വിഴുപുരം: തമിഴ്‌നാട്ടില്‍ മെഡിക്കല്‍ കോളജ് മാനേജ്‌മെന്റിനെ ആത്മഹത്യാക്കുറിപ്പെഴുതിവച്ച് മൂന്നു വിദ്യാര്‍ഥിനികള്‍ കിണറ്റില്‍ചാടി മരിച്ചു. വിഴുപുരം എസ് വി എസ് മെഡിക്കല്‍ കോളജിലെ രണ്ടാം വര്‍ഷ യോഗ-നാച്ചുറോപ്പതി വിദ്യാര്‍ഥിനികളായ ശരണ്യ, പ്രിയങ്ക, മോനിഷ എന്നിവരാണ് ഷാളുകൊണ്ട് പരസ്പരം കെട്ടി കിണറ്റില്‍ ചാടിയത്. കോളജ് മാനേജ്‌മെന്റിന്റെ പീഡനങ്ങള്‍ക്കെതിരേ കഴിഞ്ഞ കുറേ നാളുകളായി സമരം നടത്തിവരികയായിരുന്നു ഇവിടത്തെ വിദ്യാര്‍ഥികള്‍. ശനിയാഴ്ച രാത്രിയാണ് സംഭവം.
തങ്ങളുടെ മരണത്തിന് ഉത്തരവാദികള്‍കോളജ് മാനേജ്‌മെന്റാണെന്നു വ്യക്തമാക്കുന്ന കുറിപ്പ് പൊലീസ് കണ്ടെടുത്തു. പ്രവേശന സമയത്ത് ആറു ലക്ഷം രൂപ ഫീസ് വാങ്ങിയിരുന്നെന്നും പിന്നീട് കൂടുതല്‍ ഫീസിനായി മാനേജ്‌മെന്റ് സമ്മര്‍ദം ചെലുത്തുകയായിരുന്നുവെന്നും ഇവര്‍ കുറിപ്പിലെഴുതിയിട്ടുണ്ട്. വാങ്ങിയ പണത്തിന് കൃത്യമായ രസീത് നല്‍കിയിരുന്നില്ല. ഇതു ചോദ്യം ചെയ്തപ്പോള്‍ കോളജ് ഉടമ വാസുകി തങ്ങളെ വാക്കാല്‍ അപമാനിച്ചു. സീനിയര്‍ വിദ്യാര്‍ഥികളും നിരന്തരമായി ഇത്തരം പീഡനത്തിന് ഇരയാകുന്നുണ്ട്. കോളജില്‍ പഠിക്കുന്നതിനേക്കാള്‍ ആശുപത്രിയില്‍ ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കുകയാണ്. ഈ സാഹചര്യത്തില്‍ തങ്ങളുടെ മരണത്തിന്റെ പേരില്‍ കോളജ് മാനേജ്‌മെന്റിനെതിരേ ശക്തമായ നടപടി കൈക്കൊള്ളണമെന്നും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു.
ആത്മഹത്യാക്കുറിപ്പില്‍ പേരുണ്ടെന്നറിഞ്ഞതോടെ വാസുകി ഒളിവില്‍ പോയി. വാസുകിയുടെ മകനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കോളജില്‍ നിരവധി വിദ്യാര്‍ഥികളുണ്ടെങ്കിലും ആവശ്യത്തിന് സൗകര്യങ്ങള്‍ മാനേജ്‌മെന്റ് ഒരുക്കിയിരുന്നില്ല. യോഗ്യരായ അധ്യാപകരില്ലായിരുന്നു. ജൂനിയര്‍ വിദ്യാര്‍ഥികളെ സീനിയര്‍ വിദ്യാര്‍ഥികളായിരുന്നു പഠിപ്പിച്ചിരുന്നത്. ഇതിനെതിരെ കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ മുതല്‍ വിദ്യാര്‍ഥികള്‍ സമരത്തിലായിരുന്നു. നിരാഹാര സമരം നടത്തിയ വിദ്യാര്‍ഥികള്‍ ആത്മാഹുതിക്കും ശ്രമിച്ചു. ഒക്ടോബറില്‍ ആറു വിദ്യാര്‍ഥികള്‍ എലിവിഷം കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഇക്കാര്യം വിവാദമായിരുന്നെങ്കിലും സര്‍ക്കാര്‍ നടപടിയെടുത്തിരുന്നില്ല. വാസുകിക്ക് സര്‍ക്കാരിലുള്ള സ്വാധീനമാണ് മാനേജ്‌മെന്റിന്റെ കൊള്ളയ്ക്കും വിദ്യാര്‍ഥിപീഡനത്തിനും തണലാകുന്നതെന്ന ആരോപണവുമുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here