രോഹിതിന്റെ ആത്മഹത്യ: നിരാഹാര സമരം നടത്തുന്ന വിദ്യാര്‍ത്ഥികളുടെ ആരോഗ്യനില കൂടുതല്‍ വഷളായി; സര്‍വകലാശാലയുടെ ധനസഹായം വേണ്ടെന്ന് രോഹിതിന്റെ കുടുംബം

ദില്ലി: ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയില്‍ നിരാഹാര സമരം നടത്തുന്ന വിദ്യാര്‍ഥികളുടെ ആരോഗ്യനില കൂടുതല്‍ വഷളായി. ഗുരുതരാവസ്ഥയില്‍ ആയ ഏഴ് വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സര്‍വ്വകലാശാലാ നല്‍കിയ എട്ട് ലക്ഷം രൂപയുടെ ധനസഹായം വേണ്ടെന്ന് മരണപ്പെട്ട രോഹിത്തിന്റെ കുടുംബം വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ അനുശോചനം പ്രഹസനമെന്നും രോഹിത് വെമുലയുടെ കുടുംബം ആരോപിച്ചു.

എട്ട് ലക്ഷം അല്ല എട്ട് കോടി രൂപ തന്നാലും വേണ്ടന്നാണ് ഹൈദരാബാദ് സര്‍വ്വകലാശാലയിലെ വിദ്യാര്‍ഥി സമര പന്തലിലെത്തിയ രോഹിത്തിന്റെ മാതാവ് രാധിക പറഞ്ഞത്. രോഹിത്ത് വെമുലയുടെ മരണത്തിന് ഉത്തരവാധികളായ സര്‍വ്വകലാശാലാ അധികൃതരുടെ പണം തങ്ങള്‍ക്ക് വേണ്ടെന്ന് സഹോദരി നീലിമയും സഹോദരന്‍ രാജുവും പ്രതികരിച്ചു. മനുഷത്വ രഹിത നിലപാട് സ്വീകരിച്ച വിസിക്കെതിരെ നടപടി കൈക്കൊള്ളാനുള്ള ധൈര്യമാണ് സര്‍വ്വകലാശാല അധികൃതര്‍ കാണിക്കേണ്ടതെന്നും രോഹിത്തിന്റെ കുടുംബം ആവശ്യപ്പെട്ടു.

ദാരുണമായ മരണം സംഭവിച്ചിട്ടും നിലപാട് ന്യായീകരിക്കുന്ന കേന്ദ്ര മാനവവിഭവശേഷി മന്ത്രി സമൃതി ഇറാനിയും പ്രധാനമന്ത്രിയും വിസിക്ക് ഒത്താശ ചെയ്യുകയാണെന്നും രോഹിത്തിന്റെ കുടുംബം ആരോപിച്ചു. രോഹിത്തിന്റെ കുടുംബത്തെ കാണാന്‍ വിസി അപ്പാറാവു എത്തിയപ്പോള്‍ കാണാന്‍ താത്പര്യം ഇല്ലെന്ന് അറിയിച്ച് കുടുംബം അപ്പാറാവുവിനെ തിരിച്ചയച്ചു.

വിസിയെ പുറത്താക്കാതെ സമവായം ഉണ്ടാക്കാമെന്ന് അധികൃതര്‍ കരുതേണ്ടെന്ന് വിദ്യാര്‍ഥികളും പ്രതികരിച്ചു. അതിനിടയില്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തുന്ന വിദ്യാര്‍ഥികളുടെ ആരോഗ്യ നില കൂടുതല്‍ വഷളായി. മലയാളി വിദ്യാര്‍ഥി ഉള്‍പ്പെടെ ഏഴ് പേരെ രക്തസമ്മര്‍ദം കുറഞ്ഞതിനെ ആശുപത്രിയിലേക്ക് മാറ്റി. വിദ്യാര്‍ഥികളുടെ അനിശ്ചിതകാല നിരാഹാര സമരത്തിന് അധ്യാപകര്‍ക്ക് പുറമേ സവ്വകലാശാലയിലെ മുഴുവന്‍ അനധ്യാപകരും പങ്കു ചേര്‍ന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News