ലീഗിന് മറുപടിയുമായി പിണറായി; ബിജെപിക്കെതിരെ കോണ്‍ഗ്രസിനെ കൂട്ടുപിടിക്കാന്‍ സിപിഐഎമ്മിനെ കിട്ടില്ല; വര്‍ഗീയതക്കെതിരെ എന്നും ഉറച്ച നിലപാട് സ്വീകരിച്ചിട്ടുണ്ട്

കോഴിക്കോട്: മുസ്ലീം ലീഗിന് മറുപടിയുമായി സിപിഐഎം പിബി അംഗം പിണറായി വിജയന്‍. ബിജെപിയെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസുമായി സിപിഐഎം കൂട്ടുകൂടാനില്ലെന്ന് പിണറായി വിജയന്‍ പറഞ്ഞു. ബിജെപിയെ അധികാരത്തിലെത്തിച്ചത് കോണ്‍ഗ്രസിന്റെ ജനവിരുദ്ധനയങ്ങളാണ്. വര്‍ഗീയതക്കെതിരെ എന്നും സിപിഐഎം ഉറച്ച നിലപാടെടുത്തിട്ടുണ്ടെന്നും കോണ്‍ഗ്രസിന്റെ വര്‍ഗീയ മനോഭാവത്തോട് ലീഗിന് നിസംഗ സമീപനമാണെന്നും പിണറായി പറഞ്ഞു. വര്‍ഗീയതയെ നേരിടുമ്പോള്‍ വോട്ടിനെക്കുറിച്ചല്ല ചിന്തിച്ചിട്ടുള്ളത്. മതനിരപേക്ഷതയ്ക്കായി ഉറച്ച നിലപാടാണ് സിപിഐഎമ്മും ഇടതുപക്ഷവും സ്വീകരിച്ചിട്ടുള്ളത്.

മുസ്ലീം താല്‍പ്പര്യം സംരക്ഷിക്കാനാണ് പ്രവര്‍ത്തിക്കുന്നതെന്ന മുസ്ലീം ലീഗിന്റെ നിലപാടാണ് കാപട്യം. ബാബറി മസ്ജിദ് തകര്‍ത്ത സംഘപരിവാറിന് കൂട്ടുനിന്നത് ലീഗിന്റെ ഘടക കക്ഷിയായ കോണ്‍ഗ്രസാണ്. ലീഗ് ഉണ്ടായിരുന്ന നാല് സീറ്റ് സംരക്ഷിക്കാനാണ് ശ്രമിച്ചത്. അന്ന് മതനിരപേക്ഷതയ്ക്കുവേണ്ടി നിലകൊണ്ട വര്‍ഗീയതയ്‌ക്കെതിരെ ഉറച്ച നിലപാടെടുത്ത പ്രസ്ഥാനമാണ് സിപിഐഎം. സംഘപരിവാറിന് നിയമസഭയിലും ലോക്‌സഭയിലും സീറ്റ് ഉറപ്പിക്കാനായി ഉണ്ടായ വടകര ബേപ്പൂര്‍ മോഡലിന് നേതൃത്വം കൊടുത്ത കോണ്‍ഗ്രസിന് ഒപ്പം നില്‍ക്കാനും ലീഗിന് മടിയുണ്ടായില്ല.

ഇപ്പോള്‍ ആര്‍എസ്എസിനെ പ്രീണിപ്പിക്കുന്ന നിലപാട് ഉമ്മന്‍ചാണ്ടി തുടരെ തുടരെ എടുത്തിട്ടും അതിനെ എതിര്‍ക്കാന്‍ ലീഗ് തയാറായിട്ടില്ല. വെള്ളാപ്പള്ളി ആര്‍എസ്എസിനെ ശക്തിപ്പെടുത്താന്‍ അവര്‍ക്കൊപ്പം കൂട്ടുചേര്‍ന്നപ്പോള്‍ ഉമ്മന്‍ചാണ്ടിയും ലീഗും പ്രതികരിച്ചില്ല. ഈ ഘട്ടത്തിലെല്ലാം സിപിഐഎം പ്രതികരിച്ചു. ഒരു ഘട്ടത്തിലും നിശബ്ദരായില്ല. അങ്ങനെയുള്ള സിപിഐ എം സംഘപരിവാറിന് അനുകൂല നിലപാടാണ് എടുക്കുത്തതെന്ന ലീഗ് പ്രസ്താവന ജനങ്ങളുടെ സാമാന്യബോധത്തെ ചോദ്യം ചെയ്യുന്നതാണ്.

ഇടതുപക്ഷം ന്യൂനപക്ഷ, ഭൂരിപക്ഷ വര്‍ഗീയതയെ മാറിമാറി പ്രോത്സാഹിപ്പിക്കുകയാണെന്ന ലീഗിന്റെ പ്രതികരണം വസ്തുതാവിരുദ്ധമാണ്. വര്‍ഗീയതയ്‌ക്കെതിരെ നലപാടെടുക്കാന്‍ ലീഗിന് കഴിഞ്ഞിട്ടില്ല. സിപിഐ എം ന്യൂനപക്ഷ, ഭൂരിപക്ഷ വര്‍ഗീയതയ്‌ക്കെതിരെ ശക്തമായ നിപാടാണ് എടുത്തിട്ടുള്ളത്. അതിന്റെ തെളിവാണ് ഈ രണ്ടു ഭാഗത്തുനിന്നും ഇടതുപക്ഷത്തിനുനേരെ ഉണ്ടായിക്കൊണ്ടിരിക്കുന്ന ആക്രമണങ്ങള്‍.

ബാബു അഴിമതി നടത്തിയത് അദ്ദേഹത്തിന് വേണ്ടി മാത്രമല്ല. ബാബു അഴിമതി നടത്തിയെന്ന് കോടതിക്ക് ബോധ്യമായി. ബാബു സിപിഐമ്മിനെതിരേ ഉന്നയിച്ചത് അസംബന്ധങ്ങളെന്നും പിണറായി പറഞ്ഞു. ചെന്നിത്തലയ്ക്ക് വിജിലന്‍സ് മന്ത്രിയായി തുടരാനുള്ള അര്‍ഹത നഷ്ടപ്പെട്ടു. ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും രാജിവയ്ക്കണമെന്നും പിണറായി ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News