒരു പൊതുതാല്‍പര്യ ഹര്‍ജി കൊടുക്കൂ എന്നായിരുന്നു ധോണിയുടെ മറുപടി. ചിരിക്കുന്ന മുഖത്തോടെയാണ് ധോണി ഇത്തരത്തിലൊരു മറുപടി നല്‍കിയത്. വിരാട് കോഹ്‌ലിയുടെ നായകത്വത്തില്‍ ഇന്ത്യ ടെസ്റ്റ് മത്സരങ്ങള്‍ ജയിക്കുകയും ധോണിയുടെ നായകത്വത്തില്‍ ഏകദിന പരമ്പരകള്‍ തോല്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ധോണിയുടെ നായകത്വത്തിന് വെല്ലുവിളി ഉയരുന്നുണ്ട്.

ഈ സാഹചര്യത്തിലാണ് അവസാന ഏകദിനമാണോ സിഡ്‌നിയില്‍ ഓസ്‌ട്രേലിയക്കെതിരെ കളിച്ചതെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചത്. എന്നാല്‍, അപ്പോഴും വിരമിക്കല്‍ ഇനിയും ഏറെ ദൂരെയാണെന്നാണ് ധോണി മറുപടി നല്‍കിയത്. ബാറ്റിംഗ് ഓര്‍ഡറില്‍ മാറ്റം വരുത്താന്‍ ആഗ്രഹിക്കുന്നില്ലെന്ന് ധോണി വ്യക്തമാക്കി. നാലാമനായി തന്നെ ബാറ്റു ചെയ്യാനാണ് ഇഷ്ടമെന്നും ധോണി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here