ഹൈദരാബാദ്: പറഞ്ഞത് അനുസരിക്കാതെ അച്ചടക്കമില്ലാതെ പ്രവര്‍ത്തിച്ചതിന് 70 യാത്രക്കാരെ ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടു. കഴിഞ്ഞ ദിവസം രാത്രി 8.30നും 9നും ഇടയ്ക്കാണ് സംഭവം. യാത്രക്കാര്‍ അച്ചടക്കമില്ലാതെ പ്രവര്‍ത്തിച്ചെന്നു കാട്ടി വിമാന കമ്പനിയും എയര്‍ലൈന്‍ സ്റ്റാഫ് പീഡിപ്പിച്ചെന്നു കാട്ടി യാത്രക്കാരും എയര്‍പോര്‍ട്ട് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സീറ്റു വെച്ചുമാറാനുള്ള യാത്രക്കാരുടെ ശ്രമമാണ് അവസാനം ഇറക്കിവിടലില് കലാശിച്ചത്. ഹൈദരാബാദില്‍ നിന്ന് റായ്പൂരിലേക്ക് യാത്ര ചെയ്യുകയായിരുന്നു സംഘം.
ഇന്‍ഡിഗോയുടെ 6ഇ-446 വിമാനത്തിലാണ് സംഭവമുണ്ടായത്. 70 യാത്രക്കാരെ ഇറക്കിവിട്ടതായി എയര്‍ലൈന്‍സ് അധികൃതര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. കാരണമായി പറയുന്നത് ഇതാണ്. 70 യാത്രക്കാരും ഒരു സംഘത്തില്‍ പെട്ടവരായിരുന്നു. ഇവരില്‍ ചിലര്‍ സീറ്റുകളുടെ ഇടയ്ക്ക് നടവഴിയില്‍ നില്‍ക്കുകയായിരുന്നു. പലതവണ അഭ്യര്‍ത്ഥിച്ചിട്ടും സീറ്റില്‍ ഇരുന്നില്ലെന്ന് എയര്‍ക്രാഫ്റ്റ് ക്രൂ പറയുന്നു. വിമാനത്തിന്റെ വാതില്‍ അടയ്ക്കാന്‍ സമയമായതിനാല്‍ യാത്രക്കാരെ ഇറക്കിവിടാന്‍ നിര്‍ബന്ധിതരാകുകയായിരുന്നെന്ന് വിമാനകമ്പനി ചൂണ്ടിക്കാട്ടി.
സീറ്റുകള്‍ പരസ്പരം വച്ചുമാറാന്‍ ശ്രമിക്കുകയായിരുന്നു യാത്രക്കാര്‍. ഇതിനിടെ യാത്രക്കാരും എയര്‍ക്രാഫ്റ്റ് ക്രൂവും തമ്മില്‍ ഒരു തര്‍ക്കം ഉടലെടുത്തു. തുടര്‍ന്ന് കാബിന് ക്രൂ ഗ്രൗണ്ട് സ്റ്റാഫിന്റെ സഹായത്തോടെ യാത്രക്കാരെ ഇറക്കിവിടുകയായിരുന്നു. എയര്‍ലൈന്‍ സ്റ്റാഫ് തങ്ങളെ കൈകാര്യം ചെയ്തതായി യാത്രക്കാര്‍ നല്‍ിയ പരാതിയില്‍ പറയുന്നതായി പൊലീസ് അറിയിച്ചു. ബാഗേജുകള്‍ നല്‍കാതെയാണ് വിമാനം പറന്നതെന്നും യാത്രക്കാര്‍ പരാതിയില്‍ പറയുന്നു.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here