തിരുവനന്തപുരം: മന്ത്രി കെ ബാബുവിന്റെ രാജിയോടെ കേരളത്തിലെ കോണ്‍ഗ്രസില്‍ ഗ്രൂപ്പ് തല്ല് രൂക്ഷമായി. എ ഗ്രൂപ്പ് നേതാക്കള്‍ രമേശ് ചെന്നിത്തലയ്ക്കും വി എം സുധീരനും എതിരേ രംഗത്തെത്തുകയാണ്. ഇടവേളയ്ക്കു ശേഷം ഗ്രൂപ്പുപോര് തെരഞ്ഞെടുപ്പ് അടുത്തതോടെ കോണ്‍ഗ്രസിലെ ഭിന്നതയ്ക്കു വഴിവയ്ക്കും.
ഇന്നലെ മന്ത്രി സ്ഥാനം രാജിവയ്ക്കാന്‍ ബാബു മുഖ്യമന്ത്രിയുടെ മാത്രം അനുമതിയാണ് തേടിയത്. എറണാകുളത്തുണ്ടായിട്ടും സുധീരനെ സന്ദര്‍ശിക്കാനോ കൂടിയാലോചിക്കാനോ ബാബു തയാറായിട്ടില്ല. അതേസമയം, ബാബു രാജിവയ്ക്കുകയാണ് ഉചിതമെന്ന നിലയില്‍ സുധീരന്‍ പ്രതികരിക്കുകയും ചെയ്തു. താന്‍ സുധീരനെ കാണേണ്ട കാര്യമില്ലെന്നും രാജിക്കാര്യം അറിയിക്കേണ്ട കാര്യമില്ലെന്നുമാണ് ബാബു ഇതോടു പ്രതികരിച്ചത്. മന്ത്രിസ്ഥാനം നല്‍കേണ്ടത് മുഖ്യമന്ത്രിക്കാണെന്നും ബാബു പറഞ്ഞു.
അതേസമയം, രമേശ് ചെന്നിത്തല കൈയാളുന്ന വിജിലന്‍സിനെതിരേ പരോക്ഷമായി ബാബു പറഞ്ഞത് ഗ്രൂപ്പ് പോര് രൂക്ഷമാകുന്നതിന്റെ സൂചനയായാണ് വിലയിരുത്തുന്നത്. വിജിലന്‍സിന് അടിക്കടി തെറ്റുപറ്റുന്നതിനെക്കുറിച്ച് ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ട കാര്യമില്ലെന്നാണ് ബാബു പറഞ്ഞത്. അതായത്, വിജിലന്‍സിന് തെറ്റുപറ്റിയെന്നു ബാബു പറയാതെ പറഞ്ഞു. പല കോടതികളില്‍നിന്ന് വിജിലന്‍സ് രൂക്ഷ വിമര്‍ശനമേറ്റു വാങ്ങുമ്പോള്‍ സര്‍ക്കാരിന്റെ ഭാഗമായ നേതാവിന്റെ പ്രതികരണം ഗൗരവതരമാണ്.
തെരഞ്ഞടുപ്പാകുമ്പോഴേക്കു സംസ്ഥാന കോണ്‍ഗ്രസില്‍ ഐക്യം തിരിച്ചുകൊണ്ടുവരാന്‍ ശ്രമങ്ങള്‍ നടന്നിരുന്നു. അതു പൂര്‍ണമായി തകര്‍ക്കുകയാണ് പുതിയ സംഭവവികാസങ്ങള്‍ ചെയ്യുന്നത്. വരും നാളുകളില്‍ ഗ്രൂപ്പ് പോര് രൂക്ഷമാവുമെന്നു തന്നെയാണ് രാഷ്ട്രീയ കേന്ദ്രങ്ങളുടെ നിഗമനം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here