കൊച്ചി ഹോംസ്‌റ്റേയില്‍ കൂട്ടുകാരനൊപ്പം എത്തിയ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത 5പേര്‍ പിടിയില്‍; പൊലീസുകാരന്റെ മകനും പ്രതി; മൊബൈല്‍ ദൃശ്യങ്ങള്‍ കണ്ടെടുത്തു

കൊച്ചി: യുവാവിനൊപ്പം ഫോര്‍ട്ട്‌കൊച്ചിയിലെ ഹോംസ്‌റ്റേയിലെത്തിയ യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി സംഭവത്തില്‍ അഞ്ചു യുവാക്കള്‍ പിടിയില്‍. ഫോര്‍ട്ട്‌കൊച്ചി വെളിയില്‍ ഇലഞ്ഞിക്കല്‍ വീട്ടില്‍ ക്രിസ്റ്റി(18), പട്ടാളം റോഡില്‍ അല്‍ത്താഫ്(20), വെളി സ്വദേശി ഇജാസ്(20), ചന്തിരൂര്‍ കറുപ്പന്‍ വീട്ടില്‍ സജു(20), ഫിഷര്‍മെന്‍ കോളനിയില്‍ അപ്പു(20) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്.

പിടിയിലായവര്‍ മറ്റൊരു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസിലും പ്രതികളാണെന്ന് പൊലീസ് അറിയിച്ചു. സംഘത്തിലൊരാള്‍ ഫോര്‍ട്ട് കൊച്ചി സ്‌റ്റേഷനിലെ പൊലീസുകാരന്റെ മകനാണ്. ഇയാള്‍ക്ക് വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചെന്നും പൊലീസ് അറിയിച്ചു.

രണ്ടര മാസം മുന്‍പാണ് കേസിനാസ്പദമായ സംഭവം നടന്നത്. യുവതിയെ കെട്ടിയിട്ട് പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തി ബ്ലാക്ക്‌മെയില്‍ ചെയ്‌തെന്നാണ് കേസ്. ഇവരുടെ കൈവശമുണ്ടായിരുന്ന ഒരു ലക്ഷം രൂപയും സ്വര്‍ണ്ണാഭരണങ്ങളും കാറും സംഘം തട്ടിയെടുത്തു.

ചേര്‍ത്തല എഴുപുന്ന സ്വദേശിയായ യുവാവിനൊപ്പം ഫോര്‍ട്ട്‌കൊച്ചിയിലെത്തിയ തണ്ണീര്‍മുക്കം സ്വദേശിനിയായ യുവതിയെയാണ് സംഘം പട്ടാളത്തെ ഗുഡ്‌ഷെപ്പേര്‍ഡ് ഹോസ്‌റ്റേയില്‍ പീഡിപ്പിച്ചത്. ഹോംസ്‌റ്റേയിലെ ജീവനക്കാരന്‍ കൂടിയായ ക്രിസ്റ്റി സുഹൃത്തുക്കളായ പ്രതികളേയും ഹോംസ്‌റ്റേയിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. തുടര്‍ന്ന് യുവാവിനോട് ഭക്ഷണം വാങ്ങി നല്‍കാമെന്ന് പറഞ്ഞ് പ്രതികളിലൊരാളായ ഇജാസ് പുറത്തേക്ക് കൂട്ടിക്കൊണ്ടുപോയി. ഒന്നര മണിക്കൂറിന് ശേഷം സംഘം തിരികെയെത്തുകയും വാതില്‍ തള്ളി തുറന്ന് യുവാവിനെ ബലമായി പുറത്താക്കുകയും യുവതിയെ കെട്ടിയിട്ട് പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

പീഡന ശേഷം യുവതിയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ ഊരി വാങ്ങുകയും സംഭവം പുറത്ത് പറഞ്ഞാല്‍ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. കാര്‍ തിരികെ ലഭിക്കണമെങ്കില്‍ ഒരു ലക്ഷം രൂപ വേണമെന്ന് പ്രതികള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് യുവാവ് പണം നല്‍കി കാര്‍ തിരികെ വാങ്ങുകയും ചെയ്തു. പിന്നീട് യുവതിയുടെ നഗ്‌നചിത്രങ്ങള്‍ പീഡന ദൃശ്യങ്ങളും സോഷ്യല്‍മീഡിയ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി അഞ്ച് ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു.

തുടര്‍ന്നാണ് യുവാവ് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. പണം നല്‍കാമെന്ന് പറഞ്ഞ് പഴയ വെണ്ടുരുത്തി പാലത്തിലേക്ക് യുവാവിനെ ഉപയോഗിച്ച് പ്രതികളെ വിളിച്ച് വരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവരില്‍ നിന്ന് നിരവധി മൊബൈല്‍ ഫോണുകളും പെന്‍ഡ്രൈവുകളും പിടിച്ചെടുത്തിട്ടുണ്ട്.

യുവതിയെ കുറിച്ചുള്ള വിവരങ്ങള്‍ പുറംലോകം അറിയുമെന്ന ഭയം കൊണ്ടാണ് പരാതി നല്‍കാന്‍ വൈകിയതെന്നും കഴിഞ്ഞ രണ്ടരമാസം താന്‍ കനത്ത മാനസികസംഘര്‍ഷം അനുഭവിക്കുകയായിരുന്നെന്നും യുവാവ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News