ദില്ലി: റിപബ്ലിക് ദിന ചടങ്ങില്‍ പ്രധാനമന്ത്രിയെ ലക്ഷ്യമിട്ട് കുട്ടികളായ ചാവേറുകളെ ഐഎസ് അയച്ചേക്കുമെന്നു രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പ്. നരേന്ദ്രമോദി കുട്ടികളുമായി സംവദിക്കാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലില്‍ ഇസ്ലാമിക് സ്‌റ്റേറ്റ് പന്ത്രണ്ടിനും പതിനഞ്ചിനും ഇടയില്‍ പ്രായമുള്ള കുട്ടികളെ അയച്ചേക്കുമെന്നാണ് രഹസ്യവിവരം. കഴിഞ്ഞവര്‍ഷം റിപബ്ലിക് ദിന ചടങ്ങുകള്‍ കഴിഞ്ഞു മടങ്ങുകയായിരുന്ന മോദി കുട്ടികളെ കണ്ടപ്പോള്‍ അവരുമായി സംസാരിക്കാന്‍ സുരക്ഷാവലയം കടന്നു പോയിരുന്നു.
ഇത്തരത്തില്‍ ചാവേറുകളാകാന്‍ പരിശീലനം സിദ്ധിച്ച കുട്ടികളെ ഇസ്ലാമിക് സ്റ്റേറ്റ് ഇതോടകം ഇന്ത്യയിലെത്തിച്ചിരിക്കാമെന്നാണ് രഹസ്യാന്വേഷണ ബ്യൂറോയുടെ മുന്നറിയിപ്പ്. ഫ്രഞ്ച് പ്രസിഡന്റ് ചടങ്ങില്‍ പങ്കെടുക്കുന്നതാണ് ഇസ്ലാമിക് സ്റ്റേറ്റിനെ കൂടുതല്‍ ചൊടിപ്പിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള എസ്പിജിക്ക് ഇതു സംബന്ധിച്ചുള്ള കരുതല്‍ നിര്‍ദേശം രഹസ്യാന്വേഷണ ബ്യൂറോ കൈമാറിയിട്ടുണ്ട്.
അതീവ ജാഗ്രത പാലിക്കാന്‍ ഇന്നും നാളെയും മറ്റന്നാളും നഗരത്തില്‍ കാണുന്ന കുട്ടികളെ നിരീക്ഷിക്കാനും ദില്ലി പൊലിസിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും ഉപയോഗിക്കാന്‍ കുട്ടികള്‍ പരിശീലനം സിദ്ധിക്കുന്നതിന്റെ വീഡിയോ കഴിഞ്ഞദിവസം ഐഎസ് പുറത്തുവിട്ടിരുന്നു. പാക് അധിനിവേശ കാശ്മിരിലെയും അഫ്ഗാനിലെയും തീവ്രവാദി ക്യാമ്പുകളിലാണ് കുട്ടികള്‍ക്ക് ആയുധ-സ്‌ഫോടക പരിശീലനം ലഭിച്ചത്. എക്കാലത്തെയും കനത്ത ജാഗ്രതയിലാണ് രാജ്യതലസ്ഥാനം ഇപ്പോള്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here